ജീവനോടെയിരിക്കെ സ്വന്തം ശവസംസ്കാരം ആഘോഷമായി നടത്തി 59 കാരി: വിഡിയോ

women-rehearses
SHARE

മനുഷ്യനു അനിവാര്യമാണ് മരണം. എന്നായാലും അത് സംഭവിച്ചേ മതിയാകൂ. ഇന്നു കാണുന്നവരെ നാളെ കാണില്ല. അപ്പോൾ മാത്രമാണ് ജീവിതത്തിന്റെ നൈമിഷികത നമുക്ക് മനസിലാകുന്നത്. എന്നാൽ സ്വന്തം മരണം കാണാനെന്ത് ചെയ്യും. ? ആ ചിന്തയാണ്് മെയ്റ അലൊൻസോ എന്ന 59 കാരിയെ ഒരു ‘കടുംൈക’ ചെയ്യാൻ പ്രേരിപ്പിച്ചത്. എന്താണെന്നല്ലേ.. സ്വന്തം ശവസംസ്കാരം നടത്തുക. അമ്പരന്നോ ? അതെ സംഗതി സത്യമാണ്. ഡൊമിനിക്കൻ സ്വദേശിയായ മെയ്റ 73000 രൂപ മുടക്കിയാണ് സ്വന്തം ശവസംസ്കാരം നടത്തിയത്. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

മെയ്റയുടെ സാൻഡിയാഗോയിലെ വീട്ടിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ശവശരീരങ്ങൾ ഒരുക്കുന്നതു പോലെ പൂർണമായും വെള്ള വസ്ത്രമണിഞ്ഞ് തലയിൽ പൂക്കൾ കൊണ്ടുള്ള കിരീടവും ചൂടി ശവമഞ്ചത്തിലാണ് ചടങ്ങുകൾ നടക്കുന്ന ഇടത്തേക്ക് മെയ്റ എത്തിയത്. അതിനുശേഷം വെള്ളനിറത്തിലുള്ള ശവപ്പെട്ടിയിൽ കിടന്നു. ശവശരീരമായി സ്വയം തോന്നിപ്പിക്കാൻ ഇടയ്ക്കിടയ്ക്ക് മൂക്കിൽ പഞ്ഞിയുംവെച്ചു.

മണിക്കൂറുകളോളം ശവപ്പെട്ടിയിൽ കിടന്ന ശേഷമാണ് ഇവർ പുറത്തിറങ്ങിയത്. ഈ സമയമത്രയും ചില ബന്ധുക്കൾ യഥാർത്ഥ മരണ ചടങ്ങിൽ എന്നപോലെ പോലെ കരയുകയും ചെയ്തിരുന്നു. എന്നാൽ മറ്റു ചിലർ ഇതെല്ലാം ആസ്വദിച്ചു ചിരിച്ചുകൊണ്ട് ചിത്രങ്ങൾ പകർത്തുകയായിരുന്നു. ശവപ്പെട്ടിക്കും ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് സൽക്കാരം നടത്തുന്നതിനും വേണ്ടിയാണ് പണമത്രയും ചെലവഴിച്ചത്. ഇത്തരമൊരു ചടങ്ങ് നടത്തിയതിലൂടെ തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്ന് മെയ്റ പറയുന്നു. തന്റെ ആഗ്രഹത്തിനൊപ്പം നിന്ന സുഹൃത്തുക്കളെയും അയൽക്കാരെയുമൊക്കെ നന്ദി അറിയിക്കുന്നതായി അവർ കൂട്ടിച്ചേർത്തു.

താൻ ജീവനോടെ ഇരിക്കുമ്പോൾ തന്നെ ചടങ്ങുകൾ എല്ലാം പൂർത്തിയാക്കിയതിനാൽ മരണശേഷം മറ്റൊരാളും തനിക്കായി ഒന്നും ചെയ്യേണ്ടതില്ല എന്നാണ് മെയ്റ പറയുന്നത്. ശവപ്പെട്ടിക്കുള്ളിൽ കഴിയുക എന്നത് ഭീകരമായ അവസ്ഥയാണ്. അതിനാൽ തന്റെ പ്രിയപ്പെട്ടവർ ആരും അടുത്തൊന്നും മരിക്കരുത് എന്നാണ് മെയ്റയുടെ ആഗ്രഹം. 

ശവസംസ്കാര ചടങ്ങുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലക്ഷക്കണക്കിനാളുകൾ ലോകത്ത് ദിനംപ്രതി മരിച്ചുവീഴുമ്പോൾ മരണം ആഘോഷമാക്കി കൊണ്ടുള്ള ഇത്തരം പ്രകടനങ്ങൾ നടത്തിയത് ശരിയായില്ല എന്നാണ് പലരും വിമർശിക്കുന്നത്. അതേസമയം കോവിഡ് മരണങ്ങളെക്കുറിച്ചുള്ള വാർത്തകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ജീവിതം ആഘോഷമാക്കുന്നതിനായി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത് എന്നാണ് മെയ്റയുടെ പ്രതികരണം.

MORE IN WORLD
SHOW MORE
Loading...
Loading...