E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday October 21 2017 04:32 AM IST

Facebook
Twitter
Google Plus
Youtube

വയനാട് മാറുന്നു; കേരളത്തിന് മുന്നറിയിപ്പു നല്‍കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശങ്ങളിലൊന്നാണ് വയനാട്. പ്രശാന്തസുന്ദരമായ കാലാവസ്ഥയായിരുന്നു വയനാടിന്റെ ഏറ്റവും വലിയ സവിശേഷത. കേരളത്തിലേറ്റവുമധികം മഴ പെയ്യുന്ന പ്രദേശമായിരുന്നു വയനാട്. എയര്‍ കണ്ടീഷണറോ, ഫാനോ വര്‍ഷത്തിലൊരിക്കലും ആവശ്യമില്ലായിരുന്നു വയനാട്ടില്‍ ജീവിക്കാന്‍. ചൂണ്ടുവിരല്‍ പരിപാടി ആരംഭിച്ചതിന് ശേഷം അഞ്ച് തവണ വയനാട്ടിലേക്ക് പോയിട്ടുണ്ട്. ഓരോ തവണയും വയനാടുകാര്‍ പറയും, ഇതല്ല, ഇതായിരുന്നില്ല ഞങ്ങളുടെ വയനാട്. ഇതിലും മനോഹരമായിരുന്നുവെന്ന്. വയനാടിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വയനാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുളള മാറ്റങ്ങള്‍ കേരളത്തിനാകെ ഒരു സൂചനയാണോ? ഇതെല്ലാമാണ് ഈയാഴ്ചത്തെ ചൂണ്ടുവിരല്‍ പരിശോധിക്കുന്നത്. കാരണം കേരളത്തിലേറ്റവുമധികം മഴ ലഭിച്ചിരുന്ന വയനാട്ടില്‍ ഈ വര്‍ഷം ഇതുവരെയുളള കണക്കുകള്‍ പരിശോധിച്ചാല്‍ ലഭിക്കേണ്ടതിന്റെ പകുതിയില്‍ താഴെ മഴ മാത്രമാണ് ലഭിച്ചത്.

കേരളത്തിലെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി വയനാട്ടിലെ കാലാവസ്ഥക്ക് വലിയ പ്രത്യേകതകളുണ്ടായിരുന്നു. വര്‍ഷം മുഴുവന്‍ വയനാട്ടില്‍ മഴ പെയ്തിരുന്നു.മഴക്കാലത്തിനായുളള കാത്തിരിപ്പുപോലും വയനാടിന് സവിശേഷമായിരുന്നു. 

മഴയുടെ ലഭ്യതയിലുളള കുറവിനേക്കാള്‍ കര്‍ഷകരെയും പരിസ്ഥിതിപ്രവര്‍ത്തകരെയും ആശങ്കപ്പെടുത്തുന്നത് മഴയുടെ സ്വഭാവത്തില്‍ വന്ന മാറ്റമാണ്. മാസങ്ങളോളം ശാന്തമായി പെയ്തിരുന്ന വയനാടന്‍ മഴ ഇന്നില്ല. ഇന്നൊരു പെയ്ത്താണ്. മഴയുടെ ലഭ്യതയിലുളള മാറ്റം മാത്രമല്ല ആശങ്കകളുയര്‍ത്തുന്നത്. അന്തരീക്ഷത്തിന്റെ സ്വഭാവമപ്പാടെ മാറിയിരിക്കുന്നു. പ്രത്യേകിച്ചും അന്തരീക്ഷതാപനില. എങ്ങനെയാണ് വയനാട് ഇങ്ങനെ ദ്രുതഗതിയില്‍ മാറിയത്. കാരണങ്ങള്‍ പലതുണ്ട്. അതിനാദ്യം വയനാടിന്റെ ചരിത്രം പഠിക്കണം. പല തലങ്ങളിലുളള കുടിയേറ്റം വയനാടിന്റെ ചരിത്രവുമായി ഇഴുകിച്ചേര്‍ന്ന് കിടക്കുന്നു. 

ആധുനിക കുടിയേറ്റം വയനാടിന്റെ മണ്ണില്‍ വരുത്തിയ മാറ്റം വളരെ വലുതാണ്. വയനാടിന്റെ മണ്ണിന്റെ സ്വഭാവത്തിലും സവിശേഷമായ സൂക്ഷ്മകാലാവസ്ഥയിലും ആധുനിക കുടിയേറ്റകാലം വളരെ വലുതായിരുന്നു. ആധുനികകുടിയേറ്റത്തിനും മുമ്പ് വയനാട് മാറിത്തുടങ്ങിയിരുന്നു. ബ്രിട്ടീഷുകാരാണ് അത് തുടങ്ങിവെച്ചത്. വന്‍തോതിലുളള വനനശീകരണത്തിന് തുടക്കം കുറിച്ചത് ആ കാലത്താണ്. സ്വാഭാവികവനത്തിന് പകരം പലയിടത്തും പ്ലാന്റേഷനുകളായി. വയനാടന്‍ മണ്ണിന്റെ ഘടനയെത്തന്നെ മാറ്റിമറിച്ചു പ്ലാന്റേഷനുകള്‍.

വയനാട്ടിലെ കൃഷിരീതികളില്‍ വന്ന മാറ്റവും പരിസ്ഥിതിയുടെ ബാലന്‍സ് തെറ്റിച്ചു. പ്രത്യേകിച്ചും ലാഭം മാത്രം ലക്ഷ്യമിട്ടു നടന്ന ദ്രുതഗതിയിലുളള വിളമാറ്റങ്ങള്‍. മണ്ണിന്റെ ഘടനക്ക് ചേരാത്ത വിളകള്‍ ലാഭകരമായി വിളയിച്ചെടുക്കാന്‍ രാസവളങ്ങളും കീടനാശിനികളും വേണ്ടിവന്നു. അത് മണ്ണിനെയും വെളളത്തെയും ഒരുപോലെ മലിനമാക്കി. അര്‍ബുദരോഗികളുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യം വയനാടിന്റെ ഭാവിക്ക് മുന്നിലുളള വലിയ ചോദ്യച്ചിഹ്നമാണ്.

കബനീ നദിയുടെ സ്വഭാവത്തിലും വലിയ മാറ്റങ്ങള്‍ വന്നു. വയനാടിനെ സംബന്ധിച്ചിടത്തോളം കബനിയുടെ ആരോഗ്യം വയനാടിന്റെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. കബനിയിലെ വെളളം ഇന്ന് വയനാടിനെ നനക്കുന്നില്ല. ആ വെളളം കര്‍ണാടകയിലെ വരണ്ട പീഠഭൂമികളിലെ കാര്‍ഷികമേഖലയെ സമൃദ്ധമാക്കാന്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇപ്പുറത്ത് കബനിയോട് ചേര്‍ന്ന് കിടക്കുന്ന പുല്‍പ്പള്ളിയും, മുളളന്‍കൊല്ലിയും വരണ്ടുകൊണ്ടിരിക്കുകയാണെന്ന് പലരും മറന്നുപോകുന്നു. വര്‍ഷം മുഴുവന്‍ നിറഞ്ഞൊഴുകുന്ന കബനി ഇന്നൊരോര്‍മ്മച്ചിത്രം മാത്രമാണ്. വേനലിനും മുമ്പേ കബനിയിപ്പോള്‍ വറ്റിവരണ്ടുപോകും. 

വയനാടിന്റെ ആകാശവും ഭൂമിയും വെളളവും അതിവേഗം മാറുകയാണ്. ജൈവസമ്പുഷ്ടമായിരുന്ന ഒരു ഭൂപ്രദേശം വരണ്ടുകൊണ്ടിരിക്കുകയാണ്.  പ്രകൃതിയിലെ മാറ്റം മനുഷ്യനെ നേരിട്ട് ബാധിച്ചുതുടങ്ങിയിരിക്കുന്നു. മനുഷ്യനും മൃഗങ്ങളും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷം അതിലേറ്റവും പ്രധാനപ്പെട്ടതാണ്. മൃഗങ്ങളെ കുറ്റം പറയുന്നതില്‍ കഥയില്ല. അവരല്ലല്ലോ, ഈ ദുരന്തം വിളിച്ചുവരുത്തിയത്. അനിയന്ത്രിതമായി പാറപൊട്ടിച്ചതും കാട് വെട്ടിത്തെളിച്ചതും മൃഗങ്ങളല്ലല്ലോ, നമ്മളല്ലേ.  കാട് ചുരുങ്ങുകയും, വെളളവും ഭക്ഷണവുമില്ലാതാവുകയും ചെയ്താല്‍ മൃഗങ്ങള്‍ പിന്നെയെങ്ങനെ പ്രതികരിക്കാനാണ്. 

വയനാട്ടിലെ കാലാവസ്ഥാവ്യതിയാനം ഏറ്റവുമധികം ബാധിച്ചത് വയനാട്ടിലെ കാര്‍ഷികമേഖലയെ തന്നെയാണ്. വയനാടിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലിനെത്തന്നെ. വയനാട്ടിലെത്തിയ ഞങ്ങള്‍ പുല്‍പ്പളളിയിലെ ഒരു കര്‍ഷകനൊപ്പം കുറേയേറെ സമയം ചെലവഴിച്ചു. ഓര്‍മവെച്ച നാള്‍മുതല്‍ ഈ മണ്ണിലധ്വാനിച്ച് ജീവിക്കുന്ന വെങ്കിടദാസിനെ. ചെറുകിട കൃഷിക്കാരനല്ല വെങ്കിടദാസിന്ന്. നെല്ലും, കാപ്പിയും, പച്ചക്കറികളും, ഓറഞ്ചുമെല്ലാമുണ്ട്. 

ഓണത്തിന് ചേനയുടെ വിളവെടുക്കുകയായിരുന്നു വെങ്കിടദാസിന്റെ ജോലിക്കാര്‍. നിരാശയാണ് മണ്ണിനടിയില്‍ കാത്തിരുന്നത്. മണ്ണിന്റെ തണുപ്പും ഈര്‍പ്പവുമൊക്കെ കുറഞ്ഞതോടെ വിളവ് മോശമായിതുടങ്ങി. ഗന്ധകശാല പോലെയുളള അപൂര്‍വയിനം നെല്ലും കൃഷി ചെയ്യുന്നുണ്ട് വെങ്കിടദാസ്. വയനാടിനോട് മഴ വല്ലാതങ്ങു പിണങ്ങിയതോടെ വിതച്ച നെല്ല് കൊയ്തെടുക്കാമെന്ന പ്രതീക്ഷയും അസ്തമിക്കുകയാണ്. കൃഷിയും കൃഷിപ്പണിയും ഇല്ലാതായാല്‍ പണിപോകുന്നത് സാധാരണക്കാര്‍ക്കല്ല. ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കേണ്ട കാട്ടുനായ്ക്കരടക്കമുളള ആദിവാസികള്‍ക്കാണ്.

മണ്ണിലെ അധ്വാനം കഴിഞ്ഞാല്‍ വയനാട് അധ്വാനിക്കുന്നത് കാലിത്തൊഴുത്തിലാണ്. ക്ഷിരസഹകരണസംഘങ്ങള്‍ നല്‍കുന്ന ഊര്‍ജം ചോരുന്നത് വയനാടിന് സങ്കല്‍പ്പിക്കാനാവില്ല. പക്ഷെ, പാലുല്‍പാദനത്തിലെ കുറവ് കണക്കുകളില്‍ തെളിഞ്ഞുവന്നുതുടങ്ങി. പാലില്‍ എണ്‍പത്തിയേഴ് ശതമാനവും വെളളമാണെന്ന് സജി പറയുമ്പോള്‍ ആരും അമ്പരക്കേണ്ടതില്ല. അത് കര്‍ഷകരൊഴിക്കുന്ന വെളളമല്ല, പാലിന്റെ സ്വാഭാവിക ഉളളടക്കമാണ്. ഒന്നുറപ്പിച്ചുപറയാം. നൂറുശതമാനവും വെളളത്തെ ആശ്രയിച്ച് നിലനില്‍ക്കുന്ന വ്യവസായമാണ് ക്ഷീരമേഖല. കാര്‍ഷികമേഖലയിലെ തളര്‍ച്ചയെ ടൂറിസം കൊണ്ട് മറികടക്കാമെന്നാണ് പലരുടെയും ധാരണ. കാരണം, വരണ്ടുണങ്ങിയ, ഫാനിടാതെ ഉറങ്ങാന്‍ കഴിയാത്ത വയനാട് കാണാന്‍ ആരുവരുമെന്നാണ്.

ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന വയനാടിന്റെ സൂക്ഷ്മകാലാവസ്ഥയെ ബലപ്പെടുത്താതെ ഒരു വിനോദസഞ്ചാരത്തിനും വയനാടിനെ രക്ഷിക്കാനാവില്ല. ഡക്കാന്‍ പീഠഭൂമിയെന്നൊക്കെ പറഞ്ഞ് വെറുതെ അതിശയോക്തി ഉണ്ടാക്കുകയല്ല. കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് മഴ കുറ‍ഞ്ഞുകൊണ്ടിരിക്കുന്നത്, വരണ്ടുപോകുന്നത്. പഠിച്ചവരുടെ പേടിയാണെന്ന് കരുതരുത്. അഞ്ചാം ക്ലാസ് വരെയേ വെങ്കിടദാസ് പഠിച്ചിട്ടുളളൂ. ഈ മണ്ണിന്റെ മണവും രുചിയും അയാള്‍ക്ക് നന്നായറിയാം. അതിങ്ങനെ നോക്കിനോക്കിനില്‍ക്കെ മാറിക്കൊണ്ടിരിക്കുന്നത് അയാള്‍ നന്നായി തിരിച്ചറിയുന്നുണ്ട്.

വയനാടിനെക്കുറിച്ച് മാത്രമെന്താണ് പറയുന്നതെന്ന് സംശയിക്കേണ്ട. കേരളമാകെ ഈ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാറിലും, കുട്ടനാട്ടിലും, വയനാട്ടിലുമൊക്കെ അതെളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും. കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായ മാറ്റമല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേരളമാകെ തരിശാകുന്ന കാലം വിദൂരമല്ലെന്ന് പ്രഖ്യാപിക്കുന്നത് 2017 ലെ ഈ ഓണക്കാലത്ത് ഒട്ടും അതിശയോക്തിയല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.