ലാസ്റ്റ് റിസോർട്ട് രാജി

Thumb Image
SHARE

മന്ത്രി തോമസ് ചാണ്ടിക്ക് നിര്‍ണായക ദിനമായിരുന്നു ഇന്ന്. കയ്യേറിയ കായല്‍ കസേരയെടുക്കുമോയെന്ന് കേരളം ഉറ്റുനോക്കിയ ദിനം. കോടതി കണ്ണുരുട്ടിയെങ്കിലും, 

മന്ത്രി തോമസ് ചാണ്ടിയുടെ രാജിയില്‍ എന്താകും അന്തിമ തീരുമാനം? അത് ആരുടെ ഭാഗത്തുനിന്നുണ്ടാകും ? എന്നുവരെ കാക്കണം? ഈ ചോദ്യങ്ങള്‍ക്കൊന്നും ഇപ്പോഴും കൃത്യമായ ഒരു ഉത്തരമായിട്ടില്ല. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അത്യന്തം ഉദ്വേഗങ്ങള്‍ നിറഞ്ഞ ഈ പകലില്‍ ഇതുവരെ എന്തൊക്കെയാണ് സംഭവിച്ചത് എന്നുനോക്കാം. 

കഴക്കൂട്ടം ലോക്കൽ സമ്മേളത്തിന്റെ ഭാഗമായ പൊതുസമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോൾ കൃത്യമായ സന്ദേശമാണ് വി.എസ് ഇന്നലെ തോമസ് ചാണ്ടിക്ക് നൽകിയത്. ചാണ്ടി സ്വയം പോയില്ലെങ്കില്‍ പിടിച്ചിറക്കി പുറത്ത് വിടേണ്ടിവരുമെന്ന താക്കീത്. ചാണ്ടി ഒഴിഞ്ഞില്ലെങ്കിൽ പരസ്യനിലപാട് എടുക്കേണ്ടിവരുമെന്ന സി.പി.ഐ സംസ്ഥാന െസക്രട്ടറി കാനം രാജേന്ദ്രന്റെ മുന്നറിയിപ്പിന് പിന്നാലെ ദേശീയ നിർവാഹക സമിതി അംഗം പന്ന്യൻ രവീന്ദ്രനും കോട്ടയത്ത് തോമസ് ചാണ്ടിയെ തള്ളിപ്പറഞ്ഞു. 

അങ്ങനെ കായല്‍ കയ്യേറ്റത്തിന്റെ പേരില്‍ നടുക്കടലിലായ തോമസ് ചാണ്ടിക്ക് ഏറെ നിര്‍ണായകമായിരുന്നു ഈ ദിനം. ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള തോമസ് ചാണ്ടിയുടെ ഹർജി ൈഹക്കോടതിയുടെ പരിഗണനക്ക് വന്ന ദിവസം. ഓര്‍ക്കണം കലക്ടറുട റിപ്പോർട്ട് നിയമപരമല്ലെന്ന തോമസ് ചാണ്ടിയുടെ ഹർജി കഴിഞ്ഞവട്ടം പരിഗണിച്ചപ്പോൾ അനുകൂല നിലപാടല്ല ഹൈക്കോടതി സ്വീകരിച്ചത്. കയ്യേറ്റ വിഷയങ്ങളിൽ സർക്കാരിന്റെ പൊതുനിലപാട് ആരാഞ്ഞ കോടതി സാധാരണക്കാരന്‍ ഭൂമി കയ്യേറിയാല്‍ ബുള്‍ഡോസര്‍ പ്രയോഗിക്കില്ലേ എന്നും അന്ന് ചോദിച്ചിരുന്നു. എന്നിട്ടും മുതിർന്ന അഭിഭാഷകനും കോൺഗ്രസ് രാജ്യസഭാംഗവുമായ വിവേക് തന്‍ഖയെ രംഗത്തിറക്കി ചാണ്ടി ഹൈക്കോടതിയിലെത്തി 

മന്ത്രി തോമസ് ചാണ്ടിക്കുവേണ്ടി കോണ്‍ഗ്രസ് എം.പിയായ വിവേക് തന്‍ഖ ഹൈക്കോടതിയില്‍ ഹാജരാകുന്നതില്‍ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതൃത്വവും യൂത്ത് കോണ്‍ഗ്രസും. ഹാജരാകരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ തന്‍ഖയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തന്‍ഖ ഹാജരാകരുതെന്ന് ഹൈക്കാന്‍ഡിനോട് ആവശ്യപ്പെട്ടു. അതിനിടെ കൊച്ചിയിലെത്തിയ തന്‍ഖ കോടതിയിലേക്ക് പുറപ്പെട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ തന്‍ഖയെ തടയുകയും കരിങ്കൊടി കാട്ടുകയും ചെയ്തു 

എന്നാല്‍ തോമസ് ചാണ്ടിക്കുവേണ്ടി വാദിക്കുന്നത് അഭിഭാഷനെന്ന തൊഴിലിന്റെ ഭാഗമായാണെന്നും തോമസ് ചാണ്ടി തന്റെ വളരെക്കാലമായുളള സുഹൃത്താണെന്നുമായിരുന്നു വിവേക് തന്‍ഖയുടെ പ്രതികരണം. 

തോമസ്ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്ന അതേ പകല്‍ എന്‍സിപി സംസ്ഥാന നേതൃയോഗവും ഇന്ന് കൊച്ചിയില്‍ ഉണ്ടായിരുന്നു. രാജിയാവശ്യം യോഗത്തില്‍ ശക്തമായുന്നയിക്കാന്‍ ഉറച്ചാണ് പാര്‍ട്ടിയിലെ ചാണ്ടി വിരുദ്ധ വിഭാഗം യോഗത്തിനെത്തിയത്. എന്നാല്‍ ദേശീയ നേതൃത്വത്തിന്‍റെയും സംസ്ഥാന അധ്യക്ഷന്‍റെയും പിന്തുണയോടെ ഇതിനെ ചെറുക്കാനായിരുന്നു പാര്‍ട്ടിയിലെ തോമസ്ചാണ്ടി അനുകൂലികളുടെ തീരുമാനം. 

പാര്‍ട്ടിയുടെ നിര്‍ണായക യോഗം ചേരാനിരിക്കെ തോമസ് ചാണ്ടിക്കുള്ള പിന്തുണ എന്‍.സി.പി സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുകയും ചെയ്തു.

എന്‍സിപി നേതൃത്വം ചാണ്ടിയെ ചാരിത്തന്നെ നിന്നെങ്കിലും തോമസ് ചാണ്ടിയെ കടന്നാക്രമിച്ച് മന്ത്രി ജി. സുധാകരന്‍റെ പ്രതികരണമെത്തി. ചാണ്ടി കോടതിയില്‍ പോയത് ബൂര്‍ഷ്വ രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് സുധാകരന്‍ വിമര്‍ശിച്ചു. രാജിയില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണ്. അലക്കുംവരെ വിഴുപ്പ് ചുമന്നല്ലേ പറ്റൂവെന്നും സുധാകരന്‍ പ്രതികരിച്ചു. 

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണവും തോമസ് ചാണ്ടിയെ തള്ളിക്കൊണ്ടുതന്നെയായിരുന്നു. മുഖ്യമന്ത്രിയുടെ തീരുമാനം എന്തായാലും എന്‍.സി.പിക്ക് ബാധകമെന്ന് കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. നിയമം ലംഘിച്ചെങ്കില്‍ വിട്ടുവീഴ്ചയുണ്ടാകില്ല കോടിയേരി പറഞ്ഞു 

തോമസ് ചാണ്ടിയെ കടന്നാക്രമിച്ച് പ്രതിപക്ഷവും സജീവമായി. മുഖ്യമന്ത്രിയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം 

തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോമസ് ചാണ്ടി ഇത്ര ശക്തനും കരുത്തനുമാണോയെന്ന് സി.പി.എം വ്യക്തമാക്കണം. അദ്ദേഹത്തിന്റെ സമ്പത്ത് ഇടതു മുന്നണിയെ സ്വാധീനിച്ചിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പാലക്കാട്ടു പറഞ്ഞു

പതിനൊന്ന് മണിയോടുകൂടെ ഹര്‍ജി പരിഗണിച്ച കോടതി മന്ത്രി സര്‍ക്കാരിനെയാണ് ആക്രമിക്കുന്നതെന്ന് രൂക്ഷവിമര്‍ശനത്തില്‍ തുടങ്ങി. മന്ത്രിക്ക് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസമില്ലെന്ന് ഹര്‍ജി തെളിയിക്കുന്നു. മന്ത്രിക്ക് അയോഗ്യത കല്‍പിക്കാന്‍ ഇത് മതിയായ കാരണമെന്ന് നിരീക്ഷിച്ച കോടതി, കോടതിയെ സമീപിച്ച് തല്‍സ്ഥാനത്ത് തുടരാനുള്ള ശ്രമം ദൗര്‍ഭാഗ്യകരമെന്നും കോടതി വിമര്‍ശിച്ചു. മന്ത്രിക്ക് എങ്ങനെ ഇനി മന്ത്രിസഭയില്‍ ഇരിക്കാനാകുമെന്നും കോടതി ചോദിച്ചു.

ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കിയെങ്കിലും എന്നാല്‍ പിന്‍വലിക്കേണ്ടെന്ന നിലപാടാണ് തോമസ് ചാണ്ടി കൈക്കോണ്ടത്. വീണ്ടും നടപടി തുടര്‍ന്ന കോടതിയില്‍ പിന്നെ കേട്ടത് രൂക്ഷവിമര്‍ശനങ്ങളാണ്. ദന്തഗോപുരത്തില്‍ നിന്നിറങ്ങി സാധാരണക്കാരനെപ്പോലെ നടപടികള്‍ നേരിടാന്‍ മന്ത്രി തയാറാകണമെന്ന് കോടതി നിര്‍ദേശിച്ചു 

മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചും കയ്യേറ്റത്തെക്കുറിച്ചുമെല്ലാം പറയാനുള്ളത് കോടതി പറഞ്ഞെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രതികരിച്ചു. തുടര്‍ന്നും കോടതി തന്നെ തീരുമാനിക്കട്ടെയെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു 

എന്നാല്‍ തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നതിനെതിരെ ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനങ്ങളോട് ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല. കോഴിക്കോട്ട് വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. മാധ്യമപ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ മുഖ്യമന്ത്രിയോട് പ്രതികരണങ്ങള്‍ തേടിയിരുന്നു.

പിന്നീട് കോടതി വീണ്ടും വിമര്‍ശന തുടര്‍ന്നപ്പോള്‍ തക്കസമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഹൈക്കോടതിവിധിയുടേയും എന്‍സിപി നേതൃയോഗത്തിന്റേയും വിശദാംശങ്ങള്‍ അറിഞ്ഞശേഷമാകും നടപടി. ഉചിതമായ തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 

തൊട്ടുപുറകേ കാനം രാജേന്ദ്രന്റെ പ്രതികരണവുമെത്തി. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന ഹൈക്കോടതി പരാമര്‍ശം ഗൗരവമേറിയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇക്കാര്യം ഗൗരവമായിത്തന്നെ പരിശോധിക്കും. തോമസ് ചാണ്ടിയുടെ വീഴ്ചകളാണ് ഇപ്പോഴത്തെ സാഹചര്യം സൃഷ്ടിച്ചത്. പാര്‍ട്ടികളാണ് മന്ത്രിമാരെ നയിക്കേണ്ടതും നിയന്ത്രിക്കേണ്ടതും. മന്ത്രിമാര്‍ പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ ഇങ്ങനെയുണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

കൊച്ചിയില്‍ ചേര്‍ന്ന എന്‍സിപി യോഗത്തില്‍ തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന പൊതുവികാരം നേതാക്കള്‍ പങ്കുവച്ചു. അത് ബഹളത്തിനും കാരണമായി. തോമസ് ചാണ്ടി പാര്‍ട്ടിയെ നാണം കെടുത്തിയെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. തുടര്‍ന്ന് തോമസ് ചാണ്ടിയുടെ രാജിസംബന്ധിച്ച അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിന് വിടാന്‍ സംസ്ഥാന നേതൃയോഗത്തില്‍ തീരുമാനമായി

തോമസ് ചാണ്ടി രാജി വച്ചില്ലെങ്കിൽ പ്രതിപക്ഷം വലിയ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മന്ത്രി എങ്ങനെ സർക്കാരിന് എതിരെ കേസ് കൊടുക്കും. ജുഡീഷ്യറിയോടും കേരള സമൂഹത്തോടുമുള്ള അവഹേളനമാണിത്. സമ്പത്തിന്റെ മഹിമ ആണ് മന്ത്രി പദത്തിൽ തുടരുന്നതിന് ആധാരമെന്നും രമേശ് ചെന്നിത്തല പാലക്കാട് കൊല്ലങ്കോട്ട് പറഞ്ഞു. 

MORE IN SPECIAL PROGRAMS
SHOW MORE