E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Choondu Viral

ചെങ്ങറ: ഒരു വലിയ ചതിയുടെ ദുരന്തകഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കള്ളപ്പണത്തിനെക്കുറിച്ചും കള്ളനോട്ടിനെക്കുറിച്ചുമുള്ള ചർച്ചയാണ് രാജ്യമെങ്ങും. അത്തരം ചർച്ചകൾക്ക് യാതൊരു സാധ്യതയില്ലാത്ത ഒരു ഗ്രാമത്തിലേക്കാണ് ചൂണ്ടുവിരലിന്റെ യാത്ര. ചെങ്ങറയിലെ മാതൃകാഗ്രാമത്തിലേക്ക്. ചെങ്ങറയിലെ ജീവിതസമരത്തെക്കുറിച്ച് പലരും മറന്നു തുടങ്ങിയിട്ടുണ്ടാകും. 

ചെങ്ങറ: ഒരു വലിയ ചതിയുടെ ദുരന്തകഥ 

ആദിവാസികൾക്കു പറയാൻ വാഗ്‌ദാനലംഘനങ്ങളുടെ ഒരായിരം കഥകളുണ്ട്. ചെങ്ങറ സമരത്തിലെ വാഗ്‌ദത്ത ഭൂമിയിൽ കാത്തിരുന്ന ദുരിതങ്ങൾ തുടങ്ങി അട്ടപ്പാടിയിൽ ആദിവാസികൾക്കു സർക്കാർ നൽകിയ കള്ളപ്പട്ടയം വരെ എത്തിനിൽക്കുന്ന കഥകൾ. അധ്വാനിക്കുന്ന ജനവർഗത്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന് അഭിമാനിക്കുന്ന രാഷ്‌ട്രീയകക്ഷികളും ഭരണകൂടവുമെല്ലാം ഇവിടെ പ്രതിക്കൂട്ടിലാണ്... 

സർക്കാരറിയാത്ത സങ്കടങ്ങൾ 

ചെങ്ങറ സമരം ഒരു ചരിത്രമായിരുന്നു. കിടപ്പാടത്തിനു വേണ്ടി ആദിവാസികളടക്കമുള്ള പിന്നാക്കക്കാർ ഭൂമി കൈയേറി നടത്തിയ രണ്ടുവർഷത്തിലേറെ നീണ്ട സമരം. പക്ഷേ, സമരത്തിനു ശേഷം വാഗ്‌ദത്ത ഭൂമി തേടി സർക്കാരിന്റെ വഴിയേ പോയവരുടെ സ്‌ഥിതി ദയനീയമാണിപ്പോൾ. 

ഇടുക്കി ജില്ലയിലെ കാന്തല്ലൂർ വേട്ടക്കാരൻകോവിലിലെ പുനരധിവാസം ഉദാഹരണം. സമരം ജയിച്ച സന്തോഷത്തോടെ ചെങ്ങറയിൽ നിന്ന് എത്തിയവരെ കാത്തിരുന്നതു ദുരിതങ്ങൾ മാത്രമായിരുന്നു. ചോര കുടിക്കുന്ന അട്ടകൾ അരിച്ചുനടക്കുന്ന മണ്ണിൽ കെട്ടിയ അടച്ചുറപ്പില്ലാത്ത കുടിലിൽ ആഹാരവും ശുദ്ധജലവുമില്ലാതെ ഇവർ കഴിയുന്നു. സ്‌ത്രീകളടക്കമുള്ളവർ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതു തുറസ്സായ സ്‌ഥലത്ത്. മഴയത്തു മാസങ്ങളോളം ഇവരുടെ കുടിലുകൾക്കുള്ളിൽ ചെളിക്കൂനയാണ്. ഒറ്റപ്പെട്ടുകിടക്കുന്ന സ്‌ഥലമായതിനാൽ വൈദ്യസഹായം സ്വപ്‌നം മാത്രം. 

പട്ടയമനുസരിച്ചുള്ള ഇവരുടെ സ്‌ഥലം ഇതുവരെ അളന്നുതിരിച്ചു കൊടുത്തിട്ടില്ല. റവന്യു ഉദ്യോഗസ്‌ഥർ കാണിച്ച സ്‌ഥലം പാറക്കെട്ടായിരുന്നു. വിജനപ്രദേശമായതിനാൽ ഇവിടെ കൂലിപ്പണിപോലും കിട്ടില്ല. കുടിലുകെട്ടാൻ ലഭിച്ച 3000 രൂപ കൊണ്ടാണ് ആദ്യമൊക്കെ അടുപ്പുകളിൽ തീപുകഞ്ഞത്. സൗജന്യ റേഷൻ മൂന്നു മാസത്തേക്കേ ഉണ്ടായിരുന്നുള്ളൂ. കിട്ടിയ റേഷൻകാർഡ് എപിഎൽ വിഭാഗത്തിലായതിനാൽ സൗജന്യനിരക്കിൽ അരി ലഭിക്കില്ല. പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും സ്‌ഥിതിയും ഇതുതന്നെ. പട്ടിണി മാറ്റാൻ നട്ട മരച്ചീനിക്ക്, പാറക്കെട്ടായതിനാൽ വേരുപോലും പിടിച്ചില്ല 

ദുരിതങ്ങളിൽ മനംമടുത്തു ചെങ്ങറയിൽ നിന്നെത്തിയവരിൽ ഇരുന്നൂറിൽപ്പരം കുടുംബങ്ങൾ ഇതിനിടെ മടങ്ങി. വേട്ടക്കാരൻകോവിലിലെ ദുരിതം സഹിക്കാനാകാതെ 14 കുടുംബങ്ങൾ കാന്തല്ലൂർ ഒള്ളവയൽ റോഡിലെ പെരടിപള്ളത്തുള്ള സ്‌ഥലം കയ്യേറിയെങ്കിലും ഈ ഭൂമി പട്ടയം ഉള്ളതാണെന്നു പറഞ്ഞു സ്‌ഥലമുടകൾ എത്തിയതോടെ സംഘർഷമായി. ഇവരെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റണമെന്നു കഴിഞ്ഞ ഡിസംബറിൽ ജില്ലാ കലക്‌ടർ നിർദേശിച്ചെങ്കിലും ഇതുവരെ നടപ്പായില്ല. 

ഭൂമി വാഗ്‌ദാനവുമായി ചെങ്ങറയിൽ നിന്നു കേരളത്തിന്റെ പല ഭാഗങ്ങളിലേക്കു കൊണ്ടുപോയവരുടെയെല്ലാം അവസ്‌ഥ ഇതു തന്നെ വിവിധ ജില്ല*കളിലായി കുടിയേറിപ്പാർത്ത ആയിരത്തിയഞ്ഞൂറോളം കുടുംബങ്ങളിൽ അവിടെ തുടരുന്നതു കുറച്ചുപേർ മാത്രം. വയനാട്ടിലെ കോട്ടത്തറ വില്ലേജിൽ 30 പേർക്കു ഭൂമി നൽകിയെങ്കിലും ഒരാൾ മാത്രമാണ് എത്തിയത്. കാസർകോട്, കണ്ണൂർ, പാലക്കാട്, ഇടുക്കി, വയനാട്, കൊല്ലം, മലപ്പുറം ജില്ലകളിൽ അവരെ പാർപ്പിക്കുമ്പോൾ സ്‌ഥലം ജനവാസയോഗ്യമാണോ എന്നും നിയമാനുസൃതം പട്ടയംകൊടുക്കാനാവുന്നതാണോ എന്നും അധികൃതർ നോക്കിയില്ല. കാന്തല്ലൂരിലെന്ന പോലെ പെരിയയിലെ പാറക്കെട്ടിലും അട്ടപ്പാടിയിലെ കാട്ടുപ്രദേശത്തും കൽപറ്റയിലെ മൊട്ടക്കുന്നിലുമൊക്കെ താമസത്തിനെത്തിയവരിൽ പലരും അവിടം വിട്ടുപോയിക്കഴിഞ്ഞു. ചെങ്ങറ സമര പോരാളികൾക്ക് ഇപ്പോൾ ബന്ധുവീടുകളിലും സർക്കാർ പുറമ്പോക്കിലുമൊക്കെ അഭയാർഥികളായി കഴിയേണ്ട അവസ്‌ഥയായി. ഈ ദുഃസ്‌ഥിതിക്കു പരിഹാരം തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണു ചെങ്ങറ പുനരധിവാസ സമിതി. 

പട്ടയത്തിലെ ഭൂമി തേടി പത്തു വർഷമായി മുരുകൻ 

‘2000ൽ പട്ടയം കിട്ടിയതാണ്. ഇതുവരെ അതനുസരിച്ചുള്ള സ്‌ഥലം കാണിച്ചുതന്നിട്ടില്ല. ആ സ്‌ഥലമെവിടെയാണെന്നു സർക്കാരിനു തന്നെ അറിയില്ല. പിന്നെ കാലുവയ്യാത്ത ഞാനെങ്ങനെ കണ്ടുപിടിക്കും?’ - ഊന്നുവടിയിൽ കാലൂന്നി നിന്നു മുരുകൻ ചെല്ലയ്യ രോഷത്തോടെ ചോദിച്ചു.രേഖകളിൽ മാത്രം ഭൂമിയുള്ള അനേകം ആദിവാസികളുടെ പ്രതിനിധിയാണു മുരുകൻ. ചിന്നക്കനാലിനു സമീപം വിലക്ക് കുത്തുങ്കൽത്തേരി എന്ന സ്‌ഥലത്തു സർക്കാർ ഭൂമിയിൽ കുടിൽകെട്ടി താമസിക്കുകയാണിയാൾ. രേഖകളുണ്ടെങ്കിലും ഭൂമി ലഭിക്കാത്ത 22 കുടുംബങ്ങൾ ഇവിടെ മാത്രമുണ്ട്. 

2000ൽ സർക്കാർ ആഘോഷമായി പട്ടയം നൽകിയ ആദിവാസികളാണിവർ. ഇവർക്കു പട്ടയരേഖകളിലെ ഭൂമി കണ്ടെത്തിക്കൊടുക്കാൻ ഇതുവരെ സർക്കാർ സംവിധാനങ്ങൾക്കായിട്ടില്ല. പലയിടത്തും ഭൂമിയുടെ ഉടമസ്‌ഥാവകാശം തന്നെ വിവിധ വകുപ്പുകളുടെ തർക്കത്തിൽ കുടുങ്ങിക്കിടക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്‌ഥാനത്തു പലയിടത്തും സർക്കാരിൽ നിന്നു പല കാലങ്ങളായി പട്ടയം ലഭിച്ച ആദിവാസികൾ ഭൂമിതേടി വർഷങ്ങളായി നെട്ടോട്ടമാണ്. കിട്ടിയ ഭൂമിയിലെത്തിയപ്പോൾ അതിനു വേറെ ഉടമസ്‌ഥരുണ്ടെന്നു തിരിച്ചറിഞ്ഞവരും ധാരാളം. വാഗ്‌ദാനങ്ങൾ വിശ്വസിച്ചു ഭൂസമരങ്ങളിൽ നിന്നു പിന്മാറിയവരിൽ ഭൂരിപക്ഷത്തിനും ഭൂമി സ്വപ്‌നം മാത്രം. കിട്ടിയ ‘ഭാഗ്യവാന്മാർ’ക്കാകട്ടെ, സ്വന്തമായതു താമസിക്കാനോ കൃഷിയിറക്കാനോ കഴിയാത്ത പാറക്കെട്ടുകളും. 

അട്ടപ്പാടിയിലെ ആദിവാസികൾന്റ് സർക്കാരിന്റെ കള്ളപ്പട്ടയം 

ആദിവാസികളുടെ മനസ്സ് നിറച്ച ഒരു പ്രഖ്യാപനം 1996ലെ ഇടതുമുന്നണി സർക്കാർ നടത്തി: ഭൂമി നഷ്‌ടപ്പെട്ട ആദിവാസികൾക്കെല്ലാം സർക്കാർ കൃഷിയോഗ്യമായ ഭൂമി നൽകുന്നു.പദ്ധതിയുടെ സംസ്‌ഥാനതല ഉദ്‌ഘാടനം 1999ൽ അട്ടപ്പാടിയിൽ റവന്യു മന്ത്രി കെ.ഇ. ഇസ്‌മായിലിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി ഇ.കെ. നായനാർ നിർവഹിച്ചു. ചരിത്രസംഭവത്തിനു സാക്ഷികളാവാൻ ജസ്‌റ്റിസ് വി.ആർ. കൃഷ്‌ണയ്യരും ഡോ. സുകുമാർ അഴീക്കോടുമടക്കമുള്ള സാംസ്‌കാരിക നായകരുമെത്തി. കൂര വയ്‌ക്കാൻ ഭൂമിയില്ലാത്ത ആദിവാസികളെ തേയിലത്തോട്ടം ഉടമകളാക്കുമെന്ന സർക്കാർ പ്രഖ്യാപനം കേട്ടു കേരളം കോരിത്തരിച്ചു. മലമുകളിൽ ഒന്നരക്കോടിയോളം ചെലവിട്ടു സർക്കാർ തേയില നട്ടു. സമുദ്രനിരപ്പിൽ നിന്ന് 4000 അടി ഉയരമുള്ള വരടിമലയിലാണ് ആദിവാസികൾക്കു ഭൂമി അനുവദിച്ചത്. 55 ആദിവാസികൾക്കായി 155 ഏക്കർ. (ആദിവാസികൾ തേയിലത്തോട്ടത്തിനുടമകളായി എന്ന തലക്കെട്ടിൽ പാർട്ടി പത്രവും ഇതാഘോഷിച്ചു.) 

മലമുകളിൽ എസ്‌റ്റേറ്റ് മുതലാളിമാരായി കഴിയുന്ന ആദിവാസികളെ കാണാൻ വർഷങ്ങൾക്കു ശേഷം ഞങ്ങൾ ഒരിക്കൽക്കൂടി അവിടെയെത്തി. വരടിമലയുടെ നിറുകയിലെത്തിയപ്പോൾ കണ്ടത് ആവിമാറാത്ത ആനപ്പിണ്ടങ്ങളും ആർത്തുവളരുന്ന ചൂൽപ്പുല്ലും കുറ്റിയറ്റ തേയിലച്ചെടികളും മാത്രമായിരുന്നു. മുഖ്യമന്ത്രിയിൽ നിന്നു പട്ടയം ഏറ്റുവാങ്ങിയ ആദിവാസികളെ അവിടെ കണ്ടില്ല. മലയിറങ്ങി അന്വേഷിച്ചപ്പോൾ അഗളിയിലെയും നല്ലശിങ്കയിലെയും സമതലങ്ങളിൽ അവരിൽ ചിലരെ കണ്ടെത്തി. അവർ പറഞ്ഞു: ‘സർക്കാർ തന്നതു കളളപ്പട്ടയമാണ്. ഇതിലെ ഭൂമി എവിടെ?’ 

ശരിയാണ്, സർക്കാർ കൈമാറിയതു പട്ടയം മാത്രമായിരുന്നു. ഭൂമി കൊടുത്തില്ല. കൊടുക്കാനായി കണ്ടുവച്ചതു തന്നെ വനഭൂമിയായിരുന്നു. കൈമാറ്റം ചെയ്യുന്നതു വനഭൂമിയാണെന്ന കാര്യം മറച്ചുവച്ച് ഈ ഭൂമിയുടെ പേരിൽ ആദിവാസികൾക്കു പട്ടയരേഖകൾ തയാറാക്കി. സർക്കാരിന്റെ കള്ളക്കളിക്കെതിരെ പരിസ്‌ഥിതി സംഘടനകൾ കോടതിയിലെത്തി. വരടിമലയിലേതു വനഭൂമിയാണെന്നു സർക്കാരിനു കോടതിയിൽ സമ്മതിക്കേണ്ടി വന്നു. വനഭൂമി കൈമാറ്റം നിയമവിരുദ്ധമാണെന്നു കോടതി വിധിച്ചതോടെ ആദിവാസികൾക്കുള്ള ഭൂമിവിതരണം എന്നേക്കുമായി അട്ടിമറിക്കപ്പെട്ടു. 

ചതിച്ചത് ഇടതുപാർട്ടികൾ: മുൻ സിപിഎം നേതാവ് 

അട്ടപ്പാടിയിൽ വനഭൂമിക്ക് ആദിവാസികളുടെ പേരിൽ പട്ടയം ഉണ്ടാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചു സിപിഎമ്മിന്റെ മുൻ അട്ടപ്പാടി ഏരിയ കമ്മിറ്റി അംഗം എം. ഹംസ വൈദ്യരുടെ വിശദീകരണം ഞെട്ടിപ്പിക്കുന്നതായി. ആദിവാസികൾക്കു വിതരണം ചെയ്യാനുള്ള ഭൂമി കണ്ടെത്തുന്നതു മുതൽ വനം വെട്ടിത്തെളിച്ച് അവിടെ തേയിലച്ചെടികൾ വച്ചുപിടിപ്പിക്കുന്നതു വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പാർട്ടി നിയോഗിച്ച നേതാവായിരുന്നു ഹംസ വൈദ്യർ. 

വിവാദഭൂമിയിലേക്കു തേയിലച്ചെടികൾ എത്തിക്കാൻ സർക്കാർ കരാർ നൽകിയതും ഇദ്ദേഹത്തിനായിരുന്നു. ഗ്രൂപ്പ് തർക്കങ്ങളെ തുടർന്ന് അടുത്തകാലത്തു ഹംസ വൈദ്യർ പാർട്ടിയിൽ നിന്നു പുറത്തായി. വൈദ്യരുടെ വാക്കുകൾ: ‘വരടിമലയിലേതു വനഭൂമിയാണെന്നും ആദിവാസികൾക്ക് അവിടെ ഭൂമി നൽകാൻ ഒരിക്കലും കഴിയില്ലെന്നും അന്നത്തെ റവന്യു മന്ത്രിക്ക് അറിയാമായിരുന്നു. അറിഞ്ഞുകൊണ്ടു നടത്തിയ ആദിവാസി വഞ്ചനയായിരുന്നു അത്. പാർട്ടി നിർദേശപ്രകാരം സ്‌ഥലം പരിശോധിക്കാൻ വരടിമലയിലെത്തിയ ഞാൻ കണ്ടതു സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ ബോർഡായിരുന്നു. ആദിവാസികൾക്കു ഭൂമി നൽകാനെന്ന പേരിൽ റവന്യു വകുപ്പു കണ്ടെത്തിയ സ്‌ഥലം വനമാണെന്നും ഈ ഭൂമിക്കു പട്ടയമുണ്ടാക്കാൻ കഴിയില്ലെന്നും ഞാൻ പാർട്ടിയെയും അന്നത്തെ ജില്ലാ ഭരണകൂടത്തെയും അറിയിച്ചു. 

ആദിവാസി ഭൂമി വിതരണം സർക്കാരിന്റെ അഭിമാനപ്രശ്‌നമാണെണെന്നും മറ്റൊന്നും ചിന്തിക്കേണ്ടതില്ലെന്നുമായിരുന്നു ലഭിച്ച മറുപടി. വലിയൊരു കുഴിയെടുത്തു വനം വകുപ്പിന്റെ ബോർഡും ലക്ഷക്കണക്കിനു രൂപ ചെലവിട്ടു വനംവകുപ്പു നട്ട വൃക്ഷത്തൈകളും കുഴിച്ചുമൂടാനാണു കലക്‌ടർ നിർദേശിച്ചത്. ആ നിർദേശം രഹസ്യമായി നടപ്പാക്കപ്പെട്ടു. സിപിഎമ്മും സിപിഐയും അറിഞ്ഞുകൊണ്ടായിരുന്നു ഇതെല്ലാം.’ 

‘ഇപ്പ ശര്യാക്കിത്തരാം’ 

‘വെള്ളാനകളുടെ നാട്’ എന്ന പഴയ ഹിറ്റു സിനിമയിൽ കുതിരവട്ടം പപ്പു അവതരിപ്പിക്കുന്ന ഒരു കഥാപാത്രമുണ്ട്. കേടായ റോഡ് റോളർ നന്നാക്കാൻ എത്തുന്ന മെക്കാനിക്. ആ കഥാപാത്രം ഇടയ്‌ക്കിടെ പറയുന്ന ഒരു ഡയലോഗ് പ്രശസ്‌തമാണ്: ‘ഇപ്പം ശര്യാക്കിത്തരാം’. റോഡ് റോളറിന്റെ ഓരോ ഭാഗമായി ഇളക്കിയിടുമ്പോഴും ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന ഈ കഥാപാത്രത്തെയാണു സംസ്‌ഥാന സർക്കാരിലെ ചില മന്ത്രിമാർ അനുസ്‌മരിപ്പിക്കുന്നത്. ആദിവാസി ഭൂമി പ്രശ്‌നം സംബന്ധിച്ച് എവിടെയെങ്കിലും പരാതി ഉയർന്നാൽ അപ്പോൾ തന്നെ വരും മറുപടി: ‘ഇപ്പ ശര്യാക്കിത്തരാം’. സർക്കാരിന്റെ കാലം കഴിഞ്ഞിട്ടും കാര്യമായൊന്നും ശരിയായില്ലെന്നു മാത്രം. 

മുഖ്യമന്ത്രിയും മന്ത്രിമാരും ഈ വിഷയത്തിൽ നടത്തിയ പ്രഖ്യാപനങ്ങൾ എണ്ണിയാലൊടുങ്ങില്ല. ഇതാ ചില സാംപിളുകൾ: 

1. ഈ സർക്കാരിന്റെ കാലത്തു തന്നെ മുഴുവൻ ആദിവാസികൾക്കും ഭൂമി നൽകും. 

2. വനാവകാശ നിയമം പൂർണമായി നടപ്പാക്കുന്ന ആദ്യ സംസ്‌ഥാനമായി കേരളം മാറും. 

3. അട്ടപ്പാടിയിൽ കാറ്റാടി കമ്പനി കൈയേറിയ ഭൂമി മൂന്നു മാസത്തിനകം തിരിച്ചെടുത്തു നൽകും. 

4. വയനാട്ടിൽ ഭൂമി കൈയേറിയവർക്കു മൂന്നു മാസത്തിനകം ഭൂമി നൽകും. 

5. എല്ലാ ആദിവാസികൾക്കും ഭൂമിയും വീടുമുള്ള ആദ്യ സംസ്‌ഥാനമായി കേരളം ഉടൻ മാറും. 

6. ആദിവാസികൾക്കു നൽകാനായി വയനാട്ടിൽ 50 കോടി രൂപ ചെലവിൽ 1000 ഏക്കർ ഭൂമി സർക്കാർ വാങ്ങും. 

7. നെല്ലിയാമ്പതിയിൽ കൃഷിവകുപ്പിന്റെ ഓറഞ്ച് തോട്ടം കൈയേറിയ ആദിവാസികൾക്ക് അവിടെ ഭൂമി പതിച്ചു നൽകും. 

8. ആദിവാസികളുടെ തനതു കലാരൂപങ്ങളുടെ പ്രോത്സാഹനാർഥം എറണാകുളത്തു ട്രൈബൽ കോപ്ലക്‌സ് തുടങ്ങും. 

ഇവയെല്ലാം ഇന്നും വീൺവാക്കുകൾ മാത്രമായി അവശേഷിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :