ആയിരക്കണക്കിന് വർഷം മണ്ണിനടിയിൽ; തൂത്തൻഖാമന്റെ മുത്തശ്ശന്റെ അദ്ഭുതനഗരം കണ്ടെത്തി

gold-city-agypt
SHARE

ലോകത്തിലെ ഏറ്റവും പ്രശസ്തനായ മമ്മിയുടെ ഉടമയായ തൂത്തൻ ഖാമന്റെ മുത്തശ്ശൻ അമേൻഹോടെപ് മൂന്നാമൻ പണികഴിപ്പിച്ച നഗരം ഈജിപ്തിൽ നിന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. ലൂക്‌സറിലെ സുവർണ നഗരമെന്നു പേരുള്ള ഈ നഗരം ആയിരക്കണക്കിനു വർഷങ്ങളായി മണലിൽ പൂണ്ടു കിടക്കുകയായിരുന്നു. ഈജിപ്ഷ്യൻ നാഗരികതയുടെ പൗരാണിക കേന്ദ്രമായ ലൂക്‌സറിനു സമീപമാണ് പ്രശസ്ത പുരാവസ്തു ഗവേഷകനായ സാഹി ഹവാസിന്‌റെ നേതൃത്വത്തിലുള്ള സംഘം നഗരം ഖനനത്തിലൂടെ പുറത്ത് എത്തിച്ചത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചരിത്രപര്യവേക്ഷകനായ ഹോവാർഡ് കാർട്ടർ ഈജിപ്തിലെ രാജാക്കൻമാരുടെ താഴ് വരയിൽ നിന്നു തൂത്തൻഖാമന്റെ കല്ലറയും തുടർന്ന് മമ്മിയും കണ്ടെത്തിയ ശേഷമുള്ള ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലാണ് ഇതെന്നാണു വിദഗ്ധരുടെ നിരീക്ഷണം. നഗരഘടനയ്ക്കു പുറമേ സ്വർണാഭരണങ്ങൾ, മൺപാത്രങ്ങൾ, സ്‌കരാബ് എന്നു പറയുന്ന ചെല്ലികളുടെ ആകൃതിയിലുള്ള ലോക്കറ്റുകൾ എന്നിവയും കണ്ടെടുത്തു. ധാരാളം അടുപ്പുകളുള്ള ഒരു ബേക്കറിയും ഭരണസ്ഥാപനങ്ങളും വീടുകളുമൊക്കെ നഗരത്തിലുണ്ട്. നഗരത്തിന്‌റെ വലുപ്പം പൂർണമായും നിശ്ചയിക്കാൻ ശാസ്ത്രജ്ഞർക്കു കഴിഞ്ഞിട്ടില്ല. ഹീറോഗ്ലിഫിക്‌സ് രീതിയിൽ എഴുതപ്പെട്ട രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ഈജിപ്ഷ്യൻ തലസ്ഥാനം കെയ്‌റോയ്ക്കു 300 കിലോമീറ്റർ അകലെയാണ് ഈ മേഖല.

MORE IN WORLD
SHOW MORE
Loading...
Loading...