കണ്മുന്നില് വിപ്ലവം നടത്തി അധികാരമേറ്റ ഫിദല്‍ കാസ്ട്രോയെ അധികാരഭ്രഷ്ടനാക്കാന്‍ മാത്രമല്ല വധിക്കാന്‍ വരെ അമേരിക്ക പലവട്ടം ശ്രമിച്ചിരുന്നു. പക്ഷേ, ഈ പ്രസിഡന്റുമാരില്‍ പലരും മണ്മറഞ്ഞെങ്കിലും സ്വയം അധികാരത്തില്‍ നിന്നൊഴിയാന്‍ തീരുമാനിക്കുന്നതു വരെ കാസ്ട്രോ ക്യൂബയുടെ സര്‍വാധികാരിയായി തുടര്‍ന്നു.
അറുന്നൂറ് വധശ്രമങ്ങളെ അതിജീവിച്ചയാള്‍. ഒടുവില്‍ മരിച്ചത് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ തൊണ്ണൂറാം വയസില്‍. ക്യൂബക്കാരുടെ മനസില്‍ ഫിദല്‍ എന്നും അമാനുഷനായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റുമാരായിരുന്ന ഐസനോവര്‍, ജോണ്‍ എഫ്. കെന്നഡി തുടങ്ങിയവരുടെ കാലത്തു തുടങ്ങി വധശ്രമങ്ങള്‍. കാസ്ട്രോയെ കൊല്ലാന്‍ സിഐഎ മാഫിയയുടെ വരെ സഹായം തേടി. വ്യക്തിത്വം തകര്‍ക്കാന്‍ കാസ്ട്രോ പങ്കെടുത്ത റേഡിയോ പ്രക്ഷേപണം നടക്കുന്ന സ്റ്റുഡിയോയില്‍ ലഹരിമരുന്ന് നിറച്ചു. മുഖശ്രീയായ താടി കൊഴിഞ്ഞുപോവുന്നതിനായി ഷൂസിനുള്ളില്‍ രാസവസ്തു തളിച്ചു. കൊല്ലാനായി നീന്തല്‍ വസ്ത്രത്തിലും സിഗാറിലും വിഷം നിറച്ചു. ജോണ്‍ കെന്നഡി പ്രസിഡന്റായിരിക്കെ ഒരു സംഘം ക്യൂബക്കാരെക്കൊണ്ടു തന്നെ കാസ്ട്രോയെ വധിക്കാന്‍ ശ്രമം നടത്തി. 'ബേ ഓഫ് പിഗ്സ്' എന്ന് അറിയപ്പെട്ട ഈ സംഭവം പിന്നീട് അമേരിക്കയ്ക്കാകെ നാണക്കേടായി മാറി. കാസ്ട്രോയെ കൊല്ലാന്‍ 638 വഴികള്‍ എന്ന പേരില്‍ ഒരു ഡോക്യൂമെന്ററി വരെ പുറത്തിറങ്ങിയിട്ടുണ്ട്.