ഇറാഖ് നഗരമായ മൊസൂളില്‍ നിന്ന് ഐ.എസിനെ തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ഇറാഖ് യു.എസ് സഖ്യസേന മൊസൂളിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തി. ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ച് എല്ലാ മേഖലയില്‍ നിന്നും ശക്തമായ ആക്രമണം അഴിച്ചുവിടുകയാണ് സഖ്യസേന.
അന്പതിനായിരത്തില്പരം വരുന്ന ഇറാഖ് സേനയും , കുര്‍ദ്ദ് പോരാളികളും യു.എസ് സേനയ്ക്കൊപ്പം നിന്നാണ് ഐ.എസിനെ ഇറാഖില്‍ നിന്ന് തുരത്താനുള്ള യുദ്ധം രണ്ടാഴ്ച്ചയായ് തുടരുന്നത്. മൊസൂളില്‍ എത്തുന്നതിനും തൊട്ടു മുന്‍പുള്ള ബസുവായ ഗ്രാമം ഒടുവിലായി ഐ.എസില്‍ നിന്ന് സേന തിരച്ചുപിടിച്ചു. 3000 മുതല്‍ 5000 വരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണ് മൊസൂള്‍ നഗരത്തില്‍ ഉള്ളത്.
ഇവര്‍ക്ക് പുറത്ത് കടക്കാനുള്ള മാര്‍ഗങ്ങളെല്ലാം സഖ്യസേന അടച്ചു. ചെറുത്തുനില്‍ക്കുകയോ കീഴടങ്ങുകയോ മാത്രമാണ് ഇപ്പോള്‍ ഇവര്‍ക്കു മുന്നിലുള്ള പോംവഴി. 2014 ജുലൈയിലാണ് ഇറാഖ് സൈന്യത്തെ തുരത്തി ഐ.എസ് തീവ്രവാദികള്‍ പിടിച്ചടക്കിയത് സിറിയയിലെ റാഖ കഴിഞ്ഞാല്‍ ഐ.എസിന്റെ രണ്ടാമത്തെ ശക്തികേന്ദ്രമാണ് ഇറാഖിലെ മൊസൂള്‍ നഗരം.