അച്ഛന് മകന്‍ വില്ലന്‍; ചുരുളഴിഞ്ഞ അരുംകൊല

845-thampy-murder-spl-prgm
SHARE

കേരളത്തിന്‍റെ മുന്‍ രഞ്ജിതാരം ജയമോഹന്‍ തമ്പി അന്തരിച്ചു. തിരുവന്തപുരം മണക്കാട്ട് മുക്കോലക്കലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച ഇങ്ങനെയാണ് ആ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1982 മുതല്‍ 84 വരെ കേരള ടീമിന്‍റെ വിക്കറ്റ്കീപ്പര്‍ ബാറ്റസ്മാന്‍. എസ്ബിടി ഉള്‍പ്പെടെ നിരവധി ടീമുകള്‍ക്കായി കുപ്പായമണിഞ്ഞു. എസ്.ബി.ടിയില്‍ നിന്നു ഡെപ്യൂട്ടി ജനറല്‍ മാനേജറായി സര്‍വീസില്‍ നിന്നു വിരമിച്ചു. മരിച്ച മുന്‍ രഞ്ജിതാരത്തിന്‍റെ സംസ്കാരം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നടന്നു. മരണത്തില്‍ അസ്വാഭാവികമായി ആരും ഒന്നും കണ്ടില്ല. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. 

നെറ്റിയിലേയും തലയിലേയും ആഴത്തിലുള്ള മുറിവാണ് ജയമോഹന്‍ തമ്പിയുടെ മരണകാരണമെന്ന് ഫൊറന്‍സിക് സര്‍ജന്‍റഎ നിഗമനം. സാധാരണം എന്നു കരുതിയ മരണം അസാധാരണമായി. അങ്ങനെ ഒരു കൊലപാതകം ചുരുളഴിഞ്ഞു. തമ്പിക്കൊപ്പം കഴിഞ്ഞിരുന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വീട്ടുമാലിന്യം ശേഖരിക്കാനെത്തിയവര്‍ വീട്ടില്‍ നിന്ന് ദുര്‍ഗന്ധംവരുന്നത് ശ്രദ്ധിച്ചു. രണ്ടാം നിലയില്‍ വാടകക്ക് താമസിക്കുന്ന യുവാവിനോട് വിവരം പറഞ്ഞു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ തമ്പിയെ കണ്ടത്. മൃതദേഹം കണ്ടെത്തുമ്പോള്‍ മകനും വീട്ടിലുണ്ടായിരുന്നുവെന്ന് മാലിന്യം ശേഖരിക്കാനെത്തിയ കുടുംബശ്രീ പ്രവര്‍ത്തക പറയുന്നു

കസ്റ്റഡിയിലായ മകന്‍ ആദ്യം പരസ്പര വിരുദ്ധമായ മറുപടികള്‍ പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. രണ്ടുമക്കളുണ്ടെങ്കിലും മൂത്ത മകന്‍ മാത്രമാണ് മണക്കാടെ വീട്ടില്‍ താമസിച്ചിരുന്നത്. ഒന്നര വര്‍ഷം മുന്‍പ് ഭാര്യ മരിച്ചതിനുശേഷമാണ് ജയമോഹന്‍തമ്പിയുടേയും കുടുംബത്തിന്‍റേയും താളപ്പിഴകള്‍ തുടങ്ങിയത്.  അമ്മയുടെ മരണശേഷം അച്ഛനും മകനും തമ്മില്‍ കലഹം പതിവാണ്. മദ്യമാണ് വില്ലന്‍. അളവില്ലാതെ മദ്യപിക്കുന്ന ആളായി മാറി തമ്പി. ഹോട്ടല്‍ മാനേജ്മെന്‍റ് കഴിഞ്ഞ് ഷെഫായി ജോലി നോക്കിയ മൂത്ത മകന്‍ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. പിന്നീട് മകനും അഛനും  ഒരുമിച്ചായി മദ്യപാനം.  അച്ഛന്‍റെ പെന്‍ഷന്‍ തുക വരുന്ന ബാങ്ക് അക്കൗണ്ടിന്‍റെ എ.ടി.എം കാര്‍ഡ് കൈകാര്യം ചെയ്യുന്നത് അശ്വിനാണ്. ബോധരഹിതരാകുമ്പോള്‍ എ.ടി.എം കാര്‍ഡിനെച്ചൊല്ലി ഇരുവരും വഴക്കാകും. ശബ്ദം ഉയരും. ഉച്ചത്തിലുള്ള കരച്ചിലും ബഹളവും  പതിവായതുകൊണ്ടു തന്നെ വഴക്കുണ്ടാകുമ്പോള്‍ അയല്‍വാസികളൊന്നും തമ്പിയുടെ വീട്ടിലേക്ക് പോകാറില്ല. 

മാസങ്ങള്‍ക്കു മുന്‍പ് അശ്വന്‍റെ അടിയേറ്റ് തമ്പിയുടെ രണ്ടു പല്ലുകള്‍ ഇളകിപ്പോയിരുന്നു. ഇതിനു ചികില്‍സ തേടിയതിനുശേഷം മദ്യപാനം അല്‍പം കുറച്ചു. പക്ഷേ അത് താല്‍ക്കാലികം മാത്രമായിരുന്നു.വീണ്ടും  മദ്യപാനം അതിരു കടന്നതോടെ  തമ്പിക്ക് ലിവര്‍സിറോസിസ് അസുഖം വന്നു.വീട്ടില്‍ വഴക്ക് പതിവായതോടെ ഇളയമകന്‍ മണക്കാട്ടെ വീടുപേക്ഷിച്ച് പോയി. ലോക്ഡൗണായപ്പോള്‍ മദ്യം കിട്ടാതായി. വഴക്ക് കുറഞ്ഞു. എന്നാല്‍  മദ്യക്കടകള്‍ തുറന്ന മാര്‍ച്ച് 28 മുതല്‍ തമ്പിയും മകനും വീണ്ടും കുടിതുടങ്ങി. ചെറിയ അളവിലല്ല. എട്ടു ദിവസം ഭക്ഷണം പോലും കഴിക്കാതെയയിരുന്നു ഇരുവരുടേയും മദ്യപാനം.

ശനിയാഴ്ച ജയമോഹന്‍ തമ്പിക്കൊപ്പം മദ്യപിക്കാന്‍ മകന്‍ അശ്വിന്‍ സുഹൃത്തിനെയും കൂട്ടി. മൂന്നുപേരും കുപ്പികള്‍ കാലിയാക്കികൊണ്ടേയിരുന്നു. ഒടുവില്‍ പതിവുപോലെ പണത്തെ ചൊല്ലി വഴക്ക്. തന്റെ എ.ടി.എം കാര്‍ഡും പഴ്സും ജമോഹന്‍ തമ്പി തിരികെ ചോദിച്ചു. തുടര്‍ന്ന് മകന്‍ അച്ഛനെ പിടിച്ച് തള്ളി . തമ്പിയുടെ മുക്കിലിടിക്കുകയും ചെയ്തു. കര്‍ട്ടനില്‍ പിടിച്ചുകൊണ്ട് തമ്പി താഴെവീണു. വീണതിനുശേഷവും തലപിടിച്ച് ഇടിച്ചു. തുടര്‍ന്ന് തമ്പി ബോധരിഹിതനായി.  ബോധം പോയെങ്കിലും ഉടന്‍ മരിക്കാന്‍ സാധ്യതയുണ്ടായിരുന്നില്ല. എന്നാല്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതോടെ ജീവന്‍ നഷ്ടമായി. അച്ഛനെ ആശുപത്രിയിലെത്തിക്കാനുള്ള ബോധം അശ്വിന് ഉണ്ടായിരുന്നില്ല. മുറിയില്‍ വീണുകിടന്ന തമ്പിയെ അശ്വിന്‍ ഹാളില്‍ കൊണ്ടുവന്നു കിടത്തി. പിന്നെ മദ്യപാനം തുടര്‍ന്നു. നെറ്റിയിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. 

മരണവിവരമറിഞ്ഞ് പൊലീസെത്തുമ്പോള്‍ അശ്വിന്‍ വീട്ടിലുണ്ടായിരുന്നു. പ്രദേശത്താകെ ദുര്‍ഗന്ധം വമിച്ചിരുന്നെങ്കിലും തനിക്ക് അത്് അനുഭവപ്പെട്ടില്ല എന്നായിരുന്നു മകന്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തു. മദ്യാസക്തിയിലായിരുന്ന അശ്വിന് അപ്പോളും നേരെനില്‍ക്കാന്‍പോലും കഴിയുന്നില്ലായിരുന്നു. 

കൊലപാതക സമയത്ത് അയല്‍വാസിയായ സുഹൃത്ത് സ്ഥലത്തുണ്ടായിരുന്നില്ല. മരണശേഷം തമ്പിയുടെ നാലുപവന്‍റെ മാല നഷ്ടപ്പെട്ടതായും പൊലീസ് കണ്ടെത്തി. അമിത മദ്യാസക്തിയുടെ ഇരകള്‍. ഈ കേസിനെ അങ്ങനെ സംഗ്രഹിക്കാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...