കാത്തിരുന്ന വില്ലൻ

SHARE

വാർത്താലോകം തമിഴകത്തേക്ക് കണ്ണുനട്ട ഒരു രാവിലാണ് ഞെട്ടിക്കുന്ന ആ വാർത്തയിലേക്ക് കേരളം കണ്ണു തുറന്നത്.  തലേദിവസം രാത്രി കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി 17ന് രാത്രി കൊച്ചിയുടെ വീഥികളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ ഒരു വാഹനത്തിൽ മലയാളികളുടെ പ്രിയങ്കരിയായ ഒരു നടി കടന്നാക്രമണത്തിന് ഇരയായി.  അതും കൃത്യമായി ആസൂത്രണം ചെയ്ത ക്രൂരമായ ആക്രമണം.

അന്നു മുതൽ പൾസർ സുനിയ്ക്കും സംഘത്തിനും പിന്നാലെയായിരുന്നു മാധ്യമങ്ങളും പൊലീസും. ദിവസങ്ങൾ പിന്നിട്ടിട്ടും സുനിയെക്കുറിച്ചു ഒരു തുമ്പും കിട്ടിയില്ല. പ്രതി കേരളത്തിൽ തന്നെയുണ്ടെന്നും അയൽസംസ്ഥാനത്തേക്കു കടന്നെന്നുമുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. ഒടുവിൽ കാത്തിരുന്ന ആ വില്ലൻ കുടുങ്ങി. 

എറണാകുളം എസിജെഎം കോടതിയില്‍ കീഴടങ്ങാനെത്തുന്നതിനിടെ കോടതി മുറിയില്‍ നിന്നാണ്  സുനിയെയും കൂട്ടുപ്രതി വിജേഷിനെയും പൊലീസ് തികച്ചും നാടകീയമായി പിടികൂടിയത്. മഫ്തിയിലുണ്ടായിരുന്ന പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞ നേരത്താണ് പള്‍സര്‍ സുനിയും കൂട്ടാളി വിജേഷും  എറണാകുളംഎസിജെഎം കോടതിക്കുളളിലേക്ക് ഓടിക്കയറിയത്.  മജിസ്ട്രേറ്റ് ഇല്ലാതിരുന്ന കോടതി മുറിയില്‍ നിന്ന് എറണാകുളം സെന്‍ട്രല്‍ സിഐ അനന്തലാലും സംഘവും സുനിയെയും വിജേഷിനെയും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുനിയെ കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ ചില അഭിഭാഷകര്‍ ശ്രമിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല.

പുറത്തേക്കിറങ്ങിയ പൊലീസ് സംഘം പ്രതികളുമായി  മിന്നല്‍ വേഗത്തില്‍ ആലുവ പൊലീസ് ക്ലബിലേക്ക് കുതിച്ചു.‌സുനിയുെട അഭിഭാഷകനെ നിരീക്ഷിച്ചാണ് സുനിയുടെ നീക്കങ്ങള്‍ പൊലീസ് മനസിലാക്കിയത്. ഇന്നലെ തിരുവനന്തപുരത്ത് കീഴടങ്ങാന്‍ ശ്രമിച്ച സുനി അഭിഭാഷകനൊപ്പം കൊച്ചിയിലെത്തിയെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് പിന്തുടര്‍ന്നത്

ഉച്ചയ്ക്ക് 12.36 ഓടെയാണ് കൊച്ചിയിലുളള അഭിഭാഷകന്‍റെ വാഹനത്തില്‍ പ്രതികളുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത് . 12.55ന് വാഹനം ജോസ് ജങ്ഷനിെലത്തിയെന്ന് പൊലീസറിഞ്ഞു. ഇടയില്‍ റോഡിലുണ്ടായ രാഷ്ട്രീയ പാര്‍ട്ടിയുടെ സമരം പൊലീസ് നീക്കം അല്‍പ്പം വൈകിപ്പിച്ചു. കാറില്‍ നിന്നിറങ്ങി മറ്റൊരു ബൈക്കില്‍ െഹല്‍മറ്റ് ധരിച്ചെത്തിയ സുനിയും വിജേഷും കോടതിയുടെ പിന്‍വശത്തുകൂടിയാണ് കോടതിമുറിക്കുളളിലെത്തിയത്. 

സുനി പിടിയിലായതോടെ പൊലീസിന് തല്‍ക്കാലം ആശ്വസിക്കാം. സുനിയുടെ ചോദ്യം ചെയ്യലില്‍ കൂടി കിട്ടുന്ന വിവരങ്ങളെ ആശ്രയിച്ചിരിക്കും കേസിന്‍റെ തുടരന്വേഷണം. 

MORE IN Special Programs
SHOW MORE