E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:14 AM IST

Facebook
Twitter
Google Plus
Youtube

More in Special Programs

ബൗണ്ടറി ലൈൻ; അതിരുകൾ അലിയട്ടെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അന്ന് തുടങ്ങിയതാണ്, അറുപതാണ്ടിന് മുന്‍പ് . അവര്‍ വെള്ളക്കാര്‍ വെട്ടിമുറിച്ച ആ നാള്‍ മുതല്‍. തൊട്ടുരുമ്മി കിടന്നിട്ടും തമ്മിലൊരുമിക്കാതെ തല്ലുകൂടികൊണ്ടേയിരുന്നു നമ്മള്‍. അമേരിക്കയും ക്യൂബയും പോലെ ഉത്തരകൊറിയയും ദക്ഷിണകൊറിയയും പോലെ അടുത്തുകിടന്നിട്ടും അടികൂടുന്ന അയല്‍ക്കാരുടെ പട്ടികയില്‍ ഒന്നാമതായി. അപ്പോഴും അങ്ങനെയെങ്ങനെ പറഞ്ഞുതീരാത്ത ഈ കലഹങ്ങള്‍ക്കിടയിലും നമ്മള്‍ കരളിലെടുത്ത ചിലതുണ്ട്. പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ ഒരുപാട്ടുസന്ധ്യയുണ്ടെന്നറിഞ്ഞാല്‍ അതുമതി ഇവിടെ നമ്മുടെ സ്വപ്നനഗരികള്‍ നിറഞ്ഞുകവിയാന്‍. നമ്മുടെ കിങ് ഖാന്റെ ഒരു പുതിയപടമെത്തിയെന്നറിഞ്ഞാല്‍ അതുമതി അതുമാത്രംമതി ലാഹോര്‍ ആ കൊട്ടക വഴിയിലേക്കൊഴുകാന്‍. ഒപ്പം ഇതിനൊപ്പം, അല്ല ഇതിനെല്ലാം മുകളില്‍ മറ്റൊന്നുകൂടിയുണ്ട്. ക്രിക്കറ്റ്. എല്ലാ അതിരുകളുമലിയുന്ന നമ്മുടെ മറ്റൊരു ലഹരി.

വിജയ് ഗോയലും മാറ്റിപ്പറഞ്ഞില്ല, അതിര്‍ത്തിയില്‍ വെടിയൊച്ച മാത്രം കേള്‍ക്കുമ്പോള്‍, നൂറ്റൊന്നു പറഞ്ഞിട്ടും അവര്‍ നുഴഞ്ഞുകയറിയെത്തുമ്പോള്‍ എന്തിനാണ് ഒരു കളിത്തട്ടുകൂട്ടെന്ന നിലപാടെടുത്തു. അങ്ങനെ പറയുന്നവരില്‍ ആദ്യത്തെയാളല്ല ഗോയല്‍. ഇരുകൂട്ടര്‍ക്കും ഈ കളി കളിയല്ല എന്നും കാര്യം തന്നെയായിരുന്നു. ഈ കളി എന്നും തീക്കളിതന്നെയായിരുന്നു. പാക്കിസ്ഥാനെന്നുവരുമ്പോള്‍ ബാറ്റിനൊപ്പം ബോളെന്നതിനേക്കാള്‍ ബാറ്റിനൊപ്പം ബുള്ളറ്റെന്നു ചേര്‍ത്തുവായിച്ചാണ് നമുക്ക് ശീലം. അല്ല ശീലമല്ല ദുശീലം.

കളി ഒട്ടും കളര്‍ഫുളല്ലാത്ത ഒരു കാലം. അമ്പതുകള്‍. രാജ്യം മറ്റൊരു പലായനം കണ്ടു. ആ ആള്‍ക്കൂട്ടത്തിന്റെ ലക്ഷ്യം ലാഹോറായിരുന്നു. പാക്കിസ്ഥാനൊരുക്കി വിളിച്ച കളിത്തട്ടുകാണാന്‍ ഒരു കടലായൊഴുകി ജനം. ലാലാ അമര്‍നാഥും അബ്ദുല്‍ ഹഫീസ് കര്‍ദാറുമായിരുന്നു ഇരുടീമുകളേയും നായകര്‍. അംപയറെച്ചൊല്ലി ഇരുനായകന്മാരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായതൊഴിച്ചാല്‍ ഇന്ത്യാ പാക് ക്രിക്കറ്റ് ബന്ധത്തിന് ആ യാത്ര ഗുണം ചെയ്തു. ആരും ജയിക്കാതെയവസാനിച്ച ആ അഞ്ചുമല്‍സരങ്ങളുടെ പരമ്പര ഒരുപാടു ഒരുപാടു മനസുകളെ ജയിച്ചു. കളി ജയിക്കാനായിലെങ്കിലെന്താ നാം എല്ലാ വൈരങ്ങളേയും വിജയിച്ചുവെന്ന് അന്നത്തെ ബിസിസിഐ പ്രസിഡന്റ് മഹാരാജ് കുമാര്‍ പ്രഖ്യാപിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പാക് പരമ്പരയായിരുന്നില്ല അത്. തൊട്ടുമുന്‍പത്തെ വര്‍ഷം അഞ്ചുമല്‍സരങ്ങളുടെ പരമ്പരകള്‍ക്കായി അബ്ദുല്‍ ഹഫീസ് കര്‍ദാറിന്റെ തന്നെ ടീം ഇന്ത്യയിലെത്തിയിരുന്നു. ലാലാഅമര്‍നാഥും വിജയ് ഹസാരെയും വിനൂ മങ്കാദുമെല്ലാം ചേര്‍ന്ന ഇന്ത്യയുടെ ഭാഗത്തായിരുന്നു അന്നു ജയം. ഇന്ന് ചെപ്പോക്കിലെ സ്റ്റേഡിയം അറിയപ്പെടുന്ന പേരിനുടമയായ എം.എ.ചിദംബരം ബിസിസിഐയുടെ തലപ്പത്ത് ഇരുന്ന അറുപതുകളുടെയാദ്യവും ഇന്ത്യ പാക്കിസ്ഥാനുവേണ്ടി കളിത്തട്ടൊരുക്കി. എന്നാല്‍ തോല്‍ക്കാതിരിക്കാന്‍ ഇരുടീമുകളും ശ്രമിച്ച ആ മല്‍സരം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിരസമായ ടെസ്റ്റ് മല്‍സരങ്ങളിലൊന്നായി. പാക് താരം ഹനീഫ് മൊഹമ്മദിനെ ഇന്ത്യന്‍ ആരാധകന്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പക്വമായ ഇടപെടലുകള്‍ കാര്യങ്ങളെ കൈപ്പിടിയില്‍ നിര്‍ത്തി. കളിയങ്ങനെ അതിരോര്‍മകള്‍ അലിയിച്ചുപോകവേയെത്തിയ പാക് പ്രകോപനം ആദ്യമായി കളി കാര്യമാക്കി. 1965 ലെ യുദ്ധത്തിലേക്കു നയിച്ച പാക്കിസ്ഥാന്റെ ഓപറേഷന്‍ ജിബ്രാള്‍ട്ടര്‍ എന്ന നുഴഞ്ഞുകയറ്റശ്രമം കളിത്തട്ടുകളുടെ കവാടം കൊട്ടിയടപ്പിച്ചു.

പലകുറി തോക്കെടുത്ത പതിനെട്ടുവര്‍ഷങ്ങള്‍ക്കുശേഷ‌ം വീണ്ടുമൊരു മല്‍സരമെത്തിയത് 1978 ല്‍. കളിയാരവങ്ങളെ വീണ്ടെടുത്തത് അടിയന്തരാവസ്ഥാകാലത്തിന് ശേഷം അധികാരത്തിലെത്തിയ മൊറാര്‍ജി ദേശായി നയിച്ച ജനതാഗവണ്‍മെന്റ്. അന്നത്തെ വിദേശകാര്യമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഇടപെടലുകളും മൈതാനത്തെ മഞ്ഞുരുക്കി. 1978 ല്‍ പാക്കിസ്ഥാനും 79 ല്‍ ഇന്ത്യയും ആതിഥേയരായി. അതത് ഹോംഗ്രൗണ്ടുകളില്‍ ഇരുടീമുകളും വിജയിച്ചു. എന്നാല്‍ യുദ്ധകാലത്തെ ഇടവേളകള്‍ക്ക് ശേഷം തിരികെയത്തിയ കളി തനിച്ചായിരുന്നില്ല. രാഷ്ട്രീയക്കാരുടെ കൈപിടിച്ചായിരുന്നു ആ കടന്നുവരവ്. ഇരുരാജ്യങ്ങളുടേയും ഭരണകൂടങ്ങള്‍ക്കും നേതാക്കള്‍ക്കും കായികസംഘടനകള്‍ക്കുമെല്ലാം ക്രിക്കറ്റ് കായികവിനോദമെന്നതിനപ്പുറത്ത് നയതന്ത്രവിഷയമായി കഴിഞ്ഞിരുന്നു. പിന്നീട് അതിര്‍ത്തിയില്‍ ഉയരുന്ന ഓരോ വെടിമുഴക്കത്തിനും വിലക്കെന്ന പരിഹാരം വന്നു. അംപയര്‍മാര്‍ വരെ രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണം പരമ്പരകളുടെ മാറ്റുകെടുത്തി. കൈവിട്ട കളികളില്‍ കാണികളുടെ കയ്യൂക്കും കണ്ടു. 1986 ല്‍ അഹമ്മദബാദ് ടെസ്റ്റില്‍ ഇന്ത്യന്‍ ആരാധകര്‍ പാക് താരങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. 1989 ലെ കറാച്ചി ടെസ്റ്റില്‍ പാക് ആരാധകര്‍ തിരിച്ചെറിഞ്ഞു പകരം വീട്ടി. സമാന്തരസൗഹൃദമെന്ന സാധ്യതയില്‍ നിന്ന് ക്രിക്കറ്റ് സങ്കുചിതവാദത്തിലേക്ക് ചുരുങ്ങിയതും പിന്നീട് കണ്ടു. തൊണ്ണൂറുകളില്‍ വാങ്കഡേയിലും ഫിറോസ് ഷാ കോട്ലയിലും ശിവസേന പിച്ചു തകര്‍ത്തു. സുരക്ഷാ കാരണങ്ങളാല്‍ അനിശ്ചിതത്വലായ പരമ്പരകള്‍ക്ക് കാര്‍ഗില്‍ യുദ്ധത്തോടെ തീരുമാനമായി. 2003 ല്‍ വാശിമറന്ന് വീണ്ടുമൊന്നിച്ചെങ്കിലും മുംബൈ ആക്രമണത്തോടെ പൂര്‍ണമായും നാം പിന്‍വാങ്ങി. യുദ്ധമോ വിനോദമോ ഒന്നുമതിയെന്ന സമീപനം ഇന്നും തുടരുന്നു

എം.ആര്‍.എഫ് ഏന്തിയ ഒന്നല്ല ഒരായിരം ടെണ്ടുല്‍ക്കര്‍മാര്‍ നമുക്കിടയിലുണ്ട്. എന്തെന്നാല്‍ ഒരു സ്റ്റംപ് കുത്താന്‍ ഇടമുള്ള വഴികളെല്ലാം നമുക്ക് മൈതാനങ്ങളാണ്. രാപ്പകല്‍ റണ്ണും റണ്ണപ്പുമായി നാം അവിടങ്ങളെ ഈഡനും ചെപ്പോക്കുമാക്കിയിട്ടുണ്ട്. ഐസിസിയേക്കാള്‍ നൂറുമടങ്ങ് ഈ കളിയെ പരിഷ്കരിച്ച് പരിമിതികളിലും പ്രിയങ്കരമാക്കിയിട്ടുണ്ട്. പാക്കിസ്ഥാനിലെ കെട്ടുപന്തുകള്‍ക്കും പറയാനുണ്ടാകും ഇതുപോലെ ഒരുനൂറു ചില്ലുടച്ച കഥകള്‍. അതെ അത്രമേല്‍ ക്രിക്കറ്റ്പൂത്തുലഞ്ഞ ഇടങ്ങള്‍ വേറെയുണ്ടാകില്ല.

പ്രതിഭകള്‍ക്ക് ഒരുകാലത്തും ഇന്ത്യാ പാക് നിരയില്‍ പഞ്ഞമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിലക്കുകളും ഈ വിവാദങ്ങളും നിഷേധിക്കുന്ന മറ്റൊന്നുകൂടിയുണ്ട്. പ്രതിഭകളുടെ പോരാട്ടവേദിയാണ് വാശികളെടുക്കുന്നത്. വസീം അക്രത്തിന്റെ പന്തുകളുടെ , വഖാര്‍ യൂനിസിന്റെ പന്തുകളുടെ വേഗവും വ്യതിയാനവും വൈവിധ്യവുമെല്ലാം എങ്ങനെ പ്രതിരോധിക്കാമെന്ന ചിന്തകളും ശ്രമങ്ങളും തന്നെയാണ് സച്ചിനെ ഇന്നത്തെ സച്ചിനാക്കിയത്. അക്തര്‍ എത്രവേഗത്തിലെറിഞ്ഞാലും അത്രയും വേഗത്തില്‍ അതിര്‍ത്തി കടത്തുന്ന ഒരു സച്ചിന്‍ മാജിക്ക് മറ്റേതു മല്‍സരത്തില്‍ കാണാനാകും.

പെപ്സി ഇന്‍ഡിപെന്‍ഡന്‍സ് കപ്പില്‍ സയീദ് അന്‍വറിന്റെ ഇന്നിങ്സ് ആര്‍ക്കാണ് മറക്കാനാകുക. ഇരട്ടസെഞ്ചുറിക്കരികെ അന്‍വറിനെ വീഴ്ത്താന്‍ ഒടുവില്‍ നായകന്‍ സച്ചിന്‍ തന്നെ പന്തെടുക്കേണ്ടിവന്നു. 146 പന്തില്‍ 194 റണ്‍സെടുത്ത അന്‍വര്‍ ഗാംഗുലിയുടെ കയ്യിലെത്തിയെങ്കിലും കളി കൈയിലൊതുക്കിയാണ് താരം കളം വിട്ടത്.

ഫിറോസ് ഷാ കോട്‌ലയില്‍ പത്തുപേരേയും ക്രീസില്‍ കറക്കി വീഴ്ത്തിയ കുംബ്ലെയുടെ സ്പെല്‍ മറ്റൊരു ഇന്ത്യാ പാക് മല്‍സരത്തിന്റെ സമ്മാനമായിരുന്നു. റോത്ത്മാന്‍ ഫോര്‍ നാഷന്‍ കപ്പിലെ ഇമ്രാന്‍ഖാന്റെ ആറുവിക്കറ്റ് പ്രകടനവും വില്‍സ് കപ്പില്‍ അഖ്വിബ് ജാവേദിന്റെ ഹാട്രിക്കും മുള്‍ട്ടാനിലെ വീരേന്ദര്‍ സേവാഗിന്റെ ട്രിപ്പിള്‍ സെഞ്ചുറിയും അങ്ങനെയങ്ങനെ എണ്ണിയെടുത്താല്‍ ഏറെയുണ്ട് മാജിക് മൊമന്റ്സ്. മിയാന്‍ദാദിന്റെ കുരങ്ങന്‍ചാട്ടവും പ്രസാദ് അമീര്‍ സൊഹൈല്‍ ഏറ്റുമുട്ടലും അങ്ങനെ ഹരം പകര്‍ന്ന കുഞ്ഞുകലഹങ്ങളും കുരുത്തകേടുകളും ഈ അയല്‍പ്പോരില്‍ പിറന്നിട്ടുണ്ട്. എന്തിന് എല്ലാ പരിഭവങ്ങള്‍ക്കിടയിലും ശ്രീശാന്ത് നമുക്ക് പ്രിയങ്കരനാകുന്നത് പാക്കിസ്ഥാനിലെത്തിയേക്കാന്‍ ഏറെ സാധ്യതയുണ്ടായിരുന്ന ഒരു ലോകകിരീടം വീഴാതെ പിടിച്ചുനിര്‍ത്തിയതുകൊണ്ടുകൂടിയല്ലേ.

അപ്പോള്‍ ഓരോവിലക്കും കല്‍പിക്കുന്നത് ക്രിക്കറ്റിന്റെ ഹാള്‍ ഓഫ് ഫെയിമില്‍ ചില്ലിട്ടചിത്രങ്ങള്‍ ഇത്രമതിയെന്നുകൂടിയാണ്. ഈ വീറുറ്റപോരാട്ടങ്ങള്‍ക്കപ്പുറം ചില പാഠങ്ങളും കിട്ടാക്കനിയാക്കുന്നുണ്ട് ഈ ക്രിക്കറ്റിന്റെ രാഷ്ട്രീയം. ഇര്‍ഫാന്‍ പഠാനെന്ന ഇന്ത്യന്‍ പേസര്‍ മൂര്‍ച്ഛയുള്ള പന്തുകളുമായി തിരിച്ചെത്തുന്നത് അക്രത്തിന്റെ ശിഷ്യത്വത്തിന് ശേഷമായിരുന്നു. അങ്ങനെ പങ്കുവക്കലിന്റെ പാഠങ്ങളും പൂട്ടിവക്കാമെന്ന സന്ദേശംകൂടിയാണ് ചിലവട്ടമേശസമ്മേളനങ്ങളുടെ ബാക്കിപത്രം. പാക് താരത്തെ വിവാഹം കഴിച്ചതിന് സാനിയമിര്‍സയെ ഒറ്റപ്പെടുത്തുന്നതും പാക് താരങ്ങള്‍ അഭിനയിച്ചാല്‍ ആ ചിത്രം ബഹിഷ്കരിക്കുന്നതുമെല്ലാം ഇതിനൊപ്പം ചേര്‍ത്തുവായിക്കാം. രാഷ്ട്രം ദേശീയത ശത്രുത പൗരത്വം എല്ലാം കളികള്‍ക്കും കലകള്‍ക്കും മേലെ കളിക്കുന്ന കാലത്ത് ബോബി ഫിഷറിന്റെ വാക്കുകള്‍ ഓര്‍ക്കാം. യുദ്ധം കളിയല്ല , കളി യുദ്ധമാണ് അവസാനിപ്പിക്കേണ്ടത്.

അതെ യുദ്ധം കളിയവസാനിപ്പിച്ചതുമാത്രമാണ് നമുക്ക് പരിചയമെങ്കില്‍ ഇതുപോലെ കളി യുദ്ധമവസാനിപ്പിച്ചതുമുണ്ട് ചരിത്രത്തില്‍. ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധത്തിന് ഇടവേളനല്‍കി ജര്‍മന്‍ സൈന്യവും ഇംഗ്ലീഷ് സൈന്യവും ബൂട്ടുകെട്ടിയതുമാത്രമല്ല ഇനിയുമുണ്ടേറെ ഉദാഹരണങ്ങള്‍. ഓര്‍ക്കുന്നില്ലേ ഡീഗോ മാറഡോണയുടെ കാല്‍പന്തുനൃത്തം കണ്ട 1986 ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടം. ഇംഗ്ലണ്ടിന്റെ മധ്യനിരയെ കബളിപ്പിച്ച് ഗോളി പീറ്റര്‍ ഷെല്‍ട്ടനെ കാഴ്ചക്കാരനാക്കി മറഡോണ നൂറ്റാണ്ടിന്റെ ഗോള്‍ തൊടുത്ത കാലം ആ രാജ്യങ്ങള്‍ പരസ്പരം തോക്കുചൂണ്ടുനില്‍പ്പായിരുന്നു. ഫോക്‌ലന്റ് യുദ്ധത്തിന്റെ ശത്രുത മറന്നായിരുന്നു അന്നത്തെ അവരുടെ കാല്‍പന്തുപോരാട്ടങ്ങളെല്ലാം. ചെറിയവരും വലിയ മാതൃകകാണിച്ചിട്ടുണ്ട്. ലോകകപ്പ് മല്‍സരങ്ങള്‍ കാണാന്‍ തൈമൂര്‍ ആഭ്യന്തരകലാപത്തില്‍ നിന്ന് അവര്‍ ഇടവേളയെടുത്തെന്നതും ചരിത്രം.

യുദ്ധകാലത്തെ ഫൈനല്‍ വിസിലിന് ഒപ്പം നിന്നാലും അത് പിന്നീടും തുടരുന്നതില്‍ എന്താണ് അര്‍ഥം. നയതന്ത്രചര്‍ച്ചകള്‍ പുരോഗമിക്കുയുമാകട്ടെ. എന്തിനാണ് ക്രിക്കറ്റ് ഒരു നയതന്ത്രവിഷയമാകുന്നത്. അതിനെ അതിന്റെ എല്ലാ സംശുദ്ധിയോടും കൂടി മൈതാനത്ത് വിടുന്നത് തന്നെയല്ലേ ശരിയും നീതിയും. ഒരു സമാന്തര സൗഹൃദമെന്ന സാധ്യതയുമില്ലാതാക്കുന്ന സങ്കുചിതചിന്തകളെ എന്തിനാണ് ക്രിക്കറ്റ് മൈതാനങ്ങളുടെ കുമ്മായവരക്കരികില്‍ കൊണ്ടുനിര്‍ത്തി കളി തടസപ്പെടുത്തുന്നത്. ഇനി അതല്ല മേല്‍പ്പറഞ്ഞതുപോല്‍ അതിര്‍ത്തി അശാന്തമാകുമ്പോള്‍ നിങ്ങളെന്തിന് അവരോടൊത്ത് ഒരു കളിത്തട്ടുപങ്കിടുന്നുവെന്നാണ് ചോദ്യമെങ്കില്‍ അവര്‍ ഈ ചോദ്യത്തിന് കൂടി ഉത്തരം നല്‍കണം. ഭരണനായകര്‍ പിറന്നാളുപറയാന്‍ പറയാതെ പറന്നുപോകുന്ന കാലത്ത് ക്രിക്കറ്റ് നായകര്‍ കാണാതിരിക്കണം എന്നുപറയുന്നതില്‍ എന്തുണ്ട് ന്യായം? ഇനി അതല്ല ക്രിക്കറ്റ് കച്ചവടമായ ഈ കാലത്ത് കച്ചവടക്കണ്ണില്‍ നോക്കിയാലും ഈ പരമ്പരവിലക്കുകള്‍ ന്ഷടങ്ങളുടെ പട്ടികയില്‍ തന്നെയല്ലേ. മറ്റേത് മല്‍സരങ്ങളേക്കാള്‍ ആളെത്തുന്ന പോരാട്ടങ്ങള്‍ പരസ്യവരുമാനത്തിലും ഏറെ മുന്നിലാണ്. അതെ എന്തെല്ലാം ന്യായങ്ങള്‍ പറഞ്ഞാലും ഇത് ഗതികേടുതന്നെയാണ്. വിലക്കപ്പെടേണ്ടത് കലയും കളികളുമല്ല. നയതന്ത്രവിഷയങ്ങള്‍ക്ക് ക്രിക്കറ്റല്ല പരിഹാരം. ഭരണനേതൃത്വത്തിനും രാഷ്ട്രീയ സംഘടനകള്‍ക്കും കായികസംഘടനകള്‍ക്കും മാത്രമല്ല ഇത് കളിയാണെന്ന തിരിച്ചറിവ് മാധ്യമങ്ങള്‍ക്കുമാകാം. ക്രിക്കറ്റ് പൂക്കട്ടെ. അത് അതിരുകളെ മായ്ക്കട്ടെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :