അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് ഉജ്വലവിജയം. ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. പ്രസിഡന്റാകാന്‍ വേണ്ട 270 ഇലക്ടറല്‍ വോട്ടുകള്‍ ട്രംപ് അനായാസം സ്വന്തമാക്കി. ഡമോക്രാറ്റിക് ശക്തികേന്ദ്രങ്ങളിലും ട്രംപ് ലീഡ് നേടി. അമേരിക്കയുടെ നാല്‍പ്പത്തഞ്ചാമത്തെ പ്രസിഡന്റാണ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും ട്രംപാണ്. മൈക്ക് പെന്‍സാണ് വൈസ് പ്രസിഡന്റ്. എല്ലാ രാജ്യങ്ങളുമായും സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് അണികളെ അഭിസംബോധന ചെയ്ത് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളേയും ഒരുപോലെ പരിഗണിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കും. മല്‍സരം കഴിഞ്ഞെന്നും ഇനി രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. പോരാട്ടം കടുത്തതായിരുന്നുവെന്ന് പറഞ്ഞ ട്രംപ്, എതിര് സ്ഥാനാര്‍ഥി ഹിലറിക്ക് നന്ദി രേഖപ്പെടുത്തി.
അമേരിക്കന്‍ സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് മുന്‍തൂക്കം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി 48ഉം, ഡമോക്രാറ്റിക് പാര്‍ട്ടി 46ഉം സീറ്റുകള്‍ സ്വന്തമാക്കി. ഇന്ത്യന്‍ വംശജരുടെ വിജയക്കുതിപ്പിനും അമേരിക്കന്‍ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. മലയാളിയായ പ്രമീള ജയപാല്‍ യു.എസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട്ടുകാരിയായ പ്രമീള സിയാറ്റില്‍ നിന്നാണ് വിജയിച്ചത്. അമേരിക്കയില്‍ മനുഷ്യാവകാശ സംരക്ഷണത്തിനും, തുല്യവേതനത്തിനുമായി പ്രവര്‍ത്തിച്ചാണ് പ്രമീള ശ്രദ്ധേയയായത്. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വംശജയായ കമല ഹാരിസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കലിഫോര്‍ണിയയില്‍ നിന്നും വിജയിച്ച കമല ഹാരീസ് യുഎസ് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടം സ്വന്തമാക്കി. എന്നാല്‍ ന്യൂജഴ്സിയില്‍ നിന്നു ജനപ്രതിനിധി സഭയിലേക്ക് മത്സരിച്ച മലയാളി പീറ്റര്‍ ജേക്കബ് പരാജയപ്പെട്ടു.