പരിസ്ഥിതിയെ മറക്കുന്ന വികസന തീവ്രവാദം

Thumb Image
SHARE

നിയമം നിര്‍ബന്ധിക്കുന്നില്ലെങ്കിലും ഒരു മുന്നറിയിപ്പുണ്ട്. ഈ പരിപാടി ഏതെങ്കിലും തരത്തില്‍ നാടിന്റെ വികസനത്തിന് എതിരല്ല. കസന തീവ്രവാദത്തോടാണ് എതിര്‍പ്പ്.

കേരളം ഇപ്പോള്‍ ഭരിക്കുന്നത് ഇടതുപക്ഷമാണ്. സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷം. പരിസ്ഥിതിക്കും മനുഷ്യനും ഇടം നല്‍കിക്കൊണ്ടുളള വികസനത്തിന് വേണ്ടി നിലകൊളളുന്നുവെന്നാണ് അവകാശവാദം. ലോകത്തിനാകെ മാതൃകയായ തണ്ണീര്‍ത്തട സംരക്ഷണനിയമം നടപ്പിലാക്കിയത് ഇടതുപക്ഷ സര്‍ക്കാരാണ്. തണ്ണീര്‍ത്തടത്തെക്കുറിച്ച് തന്നെയാണ് ഈയാഴ്ച പറയാനുളളത്. തണ്ണീര്‍തടവും അത് നിലനിര്‍ത്തുന്ന ജീവിതക്രമവും സംരക്ഷിച്ച് നിര്‍ത്താന്‍ ഒരു ജനത നടത്തുന്ന പോരാട്ടത്തെക്കുറിച്ചും.

രണ്ടു ദിവസം ഞങ്ങള്‍ കീഴാറ്റൂരിലുണ്ടായിരുന്നു. ഒരുപാട് മനുഷ്യരെ കണ്ടു. കമ്മ്യൂണിസ്റ്റുകാരാണ്. ചെങ്കൊടിയല്ലാതെ മറ്റൊന്നും കയ്യിലേന്തിയിട്ടില്ലാത്തവര്‍. അവരിലേക്കെത്തുന്നതിന് മുമ്പ് കീഴാറ്റൂരിന്റെ ഭൂമിശാസ്ത്രം നമുക്കൊന്ന് പരിശോധിക്കാം. രണ്ട് ദിവസം കൊണ്ട് പകര്‍ത്താനാവുന്നതിലും കൂടുതല്‍ ദൃശ്യങ്ങളും ജീവിതങ്ങളും പരിപാടിയിലുണ്ട്. നിരന്തരം ഈ വിഷയം പിന്തുടരുന്ന കണ്ണൂര്‍ ബ്യൂറോയിലെ ക്യാമറാമാന്‍ ജയരാജും ..... പകര്‍ത്തിയതാണ്. 

കീഴാറ്റൂരിനും സമീപ പഞ്ചായത്തുകള്‍ക്കും ഈ നെല്‍പാടങ്ങള്‍ എത്ര പ്രധാനമാണെന്ന് ഈ ദൃശ്യങ്ങളിലുണ്ട്. പാലക്കാടും കുട്ടനാടുമുളള വയലുകളും ഈ മേഖലയിലെ വയലുകളും തമ്മില്‍ വലിയ അന്തരമുണ്ട്. ഇവിടെ വയല്‍ മറ്റിടങ്ങളിലേത് പോലെ പരന്ന് നിറയുകയല്ല. ജീവിതത്തിന്റെ സംഗീതം നിറഞ്ഞ ഞരമ്പ് പോലെ നീണ്ടുനിവര്‍ന്നു കിടക്കുകയാണ്.

ചുറ്റും കുന്നുകളും, ജീവന്‍ തുടിക്കുന്ന താഴ്വരകളുമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ഈ ഗ്രാമത്തിന്റെ സ്വൈരതയിലേക്കാണ് ഒരു ഹൈവേ അപായസൈറണ്‍ മുഴക്കിയെത്താന്‍ ശ്രമിക്കുന്നത്. ദേശീയപാത വികസിപ്പിക്കാന്‍ ഈ നീര്‍ത്തടങ്ങള്‍ വേണമത്രെ. ഈ നെല്‍പാടങ്ങളില്ലെങ്കില്‍ ഇവിടെ ജീവിതവുമില്ല. കാരണം കീഴാറ്റൂര്‍ ഈ വയലുകളെ അത്രമേല്‍ സ്നേഹിക്കുന്നു. ആശ്രയിക്കുന്നു. ഈ ഗ്രാമജീവിതത്തിന്റെ ഭാഗം തന്നെയാണ് ഈ വയലുകള്‍. ഞങ്ങള്‍ കീഴാറ്റൂരിലെത്തിയതറിഞ്ഞ് കാണാനെത്തിയവരില്‍ കൂടുതലും സ്ത്രീകളായിരുന്നു. ഭരണകൂടത്തിന്റെ വികസന അജണ്ട ജനവിരുദ്ധമാകുന്നതിനെക്കുറിച്ച് ഏറ്റവും നിഷ്കളങ്കവും അതേസമയം നിശിതവുമായ ആശങ്കകളായിരുന്നു അവര്‍ പങ്കുവെച്ചത്. 

ഈ നെല്‍വയലുകള്‍ കരുപ്പിടിപ്പിച്ച ജീവിതമാണ് ഈ നാടിന്റേത്. അതുകൊണ്ട് അതാവര്‍ത്തിച്ചു പറയാന്‍ അവര്‍ക്ക് മടിയില്ല, ആരുടെ മുന്നിലും. പിന്നെയുമൊരു ജാനകിയുണ്ട്. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ജീവിതസമരത്തിന്റെ മുന്‍‍നിരയിലുളള ജാന്വേടത്തി.

തളിപ്പറമ്പിലെ കച്ചവട സ്ഥാപനങ്ങളെ രക്ഷിച്ചെടുക്കാനാണത്രേ വിലമതിക്കാനാവാത്ത മൂല്യമുളള നെല്‍വയലുകള്‍ നികത്തി പതിനേഴാം നമ്പര്‍ ദേശീയപാതക്ക് ബൈപ്പാസുണ്ടാക്കുന്നത്. നിരവധി ഗ്രാമങ്ങളെ നെടുകെ പിളര്‍ക്കുന്നത്. നിരവധി മനുഷ്യരെ പെരുവഴിയിലാക്കുന്നത്. കച്ചവട സ്ഥാപനങ്ങളുടെ നിലനില്‍പിനാണോ, അതോ ഏക്കര്‍ കണക്കിന് നെല്‍വയലുകളുടെ സംരക്ഷണത്തിനാണോ ഒരു ജനകീയ സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ടത്. ദേശീയ പാത അതോറിറ്റിക്ക് എന്തും പറയാം, ഉദ്യോഗസ്ഥരാണ്, ജനങ്ങള്‍ തിരഞ്ഞെടുത്തവരോ, ജനങ്ങളെ അഭിമുഖീകരിക്കേണ്ടവരോ അല്ല, പക്ഷെ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ അതിന് ഓശാന പാടുകയാണോ ചെയ്യേണ്ടത്. സി പി എം പോലൊരു പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ഏക്കര്‍ കണക്കിന് നെല്‍വയല്‍ നികത്താനുളള നീക്കത്തിനെതിരെ സമരരംഗത്തിറങ്ങുന്നവരെ വര്‍ഗശത്രുക്കളായി പ്രഖ്യാപിക്കുകയാണോ ചെയ്യേണ്ടത്.

ഈ ഗ്രാമത്തെക്കുറിച്ച് ചിലത് കൂടി അറിയണം. തൊണ്ണൂറ്റിയൊമ്പത് ശതമാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന്റെ അനുയായികളോ, അംഗങ്ങളോ ആണ്. പാര്‍ട്ടി ഗ്രാമം. സമീപ ഗ്രാമങ്ങളും അങ്ങനെ തന്നെ. ഇവിടെ നിന്ന് നേരെ വെച്ചുപിടിച്ചാല്‍ മൊറാഴയിലെത്താം. മൊറാഴയിലെ കര്‍ഷകസമരം ആരെല്ലാം മറന്നാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മറക്കാനാവുമോ? മറന്നിട്ടില്ലെങ്കില്‍ എങ്ങനെയാണ് എല്ലാ വര്‍ഷവും നെല്‍കൃഷി നടക്കുന്ന ഇരുന്നൂറ്റമ്പത് ഏക്കര്‍ നെല്‍വയല്‍ നശിപ്പിക്കണമെന്ന് നിലപാടെടുക്കാന്‍ കഴിയുക. 

ദേശീയ പാത അതോറിറ്റിയുടെ കണക്കില്‍ ഇരുപത്തിയഞ്ചേക്കറേ ഉളളൂ. പാടശേഖരത്തിന്റെ ഒത്ത നടുക്ക് നാല്‍പത്തിയഞ്ച് മീറ്റര്‍ റോഡിന്റെ കാര്യം മാത്രമാണ് അവരുടെ കണക്ക്. പാടശേഖരം നെടുകെ പിളര്‍ന്നാല്‍ പിന്നെ കൃഷിയെങ്ങനെ, വെളളമെവിടെ, നീരൊഴുക്കെങ്ങനെ, അരുവികളെങ്ങനെ... ഹഹ സോറി. അത്തരം ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ ദേശീയ പാത അതോറിറ്റിക്കോ, അതോറിറ്റി പൂ ചോദിക്കുമ്പോള്‍ പൂക്കാലമൊരുക്കുന്ന സംസ്ഥാനസര്‍ക്കാരിനോടോ ചോദിക്കരുത്.

സുരേഷിപ്പോള്‍ കീഴാറ്റൂരിനൊരു പ്രതീക്ഷയാണ്. സി പി എമ്മിന്റെ മുന്‍കാല ബ്രാഞ്ച് സെക്രട്ടറിയാണ്. പതിനേഴ് വര്‍ഷമായി സജീവപ്രവര്‍ത്തനമില്ല. എങ്കിലും ഇപ്പോഴും ഇടതുപക്ഷത്താണ്. സുരേഷ് മാത്രമല്ല, സമരരംഗത്തുളളവരെല്ലാം പാര്‍ട്ടിക്കാരാണ്. പാടവരമ്പില്‍ ചെങ്കൊടി കുത്തിയാണ് മണ്ണ് സംരക്ഷിക്കാന്‍ അവര്‍ പോരാടുന്നത്. സമരങ്ങളുടെ വേലിയേറ്റത്തില്‍ കലങ്ങിയ കീഴാറ്റൂരിന്റെ വയല്‍തടങ്ങളില്‍ കൊയ്ത്തിനിറങ്ങിയവര്‍ക്ക് ഈ മണ്ണിന്റെ രാഷ്ട്രീയത്തെക്കുറിച്ച് രാഷ്ട്രീയവിദ്യാഭ്യാസം തീരെപ്പോര. 

വയല്‍ നികത്തലിനെതിരെ കേരളമാകെ സമരം ചെയ്തത് ഇടതുപക്ഷം. വയല്‍ നികത്തുന്നത് തടയാന്‍ നിയമം കൊണ്ടുവന്നത് ഇടതുപക്ഷം. ദേശീയതലത്തില്‍ നിയമം വേണമെന്നാവശ്യപ്പെട്ടത് ഇടതുപക്ഷം. ഹൈവേ വികസനത്തിന് വയല്‍ നികത്തുന്നതിനെതിരെ സമരം ചെയ്തവരെ പാര്‍ട്ടിവിരുദ്ധരായി മുദ്രകുത്തുന്നതും സി പി എം. സമരത്തെ പാര്‍ട്ടിവിരുദ്ധമെന്ന് മുദ്രകുത്തിയത് സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി.

വികസനവിരുദ്ധരെന്ന പഴയ ഇമേജ് മാറ്റാനുളള തീവ്രശ്രമത്തിലാവണം സി പി എം. അതുകൊണ്ടാണ് പരിസ്ഥിതിക്ക് വേണ്ടിയുളള പോരാട്ടങ്ങളോട് ഇത്ര അസഹിഷ്ണുത. പോരാട്ടം മുന്നില്‍ നിന്ന് നയിക്കേണ്ടവരാണ് പിന്നില്‍ നിന്ന് കുത്തുന്നത്. എങ്കിലും ഇപ്പോഴും ഇന്നല്ലെങ്കില്‍ നാളെ പാര്‍ട്ടി ഒപ്പം നില്‍ക്കുെമന്ന ശുഭപ്രതീക്ഷയുളളവരുമുണ്ട്.

അതെ പരിസ്ഥിതിക്കും അതിജീവനത്തിനും വേണ്ടിയുളള സമരങ്ങളെ പരിസ്ഥിതിതീവ്രവാദം എന്ന് ലേബലൊട്ടിച്ച് അധിക്ഷേപിക്കുന്നവര്‍, അതിരപ്പിളളി പദ്ധതിക്ക് വേണ്ടി ഒരേപോലെ വാദിക്കുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനായാലും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായലും ഒന്നോര്‍ക്കണം. നിങ്ങള്‍ വികസനതീവ്രവാദികളെന്ന ലേബല്‍ പേറേണ്ടിവരും.

പശ്ചിമ ബംഗാളില്‍ സി പി എം നാമാവശേഷമായിരിക്കുന്നു. എത്ര അവഗണിച്ചാലും നന്ദിഗ്രാമും സിംഗൂരും പാര്‍ട്ടിയുടെ കടപുഴക്കുന്നതില്‍ നിര്‍ണായകമായെന്ന് സമ്മതിക്കാതെ തരമില്ല. നന്ദിഗ്രാമുകള്‍ സ്വാഭാവികമായി ഉണ്ടാകുന്നതല്ല. ഭരണകൂടം സൃഷ്ടിക്കുന്നതാണ്. നന്ദിഗ്രാമില്‍ നിന്ന് സി പി എം എന്ത് പഠിച്ചുവെന്ന് സംശയം തോന്നിക്കുന്നതാണ് കീഴാറ്റൂരിലടക്കം, അതിരപ്പിളളിയിലടക്കം സി പി എം സ്വീകരിക്കുന്ന നിലപാടുകള്‍.

നിലം മണ്ണിട്ടുയര്‍ത്തി ഹൈവേ വന്നാല്‍ സ്വാഭാവിക നീരൊഴുക്കിനും കുടിവെളള ലഭ്യതയ്ക്കും വലിയ ആഘാതമേല്‍ക്കുമെന്ന് അധികൃതര്‍ക്കും അറിയാത്തതല്ല. അതുകൊണ്ടാണല്ലോ പകരം കുടിവെളളമെത്തിക്കാമെന്ന് ജയിംസ് മാത്യു എം എല്‍ എ അടക്കം വാഗ്ദാനം ചെയ്യുന്നത്.

വിലമതിക്കാനാവാത്ത ജൈവവൈവിധ്യത്തിന് പകരം വെക്കാന്‍ എന്താണുളളതെന്ന് കൂടി വികസനതീവ്രവാദികള്‍ വ്യക്തമാക്കേണ്ടിവരും. കീഴാറ്റൂരിലെയും സമീപഗ്രാമങ്ങളിലെയും വയലും, ജീവിതവും കീറിമുറിച്ച് കടന്നുപോകേണ്ട ഹൈവേ ബൈപ്പാസിന് പക്ഷെ ബദലുണ്ട്. 

പരിസ്ഥിതിക്കും മനുഷ്യര്‍ക്കും ആഘാതമുണ്ടാക്കാത്ത ബദലുകളുണ്ടായിട്ടും അംഗീകരിക്കപ്പെടുന്നില്ല. താരതമ്യേന നിരരുപദ്രവകരമായ ബദലുകളോട് മുഖം തിരിക്കുന്നവരുടെ അജണ്ട വേറെയാണ്. അവര്‍ കുന്നിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ്. അവര്‍ നികത്തപ്പെടുന്ന വയലുകളുടെ സ്ഥാനത്തുയര്‍ന്നു വരുന്ന നാലുവരിപ്പാതക്കിരുവശവും ഭൂമി വാങ്ങിക്കൂട്ടാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ്. 

പരിഹസിക്കപ്പെട്ടതില്‍ നിന്ന് ലഭിച്ച ഊര്‍ജമാണ് വയല്‍ക്കിളികളെന്ന സുന്ദരമായ പേര് സ്വീകരിക്കാന്‍ സമരക്കൂട്ടായ്മക്ക് പ്രേരണയായത്. വയല്‍ക്കിളികളെന്ന പേര് പോലെ തന്നെ ജാനുക്കിളിയുടെയും സുരേഷ് കിളിയുടെയുമൊക്കെ സമരവും ഒന്നാന്തരം കവിതയാണ്. അത് കാലഘട്ടത്തിന്റെ വെല്ലുവിളികളോട് നേരിട്ട് സംവദിക്കുന്നുണ്ട്.

കീഴാറ്റൂര് പോലെ, അതിരപ്പിളളി പോലെ, ചെങ്ങറ പോലെയുളള സമരങ്ങളാണ് പുതിയ കാലത്തിന്റെ പ്രതീക്ഷ.. അല്ലാതെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ ജനരക്ഷയോ, ജനജാഗ്രതയോ, പടയൊരുക്കമോ അല്ല. അതിജീവനത്തിന്റെ പോരാട്ടങ്ങള്‍ അവിടവിടെയായി ഉയര്‍ന്നുവരുമ്പോള്‍ മുഖ്യധാരയിലെ ആഢംബരങ്ങള്‍‍ പരിഹാസ്യമാകും. പോരാട്ടം ദാവീദും ഗോലിയാത്തും തമ്മിലാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം.

MORE IN CHOONDU VIRAL
SHOW MORE