ഡെസര്‍ട്ട് ഹോക്സ് ഓഫ് റോഡ് കമ്യൂണിറ്റി. മരുഭൂമിയിലേക്ക് സാഹസിക യാത്രകള്‍ സംഘടിപ്പിക്കുന്ന ഒരു മലയാളി കൂട്ടായ്മയാണിത്. ഡെസര്‍ട്ട് ഹോക്സിന്‍റെ യാത്രകളിലേക്കും വിശേഷങ്ങളിലേക്കും. മരുഭൂമികളോടാണ് ഇവരുടെ ഇഷ്ടം. മരുഭൂമിയിലേക്കുള്ള യാത്രകളോട് തീരാത്ത പ്രണയവും. ഇവരാണ് ഡെസര്‍ട്ട് ഹോക്സ്. മൂന്നു വര്‍ഷം മുമ്പാണ് ഡെസര്‍ട്ട് ഹോക്സ് എന്ന ഈ ഓഫ് റോഡ് കൂട്ടായ്മ പിറവിയെടുക്കുന്നത്. നൂറിലധികം അംഗങ്ങള്‍ ഇന്ന് ഈ കൂട്ടായ്മയിലുണ്ട്.
എല്ലാ വാരാന്ത്യങ്ങളിലും ഇവര്‍ തങ്ങളുടെ വാഹനവുമായി മരുഭൂമികളിലേക്കിറങ്ങുന്നു. ഒരു സംഘമായി. കൃത്യനിഷ്ഠയും അച്ചടക്കവുമാണ് ഓരോ ഡ്രൈവര്‍ക്കും ഉണ്ടാകേണ്ട ഗുണം. കൃത്യമായ രീതികളും നിര്‍ദേശങ്ങളുമുണ്ട് ഈ മരുയാത്രകള്‍ക്ക്. സാഹസികതയും ആവേശവും കരുതലും നിറയുന്ന മണിക്കൂറുകളാണ് പിന്നെ. വാഹനവുമായി മരുഭൂമിയിലേക്കിറങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍ ഏറെയുണ്ട്. സുരക്ഷയ്ക്കാണ് ഇവര്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത്.
യാത്രയ്ക്കിടയില്‍ അപ്രതീക്ഷിത വെല്ലുവിളികളുണ്ടാകാം. വാഹനങ്ങള്‍ മണലില്‍ പുതഞ്ഞ് മുന്നോട്ട് നീങ്ങാതെയാകും. ടയര്‍ പഞ്ചറാകാം... പക്ഷേ ഈ വെല്ലുവിളികളെ ഒരുമിച്ച് ഇവര്‍ മറികടക്കുന്നു. മരുഭൂമികളിലേക്ക് യാത്ര പോകാന്‍ ആഗ്രഹിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അതിനുള്ള പരിശീലനവും ഇവര്‍ നല്‍കുന്നുണ്ട്. മരു യാത്രയ്ക്കുള്ള മനസും, മനസിനൊപ്പം നില്‍ക്കുന്ന ഒരു വാഹനവും വേണമെന്ന് മാത്രം.
ഒരു കുടുംബം പോലെയാണ് ഈ യാത്രകള്‍. ആഘോഷങ്ങള്‍ മരുഭൂമിക്ക് നടുവില്‍ ഒരുമിച്ച്. ഈ കൂട്ടായ്മയിലെ ഓരോ അംഗങ്ങളും വാരാന്ത്യങ്ങളിലെ ഈ യാത്രകള്‍ ആസ്വദിക്കുന്നു. അതിനായി കാത്തിരിക്കുന്നു. തങ്ങളുടെ യാത്രകള്‍ മരുഭൂമിയെ മലിനപ്പെടുത്തരുതെന്ന നിര്‍ബന്ധം ഓരോരുത്തര്‍ക്കുമുണ്ട്. ഒരു കടലാസു കഷണം പോലും മരുഭൂമിയിലേക്ക് വലിച്ചെറിയില്ല.
ഇവര്‍ ഓരോരുത്തര്‍ക്കും പുതിയ അനുഭവങ്ങളാണ് ഓരോ യാത്രയും സമ്മാനിക്കുന്നത്. ഒപ്പം ഒരു പിടി നല്ല ശീലങ്ങളും. മരുഭൂമിയെ സ്നേഹിക്കുന്ന, മരുഭൂമി നല്‍കുന്ന അനുഭവങ്ങളിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഈ കൂട്ടായ്മയുടെ ഭാഗമാകാം. ഒരുപിടി നല്ല യാത്രകള്‍ക്കായി