വിമാനം പറത്തുന്നതിനു പകരം യാത്രക്കാർക്കു മുന്നിൽ വാചകമടിക്കാൻ തുനിഞ്ഞ വനിതാ പൈലറ്റിന്റെ പണി പോയി! യുഎസിലെ ഓസ്റ്റിൻ– ബെർഗ്സ്റ്റോം രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. സാൻ ഫ്രാൻസിസികോയിലേക്ക് പോകേണ്ടിയിരുന്ന യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന്റെ പൈലറ്റാണ്, വിമാനം പറത്തുന്നതിന് പകരം യാത്രക്കാർക്കു മുന്നിൽ വാചകമടിച്ച് പണി കളഞ്ഞത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തോടു തോറ്റ ഹിലറി ക്ലിന്റൻ തുടങ്ങിയവയായിരുന്നു വനിതാ പൈലറ്റിന്റെ ‘പ്രഭാഷണ’ത്തിലെ വിഷയങ്ങൾ. ഇടയ്ക്ക് ഭർത്താവിൽനിന്നും താൻ വിവാഹമോചനം നേടാനിടയാക്കിയ കാരണങ്ങളേക്കുറിച്ചും സംസാരിച്ചു.
വിമാനത്തിനടുത്തേക്ക് എത്തിയതുമുതൽ പൈലറ്റിന്റെ പെരുമാറ്റം അസ്വാഭാവികമായിരുന്നുവെന്നാണ് യാത്രക്കാരുടെ ആരോപണം. ഇവർ സ്ഥലത്തെത്തിയതുതന്നെ പതിവിലും നേരം വൈകിയാണെന്ന് യാത്രക്കാർ പറഞ്ഞു. പതിവു യൂണിഫോമിനു പകരം സാധാരണ വസ്ത്രങ്ങളണിഞ്ഞാണ് വന്നത്. വന്നു കയറിയയുടൻ വിമാനത്തിലെ മറ്റു ജീവനക്കാരുമായി അൽപനേരം വാഗ്വാദം. യാത്രക്കാരിലാരോ ഒരാൾ വിമാന ജീവനക്കാരുമായി തർക്കിക്കുകയാണെന്നേ മറ്റു യാത്രക്കാർ ആദ്യം കരുതിയുള്ളൂ.
എന്നാൽ, വിമാന യാത്രക്കാർക്ക് അറിയിപ്പു നൽകുന്ന മൈക്ക് സംവിധാനം കൈയിലെടുത്ത ഇവർ, ട്രംപിനെയും ഹിലറിയെയും കുറിച്ച് സംസാരിക്കാൻ ആരംഭിച്ചു. ചീത്തവിളിയായിരുന്നു ഇതിൽ ഏറിയ പങ്കും. ഇരുവർക്കും താൻ വോട്ടു െചയ്തില്ലെന്നും ‘തുറന്നുപറഞ്ഞു’. തുടർന്ന് തന്റെ വിവാഹമോചനത്തേക്കുറിച്ചും സംസാരിച്ചു. ഇതോടെ, രംഗം പന്തിയല്ലെന്നു കണ്ട യാത്രക്കാരിൽ ചിലർ വിമാനത്തിൽനിന്നും ഇറങ്ങിപ്പോയി. മറ്റു ചിലരാകട്ടെ, പുതിയ പൈലറ്റിനെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് എയർലൈൻസ് അധികൃതരെ ട്വിറ്ററിലൂടെ ബന്ധപ്പെട്ടു.
തുടർന്ന് മറ്റൊരു പൈലറ്റിനെ സ്ഥലത്തെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. വിമാനം അപ്പോഴേക്കും രണ്ടു മണിക്കൂർ വൈകിയിരുന്നു. സംഭവത്തിൽ ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച യുണൈറ്റഡ് എയർലൈൻസ്, പൈലറ്റിന്റെ പേര് വെളിപ്പെടുത്താൻ തയാറായില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.