ചൈനയുടെ ഏറ്റവും പുതിയ അഞ്ചാം തലമുറ പോർവിമാനങ്ങളുടെ വിവരങ്ങൾ പുറത്തുവന്നു. ആകാശത്തു നിന്നു തീതുപ്പാൻ ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ചെങ്ദു ജെ–20 പോർവിമാനത്തിലുള്ളത്. ചെങ്ദു ജെ–20യുടെ ചിത്രങ്ങൾ ട്വിറ്ററിലും ഫെയ്സ്ബുക്കിലും വന്നിട്ടുണ്ട്.
ചെങ്ദു എയർക്രാഫ്റ്റ് ഇൻഡസ്ട്രി ഗ്രൂപ്പ് ഫാക്ടറിയിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നരിക്കുന്നത്. ചൈനീസ് മാധ്യമങ്ങളിൽ നിന്നു ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം പുതിയ പോർവിമാനം സുഹാരി എയർ ഷോയിൽ പ്രദർശിപ്പിക്കുന്നാണ് അറിയുന്നത്. നവംബർ ഒന്നു മുതൽ ആറു വരെയാണ് എയർ ഷോ.
ശത്രുക്കളെ കണ്ണുവെട്ടിച്ച് മുന്നോട്ടു നീങ്ങാനായി ചാരനിറമാണ് ജെ–20യിൽ ഉപയോഗിച്ചിരിക്കുന്നത്. 2011 ലാണ് ചൈന ജെ–20 പോർവിമാനം പുറത്തിറക്കുന്നത്. പിന്നീട് നിരവധി മാറ്റങ്ങളും ടെക്നോളജികളും കൂട്ടിച്ചേർത്തു. ഏറ്റവും കുറഞ്ഞ ചെലവിലാണ് ജെ–20 നിര്‍മിക്കുന്നത്. അതേസമയം, ഏതൊക്കെ ആയുധങ്ങളാണ് പുതിയ ജെ–20 യിൽ നിന്നു പ്രയോഗിക്കാൻ കഴിയുക എന്നത് സംബന്ധിച്ച് ചൈനക്കാർക്കു മാത്രമേ അറിയൂ.
രണ്ടു എൻജിനുകളുള്ള ജെ–20 യുടെ വേഗം മണിക്കൂറിൽ 2,100 കിലോമീറ്ററാണ്. ദീർഘദൂര എയർ ടു എയർ മിസൈൽ ആക്രമണത്തിനു പുതിയ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ബോംബുകൾ വർഷിക്കാൻ കഴിയും. അതേസയം, ചൈനയുടെ ജെ–20 അമേരിക്കയുടെ എഫ്–22, എഫ്–35 വിമാനങ്ങളോട് ഏറെ സാദൃശ്യമുണ്ടെന്നാണ് നിരീക്ഷകർ ആരോപിക്കുന്നത്. എന്നാൽ, ചൈനയുടെ ജെ–20 നിർമിക്കാൻ അമേരിക്കൻ പോര്‍വിമാനങ്ങളെക്കാൾ കുറഞ്ഞ ചെലവും സമയവും മതി.