ഇന്നത്തെ കണ്‍മണികൾ

Thumb Image
SHARE

മനോരമ ന്യൂസ് ഇന്നത്തെ കണ്‍മണിയിലേക്ക് സ്വാഗതം. ചെറുപ്രായത്തില്‍ തന്നെ വിവിധമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും പ്രതിസന്ധികളെ ധൈര്യപൂര്‍വം തരണം ചെയ്യുകയും ചെയ്ത കുരുന്നുകളുടെ വിശേഷങ്ങള്‍ കാണാം 

------------------------------

പ്രതിസന്ധികളോട് പൊരുതി വിജയം നേടിയ കൊച്ചുമിടുക്കി. കോഴിക്കോട് നടക്കാവ് ഗവ. വോക്കേഷണൽ സ്കൂളിലെ ആര്യയെ ഇങ്ങനെ വിശേഷിപ്പിക്കാം. സെറിബ്രൽ പാൾസിയെന്ന രോഗത്തെ തോൽപ്പിച്ച് ഈ ഒമ്പതാം ക്ലാസുകാരി നേടിയ പുരസ്കാരങ്ങൾ നിരവധിയാണ്. 

അച്ഛന്റെ കൈപിടിച്ചില്ലെങ്കിൽ ഒറ്റയ്ക്കു ഒന്നു നടക്കാൻ പോലുമാവില്ല ആര്യയ്ക്ക്. പക്ഷേ സ്കൂളാണ് ജീവൻ. ക്ലാസിലേക്കുള്ള യാത്രയാണ് ഏറ്റവും സന്തോഷം നൽകുന്നത്. ആര്യയെത്താൻ കാത്തിരിക്കുകയാണ് കൂട്ടുകാർ. പഠനകാര്യങ്ങളിൽ താങ്ങായി അധ്യാപകരും സഹപാഠികളും ഒപ്പം കൂടും. 

എൻ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പുകൾ, യൂണിസെഫിന്റെ ചൈൽഡ് അക്ച്ചീവർ അവാർഡ് ക്വിസ് മൽസരങ്ങളിൽ വിജയി. പഠനപാഠ്യേതര മൽസരങ്ങളിൽ ആര്യ നേടിയ നേട്ടങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു. സാധാരണ കുട്ടികളോട് മൽസരിച്ച് നേടിയ ഈ നേട്ടങ്ങൾ വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു. എടക്കാട് കൃഷ്ണകൃപയിൽ ആർക്കിടെക്ച്ചർ കൾസൾട്ടന്റായ രാജീവ് കല്ലുമലിന്റെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥയായ പുഷ്പജയുടെയും മകളാണ്. 

അനുകമ്പയേക്കാൾ മൽസരിച്ചു നേടുന്ന അംഗീകാരങ്ങളെയാണ് ആര്യയ്ക്കേറെയിഷ്ടം. ലോകമറിയുന്ന ഒരു ബഹിരാകാശ ശാസ്ത്രജ്ഞയാകണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. 

------------------------------

പെരുമ്പാവൂരിലെ പത്തുവയസുകാരി ഫാത്തിമയെ പ്രേക്ഷകര്‍ ഒാര്‍ക്കുന്നുണ്ടാവും. കടുത്ത പ്രമേഹവും തുടര്‍ന്നുണ്ടായ അപൂര്‍വരോഗവും തളര്‍ത്തിയ ഫാത്തിമ ജീവിതത്തിലേക്ക് തിരിച്ചുനടക്കുകയാണ്. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് രാജ്യത്തിനകത്തും പുറത്തും നിന്ന് കയ്യയച്ച സഹായം ഫാത്തിമയ്ക്ക് ലഭിച്ചിരുന്നു. ഫാത്തിമയെപ്പോലെ ജുവനൈല്‍ ഡയബറ്റിസ് ബാധിച്ച കുട്ടികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ മിഠായി എന്ന പേരില്‍ ചികില്‍സാപദ്ധതിയും പ്രഖ്യാപിച്ചു 

വാക്കുകള്‍ ഒപ്പിച്ച് ഫാത്തിമ പാടും. ഫാത്തിമയെ കാണാന്‍ ഞങ്ങള്‍ക്കൊപ്പം ഒരിക്കല്‍കൂടിയെത്തിയ സാരഥി ഷാജനെ അവള്‍ വരച്ചു. ഈ പാട്ടും വരയുമൊന്നും ഇങ്ങനെയായിരുന്നില്ല. 

കടുത്ത പ്രമേഹവും തുടര്‍ന്നുണ്ടായ ഒാട്ടോ ഇമ്മ്യൂണ്‍ എന്‍സെഫലൈറ്റിസ് എന്ന അപൂര്‍വരോഗവും. ലക്ഷങ്ങള്‍ ചികില്‍സയ്ക്കായിവേണ്ടിവന്നതോടെ കുടുംബവും തളര്‍ന്നു. മനോരമ ന്യൂസിലെ വാര്‍ത്തയെത്തുടര്‍ന്ന് ഫാത്തിമയുടെ ചികില്‍സ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തു. അതിനുപുറമെ വ്യവസായി എം.എ.യൂസഫലി മുതല്‍ തികഞ്ഞ സാധാരണക്കാര്‍വരെ സഹായവുമായി എത്തിയ നാളുകള്‍. ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാരുടെ തീവ്രപരിചരണത്തിനൊടുവില്‍ ഫാത്തിമ തിരികെ ജീവിതത്തിലേക്ക് നടന്നു. അതിനപ്പുറം ഫാത്തിമയുടെ വാര്‍ത്തയറിഞ്ഞ് ജുവനൈല്‍ ഡയബറ്റിസ് ബാധിച്ച കുട്ടികള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ മിഠായി എന്ന പേരില്‍ ചികില്‍സാപദ്ധതിയും പ്രഖ്യാപിച്ചിരുന്നു.hold 

അങ്ങനെ നിങ്ങളില്‍ ഒാരോരുത്തരുടെയും ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന ഫാത്തിമ.തകരാറിലായ കാഴ്ചശക്തിയും മെല്ലെ തിരിച്ചുവരികയാണ്. ഇപ്പോള്‍ ഉപ്പയുടെയും ഉമ്മയുടെയും കൈപിടിച്ച് നടക്കാം. ഇനി സ്കൂളില്‍ പോകണം. പഠിക്കണം. 

------------------------------

രണ്ടാഴ്ചമുൻപ് ലണ്ടനിൽനടന്ന കരാട്ടെ ലോകചാംപ്യൻഷിപ്പിൽ രാജ്യത്തിനായി രണ്ടുമെഡലുകൾ സ്വന്തമാക്കിയ മലയാളി പെൺകുട്ടിയാണ് ഇഷികപ്രകാശ്. മഹാരാഷ്ട്ര താനെ ഡി.എ.വി പബ്ലിക് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയായ ഇഷിക, ഒൻപതുവയസിനിടെ നേടിയത് അനവധി നേട്ടങ്ങൾ. 

ഇഷികപ്രകാശ്, വയസ് ഒൻപത്, മുംബൈ നേവൽഡോക്യാർഡിൽ സീനിയർ ടെക്നിഷ്യനായി ജോലിചെയ്യുന്ന പ്രകാശ് - ബിന്ദു ദമ്പതികളുടെ മകൾ. ഇതിനോടകം, നാലുതവണ ദേശീയചാംപ്യൻഷിപ്പിലും രണ്ടുതവണ ഏഷ്യന്‍ചാംപ്യൻഷിപ്പിലും സുവർണനേട്ടം. ഇപ്പോഴിതാ, 27രാജ്യങ്ങളിൽ നിന്നുള്ള മൽസരാർഥികൾ പങ്കെടുത്ത ലോക കരാട്ടെ ചാംപ്യൻഷിപ്പിൽ വെള്ളിയുംവെങ്കലവും. 

പത്തുവയസിന് താഴെയുളളവരുടെ വിഭാഗത്തിലാണ് ഇഷിക മൽസരിച്ചത്. ആറുറൗണ്ടുകളുണ്ടായിരുന്ന വ്യക്തിഗത ഇനത്തിൽ, ഫൈനലിൽ പോർച്ചുഗലിനോട് തോൽവിവഴങ്ങിയതോടെ വെള്ളിനേടി. ഗ്രൂപ്പിനത്തിലാണ് വെങ്കലനേട്ടം. ലക്ഷ്യമിട്ട സ്വർണംനേടാനായില്ലെങ്കിലും, അഭിമാനകരമായ നേട്ടംകൈവരിച്ച് തിരികെയെത്തിയ ഇഷികയ്ക്ക് കൂട്ടുകാർക്കിടയിൽ ഇപ്പോൾ താരപര്യവേഷമാണ്. 

ആരോഗ്യകരമായ ജീവിതത്തിന് മൊബൈൽ ഗെയിമുകളല്ല, മറിച്ച് കായികാഭ്യാസം അത്യാവശ്യമെന്ന തിരിച്ചറിവും, ഇഷികയുട താൽപര്യവുമാണ് നേട്ടത്തിന് കാരണമെന്ന് ഗുരുവായൂർ സ്വദേശിയായ അച്ഛൻ പ്രകാശ് പറയുന്നു. 

മാതാപിതാക്കളുടെ സ്വന്തം ഇഷ്ടങ്ങളെ അടിച്ചേൽപ്പിക്കുകയല്ല, മറിച്ച് കുട്ടികളുടെ താൽപര്യങ്ങളെയാണ് രക്ഷിതാക്കൾ എപ്പോഴുംസംരക്ഷിക്കേണ്ടതെന്നും അദ്ദേഹംപറയുന്നു. 

------------------------------

ഇരുകൈകളുമില്ലാത്ത എട്ടുവയസുകാരൻ കുഞ്ഞിക്കാലുകൾക്കൊണ്ട് കോഴിക്കോട്ട് ജീവിതത്തെ വരച്ചെടുക്കുകയാണ്. ഈ മൂന്നാംക്ലാസുകാരന്റെ കളിയും ചിരിയുമാണ് അരക്കിണറിലെ അമൻസിൽ എന്നും നിറയുന്നത് 

കൂട്ടുകാർ അൽപം മടുത്താലും പിന്മാറാൻ അമൻ തയാറല്ല. 

പിഞ്ചുകുഞ്ഞായിരിക്കുമ്പോൾ തന്നെ ഡാൻസും പാട്ടും ചിത്രരചനയുമെല്ലാം ഏറെ പ്രിയം. ഈ കുഞ്ഞിക്കാലുകൾ, ഒരു പ്രതീക്ഷയാണ്. ആത്മവിശ്വാസത്തിന്റെ പ്രതീകവും. 

അമന്റെ അവധിദിവസം ആഘോഷമാക്കാനെത്തിയതാണീ കൂട്ടുകാർ. സുഹൃത്തിന് ഏറെ പ്രിയപ്പെട്ട പാട്ടുകൾക്കൊപ്പം ചുവടുവയ്ച്ചുള്ള ആഘോഷം. 

------------------------------

ആറു വയസുകാരന്‍ ഹയാന്‍ ചില്ലറക്കാരനല്ല. പഠനത്തോടൊപ്പം പാചകത്തിലും മിടുക്കനാണ്. അറേബ്യന്‍ ഡിഷ് അടക്കം എളുപ്പത്തില്‍ തയ്യാറാക്കും ഹയാനെന്ന കൊച്ചു ഷെഫ്. 

------------------------------

തൻകുഞ്ഞ് പൊൻ കുഞ്ഞെനാണ് കാക്കയെ കുറിച്ചുള്ള പഴമൊഴി. എന്നാൽ ആറു വയസുകാരി കാക്ക കുഞ്ഞിനെപോലെ കരഞ്ഞാൽ എന്ത് സംഭവിക്കും? കാണാം കണ്ണൂരിൽനിന്നുള്ള കാഴ്ച. 

മുണ്ടയാട് കൈപ്പള്ളിപാറയിൽ സിബി, സിമി ദമ്പതികളുടെ ഇളയമകൾ കാതറിൻ സിബി. ഒരുദിവസം രാവിലെ ഊഞ്ഞാലാടുമ്പോഴാണ് കാതറിൻ കാക്കയെ ആകർഷിക്കാൻ കാക്കകുഞ്ഞിനെ പോലെ കരഞ്ഞത്. ഒന്നല്ല അമ്പതിലേറെ കാക്കകളാണ് എവിടെനിന്നോ പറന്നെത്തിയത്. പിന്നെ അത് ശീലമാക്കി. 

കാതറിന്റെ കരച്ചിൽ കേട്ടാൽ കാക്ക കൂട്ടം തലയ്ക്ക് മുകളിൽ വട്ടമിട്ട് പറക്കും. മടുത്ത് കഴിയുമ്പോൾ തെങ്ങോലയിലിരുന്ന് ചുറ്റുപാടും നോക്കും. ഇനി കാക്ക പറന്ന് അടുത്തെത്തിയാൽ കാതറിൻ കരച്ചിൽ നിറുത്തി വീട്ടിൽ കയറും. 

യുക്കെജി വിദ്യാർഥിയാണ് കാതറിൻ. സ്കൂളിൽ കരയില്ലെങ്കിലും വീട്ടുമുറ്റത്തെ കരച്ചിൽ കൊണ്ട് ക്ലാസിലെ താരമായിരിക്കുകയാണ് ഈ കുരുന്ന്. 

------------------------------

കളിപ്പാട്ടം ആവശ്യപ്പെട്ട മക്കൾക്ക് ജീപ്പും, ബുള്ളറ്റും നിർമിച്ച് നൽകിയ വാത്സല്യനിധിയായ ഒരു അച്ഛനെയാണ് മനോരമ ന്യൂസ് പരിചയപ്പെടുത്തുന്നത്. തൊടുപുഴ സ്വദേശി അരുൺകുമാർ. അ‍‍ച്ഛൻ‌ നിർമിച്ച് നൽകിയ വാഹനത്തിന്റെ എക്സ്പേർട്ട് ഡ്രൈവർമാരായി മാറിയ രണ്ട് കുസൃതികളെയും പരിചയപ്പെടാം. 

മാധവ് കൃഷ്ണയും കേശിനി കൃഷ്ണയും തകർത്തഭിനയിക്കുന്ന ഈ ചിത്രത്തിൽ ടൈറ്റിൽ റോളിലുള്ള അച്ഛൻ അരുൺകുമാറിന് അതിഥി വേഷമാണെന്ന് ആദ്യം തന്നെ സൂചിപ്പിക്കട്ടെ. 

ഒരുവയസുള്ളപ്പോൾ മുതൽ നായകന്റെ സന്തതസഹചാരിയാണ് ജീപ്പ്. വെറും ജീപ്പല്ല ഫുൾ ഓപ്ഷൻ ജീപ്പ്. ആക്സലേറ്റർ, പവർ ബ്രേക്ക്, ഗീർ, റിവേഴ്സ് ഗീർ, ഷോക്കപ്പ്, ഹെഡ് ലൈറ്റ്, ഫോഗ് ലാംപ്, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ അങ്ങനെ നീളുന്നു സവിശേഷതകൾ. 25 കിലോ ഭാരമുള്ള ജീപ്പിൽ അൻപത് കിലോ വരെ താങ്ങും. ബാറ്ററി ഒരിക്കൽ ചാർജ് ചെയ്താൽ എട്ട് മണിക്കൂർ ഓടിക്കാം. 

ബൈക്ക് കിട്ടിയിട്ട് മാസങ്ങളെ ആകുന്നുള്ളു. റോയൽ എൻഫീൽഡിന്റെ രൂപസാദൃശ്യം. ആക്സിലറേറ്ററും ഡിസ്ക് ബ്രേക്കും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ബുള്ളറ്റിലുമുണ്ട്. 

മാധവ് പ്രഫഷനൽ ഡ്രൈവറായി മാറികഴിഞ്ഞു ഇപ്പോൾ സഹോദരിക്ക് പരിശീലനവും നൽകുന്നുണ്ട്. പോണ്ടിച്ചേരിയിൽ നഴ്സായ അരുൺകുമാറിന്റെ അടുത്ത പ്രൊജക്ട് പുലിമുരുകൻ ലോറിയും സുന്ദരി ഓട്ടോയുമാണ്. മോഹൻലാലിന്റെ ഫാനായ അരുൺകുമാർ തന്റെ വണ്ടികൾക്ക് നൽകിയിരിക്കുന്നത് ലാലേട്ടന്റെ വണ്ടികളുടെ അതേ നമ്പർ തന്നെ. 

------------------------------

രാജ്യം ശിശുദിനാഘോഷത്തില്‍ മുഴുകുമ്പോഴും കുറേ കുട്ടികള്‍ ആഘോഷങ്ങളൊന്നുമില്ലാത്ത ലോകത്ത് ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവില്‍ അലയുകയാണ്. ഇത്തരക്കാരെ കൂടി കാണാതെ ശിശുദിനാഘോഷം പൂര്‍ണമാകില്ല 

കോഴിക്കോട് ബീച്ചിൽ വൈകീട്ട് കാറ്റുകൊള്ളാനെത്തിയതാണ്. ചുറ്റും കുറേ പേർ. പല വേഷം, പല രീതി. ഇതിനിടക്കാണ് ഇവൻ കടന്നുവന്നത്. കയ്യിൽ കുറേ വർണ ബലൂണുകൾ. ബീച്ച് കാണാനെത്തിയ കുട്ടികളിലാണ് പ്രതീക്ഷ. ബലൂണുകൾ പേശി വിൽക്കുന്നു. കാമറ കണ്ടതോടെ അന്നം മുട്ടിക്കാനെത്തിയവരാണെന്ന് കരുതി പേടിച്ചൊളിച്ചു.. 

നാം എന്നും കാണുകയും ഓര്‍ക്കുകയും ചെയ്യുന്ന സാധാരണമുഖങ്ങളുണ്ട് അത്തരം കാഴ്ച്ചകള്‍ക്കിടയില്‍ നമുക്കിനി ചില അസാധരണ മുഖങ്ങള്‍കൂടി ഓര്‍ക്കാം 

രാജ്യത്ത് ഇവനെ പോലെ ധാരാളം പേരുണ്ട്. മക്കൾക്ക് വിദ്യഭ്യാസം നൽകുന്നതിൽ എത്രയോ പിറകിലാണ് ഇന്ത്യക്കാരെന്നാണ് ആഗോള കണക്ക്. മൂന്നു കോടി കുട്ടികളാണ് അക്ഷരമുറ്റത്തേക്കെത്താൻ ഭാഗ്യമില്ലാതെ തെരുവിൽ അലയുന്നത്. ജനിച്ച് വീഴുന്നതിൽ അമ്പത്തിമൂന്ന് ശതമാനം പെൺകുട്ടികൾക്ക് ഇന്നും അക്ഷരങ്ങള്‍‍ അന്യമാണെന്നറിയുമ്പോഴാണ് ശിശുദിനാഘോഷങ്ങളുടെ പൊള്ളത്തരം നമ്മെ പൊള്ളിക്കുന്നത്. 

MORE IN SPECIAL PROGRAMS
SHOW MORE