അന്ന് യുഎസ് സൈനികന് കൈമാറിയ കുഞ്ഞെവിടെ?; ഉള്ളുലയ്ക്കും കുടുംബത്തിന്റെ തീരാവേദന

afganbabywb
SHARE

അഫ്ഗാനിസ്ഥാനിൽ നിന്നുളള യുഎസ് പിന്‍മാറ്റത്തിനു പിന്നാലെ ഏവരുടെയും ഉള്ളുലച്ച ഒരു കാഴ്ചയായിരുന്നു അത്. അഫ്ഗാൻ ദമ്പതികൾ  യുഎസ് സൈനികർക്ക് മുള്ളുമതിലിനു മുകളിലൂടെ തങ്ങളുടെ കൈക്കുഞ്ഞുങ്ങളെ കൈമാറിയത്. താലിബാന്റെ ഭരണത്തിൽ നിന്നും രക്ഷ നേടാനായി രാജ്യം വിടാനൊരുങ്ങിയ ആ കുടുംബങ്ങൾ കരുതിക്കാണും കുഞ്ഞെങ്കിലും രക്ഷപ്പെടട്ടേ എന്ന്. പക്ഷേ അതിലൊരു ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറി 2 മാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ലെന്നതാണ് ഏറെ വേദനിപ്പിക്കുന്ന റിപ്പോർട്ട്. 

ഓഗസ്റ്റ് 19നാണ് മിര്‍സ അലി അമ്മദിയും ഭാര്യ സുരയ്യയും അഞ്ചു മക്കളെയും കൂട്ടി രാജ്യം വിടാനായി വിമാനത്താവളത്തിലെത്തിയത്. ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിന്റെ കവാടത്തില്‍ തിങ്ങിക്കൂടിയിരുന്നത്. വിമാനത്താവളത്തിന്റെ ഗേറ്റില്‍നിന്ന് വെറും 16 അടി അകലത്തില്‍ മാത്രമായിരുന്നു മിര്‍സയും കുടുംബവും. ആ സമയത്താണ് മതിലിനു മുകളില്‍നിന്ന യുഎസ് സൈനികന്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നു ചോദിച്ചത്. രണ്ടു മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് തിക്കിലുംതിരക്കിലും പരുക്കേല്‍ക്കുമെന്നു ഭയന്ന ദമ്പതിമാര്‍ യുഎസ് സൈനികനു കൈമാറി. പെട്ടെന്നുതന്നെ ഗേറ്റ് കടന്ന് വിമാനത്താവളത്തിനുള്ളില്‍ എത്താനാകുമെന്നാണ് അവര്‍ കരുതിയത്.എന്നാല്‍ വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. കുഞ്ഞിനെ കൈമാറിയതിനു തൊട്ടുപിന്നാലെ സ്ഥലത്തേക്ക് ഇരച്ചെത്തിയ താലിബാന്‍കാര്‍ ആളുകളെ പിന്നോട്ടു തള്ളിമാറ്റി. മിര്‍സയ്ക്കും കുടുംബത്തിനും അരമണിക്കൂറിനു ശേഷമാണ് മറ്റൊരു ഗേറ്റില്‍ കൂടി വിമാനത്താവളത്തിന് ഉള്ളില്‍ കടക്കാന്‍ കഴിഞ്ഞത്. 

അകത്തെത്തിക്കഴിഞ്ഞ് അവര്‍ എല്ലായിടത്തും കുഞ്ഞു സുഹൈലിനു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 10 വര്‍ഷമായി അഫ്ഗാനിലെ യുഎസ് എംബസിയില്‍ സുരക്ഷാ ഗാര്‍ഡായി പ്രവര്‍ത്തിച്ചിരുന്ന മിര്‍സ അലി വിമാനത്താവളത്തിലെ എല്ലാ ഉദ്യോഗസ്ഥരോടും തന്റെ കുഞ്ഞിനെക്കുറിച്ച് അന്വേഷിച്ചു. കുഞ്ഞിനെ പ്രത്യേക സുരക്ഷാ മേഖലയിലേക്കു കൊണ്ടുപോയിരിക്കാമെന്ന് മറുപടി ലഭിച്ചതോടെ അവിടെയെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. കുഞ്ഞിനെ കൈമാറിയ സൈനികനെ കണ്ടെത്താന്‍ മൂന്നു ദിവസത്തോളം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മിര്‍സ അലി പറഞ്ഞു. 

കുഞ്ഞു സുഹൈലിനെ മാത്രമായി ഏതെങ്കിലും വിമാനത്തില്‍ കയറ്റിവിട്ടിരിക്കാമെന്നാണ് ചില ഉദ്യോഗസ്ഥര്‍ അറിയിച്ചത്. 35കാരനായ മിര്‍സയെയും ഭാര്യ സുരയ്യയെയും നാല് മക്കളെയും ആദ്യം ഖത്തറിലേക്കാണ് ഒഴിപ്പിച്ചത്. അവിടെനിന്ന് ജര്‍മനി വഴി അമേരിക്കയില്‍ എത്തിക്കുകയായിരുന്നു. ടെക്‌സസിലെ ഫോര്‍ട്ട് ബ്ലിസില്‍ മറ്റ് അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കൊപ്പം കഴിയുന്ന കുടുംബം യുഎസില്‍ എവിടെയെങ്കിലും താമസമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. 

MORE IN WORLD
SHOW MORE
Loading...
Loading...