ഒരു രാത്രി ഹോട്ടലിൽ അന്തിയുറങ്ങാൻ 14 ലക്ഷം രൂപ. ഇറ്റലിയിലെ മിലാനിലുള്ള ഇക്സെൽസീർ ഹോട്ടൽ ഗാലിയയിൽ ആണ് ഒരു ദിവസത്തെ ആഡംബരതാമസത്തിന് ഈ തുക ഇടാക്കുന്നത്. ലോക ട്രാവൽ അവാർഡിന്റെ 2016 വർഷത്തെ ഏറ്റവും മികച്ച ഹോട്ടൽ വിഭാഗത്തിനുള്ള അവാർഡ് നേടിയ ഹോട്ടൽ ആണ് മിലാൻ ഇക്സെൽസീർ.
തുടർച്ചയായ രണ്ടാം തവണയാണ് ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലിനുള്ള പുരസ്കാരം ഈ ഹോട്ടൽ കരസ്ഥമാക്കുന്നത്. ഇവിടുത്തെ ഏറ്റവും ഉയർന്ന സ്യൂട്ടായ ഗ്രാൻഡ് ലക്ഷ്വറി സ്യൂട്ടിൽ ഒരു ദിവസത്തിന് പതിനാലുലക്ഷം രൂപയാണ് ഇടാക്കുന്നത് .ഇവിടുത്തെ സാധാരണ മുറിക്ക് ഒരു ദിവസത്തെ വാടക 17,000 ആണ് ചാർജ്. സ്വകാര്യത ആവശ്യമുള്ള സന്ദർശകർക്ക് ലക്ഷ്വറി സ്യൂട്ടിൽ സ്വകാര്യ ലിഫ്റ്റ് സൗകര്യം വരെയുണ്ട ്.
നാലു മുറികൾ ആണ് ഒരു സ്യൂട്ടിൽ ഉള്ളത്, ഒരു സ്വകാര്യ മട്ടുപ്പാവ്, സ്വകാര്യ സ്പാ എന്നിവയെല്ലാമുണ്ട്. ലക്ഷ്വറി സ്യൂട്ടായ കത്താറ സ്യൂട്ടിലെ ജാലകങ്ങൾ എല്ലാം ബുള്ളറ്റ് പ്രൂഫാണ്. ഇറ്റാലിയൻ ശൈലിയിലുള്ള ഇന്റീരിയർ ഡിസൈനുകളാണ് ഹോട്ടലിൽ നിർമ്മിച്ചിരിക്കുന്നത്. മീറ്റിംഗുകൾ നടത്താനുള്ള കോൺഫറൻസ് മുറി,10 മീറ്റർ തീൻമേശ എന്നീ സൗകര്യങ്ങളും ഹോട്ടലിലുണ്ട്. സ്യൂട്ട് പാക്കേജുകൾ ഉൾപ്പെടെ 24 മണിക്കൂറും സേവനം ലഭ്യമാണ്.
സ്യൂട്ടുകളിൽ രണ്ടു മട്ടുപ്പാവുകളും ഡൈനിങ്ങ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ സ്വകാര്യ സ്പാ, ടർക്കിഷ് ബാത്ത് എന്നീ സൗകര്യങ്ങളും ഉണ്ട്. ഒരിക്കൽ തങ്ങളുടെ രാജകീയവിരുന്ന് ആസ്വദിക്കുന്നവർക്ക് അതു ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം ആയിരിക്കും എന്നാണ് ഹോട്ടൽ അധികൃതർ അവകാശപ്പെടുന്നത്.