ജില്ലിനു ചായ നല്‍കാതെ മെലാനിയയും; എല്ലാം തെറ്റിച്ച് ട്രംപും ഭാര്യയും

trump-tea-party
SHARE

ഇന്നു ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങു കാണാൻ നിൽക്കാതെ 3 മണിക്കൂർ മുൻപെങ്കിലും ട്രംപ് വൈറ്റ്ഹൗസ് വിടുമെന്നു റിപ്പോർട്ടുകൾ. ഫ്ലോറിഡയിലെ മാരലഗോയിലെ സ്വന്തം റിസോർട്ടിലേക്കാണു ട്രംപ് കുടുംബം മാറുന്നത്. അതേസമയം നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള പല പരമ്പരാഗത കീഴ്‌വഴക്കങ്ങളും പാലിക്കാതെയാവും ട്രംപും മെലാനിയയും വൈറ്റ് ഹൗസ് വിടുകയെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പ്രസിഡന്റ് ജോ ബൈഡനെയോ ഭാര്യ ജില്‍ ബൈഡനെയോ വൈറ്റ് ഹൗസിനുള്ളിലേക്കു ക്ഷണിക്കാതെയാവും ട്രംപും മെലാനിയയും വൈറ്റ് ഹൗസിന്റെ പടിയിറങ്ങുക.

ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിലും ട്രംപ് പങ്കെടുക്കില്ലെന്നാണു റിപ്പോര്‍ട്ട്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാവും ചടങ്ങിനെത്തുക.  ബറാക് ഒബാമ കാപിറ്റോള്‍ ടവറില്‍ 2017ലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉടനീളം പങ്കെടുത്തിരുന്നു. നിയുക്ത പ്രസിഡന്റിനെ കാപിറ്റോള്‍ ടവറില്‍നിന്ന് വൈറ്റ് ഹൗസിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുന്ന പരേഡും ഇത്തവണയില്ല. പകരം പരേഡ് എക്രോസ് അമേരിക്ക എന്ന പേരില്‍ വെര്‍ച്വല്‍ പരിപാടി രാജ്യത്തുടനീളം സംഘടിപ്പിക്കും.

അധിക്കാരക്കൈമാറ്റത്തിനു മുമ്പ് പരമ്പരാഗതമായി നടക്കുന്ന നിരവധി ചടങ്ങുകളുണ്ട്. പ്രഥമ വനിത, നിയുക്ത പ്രഥമവനിതയ്ക്കു നടത്തുന്ന ചായ സത്കാരമാണ് അതിലൊരു ചടങ്ങ്. എന്നാല്‍ ഇക്കുറി ജില്‍ ബൈഡനെ ക്ഷണിക്കാന്‍ മെലാനിയ തയാറായിട്ടില്ല. ചായ സത്കാരത്തിനുശേഷം നിയുക്ത പ്രഥമ വനിതയെ പ്രസിഡന്‍ഷ്യല്‍ പാലസ് ചുറ്റിനടത്തി കാണിക്കുകയും പതിവാണ്. വൈറ്റ് ഹൗസിന്റെ നോര്‍ത്ത് പോര്‍ട്ടിക്കോയില്‍ പ്രസിഡന്റ് പുതിയ പ്രസിഡന്റിനെ സ്വീകരിച്ച് കാപിറ്റോളിലേക്കു കൊണ്ടു പോകുന്ന ചടങ്ങും ഇക്കുറിയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. 

ബൈഡനും ജില്ലും എത്തുമ്പോള്‍ ട്രംപിനും മെലാനിയയ്ക്കും പകരം വൈറ്റ് ഹൗസ് ചീഫ് അഷര്‍ തിമോത്തി ഹാര്‍ലെത്ത് ആവും അവരെ സ്വീകരിക്കാനുണ്ടാകുക. 2017ല്‍ വാഷിങ്ടനിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍നിന്നാണ് തിമോത്തിയെ വൈറ്റ് ഹൗസില്‍ നിയമിച്ചത്. ബൈഡന്‍ എത്തുന്നതോടെ തിമോത്തിയും വൈറ്റ് ഹൗസില്‍നിന്നു പടിയിറങ്ങും.

1950കളിലാണ് പ്രഥമ വനിതകളുടെ ചായസത്കാരത്തിനു തുടക്കം കുറിച്ചത്. മുന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്റെ ഭാര്യ ബെസ് ട്രൂമാന്‍ ഐസന്‍ഹോവറിന്റെ ഭാര്യ മാമിയെ സ്വീകരിച്ചു. പിന്നീട് ബാര്‍ബറ ബുഷ്, ലോറ ബുഷ്, മിഷേല്‍ ഒബാമ തുടങ്ങിയവരും ആ കീഴ്‌വഴക്കം പാലിച്ചു. അധികാരമേല്‍ക്കും മുമ്പ് ട്രംപ്, ഒബാമയുടെ പൗരത്വം ചോദ്യം ചെയ്തിട്ടു പോലും മിഷേല്‍, മെലാനിയയെ ക്ഷണിച്ച് ചായസത്കാരം നടത്തിയിരുന്നു. 

പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ബൈഡന്‍ ഉച്ചയ്ക്ക് അര്‍ലിങ്ടന്‍ നാഷണല്‍ സെമിത്തേരിയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ല്യു. ബുഷ് എന്നിവര്‍ ഒപ്പമുണ്ടാകും. ഈ സമയത്താവും ബൈഡന്റെ വ്യക്തിപരമായ വസ്തുക്കള്‍ വൈറ്റ്ഹൗസിലെത്തിക്കുക. ആ സമയത്തിനുള്ളില്‍ ട്രംപിന്റെ എല്ലാ സാധനങ്ങളും വൈറ്റ് ഹൗസില്‍നിന്ന് ഒഴിവാക്കി മുഴുവന്‍ ക്യാംപസും ശുചീകരിച്ചിട്ടുണ്ടാകും. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിദിന ശുചിയാക്കലിനു പുറമേ വന്‍കരാറുകാരെ നിയോഗിച്ചാണ് പൂര്‍ണമായ ശുചീകരണം നടത്തുന്നത്. 

കിടപ്പുമുറികളില്‍ എല്ലാം പുതുതായി ക്രമീകരിക്കും. ബൈഡനും ജില്ലും ഒരേ കിടപ്പുമുറിയാവും ഉപയോഗിക്കുക. ട്രംപിനും മെലാനിയയ്ക്കും പ്രത്യേക കിടപ്പുമുറികള്‍ സജ്ജമാക്കിയിരുന്നു. മെലാനിയ വെസ്റ്റ് സിറ്റിങ് ഹാളിനു സമീപത്തുള്ള വൈറ്റ് ഹൗസിലെ ഏറ്റവും വലിയ ബെഡ്‌റൂം സ്യൂട്ടാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്്. തിങ്കളാഴ്ച തന്നെ ട്രക്കുകള്‍ വൈറ്റ് ഹൗസില്‍നിന്ന് ഫ്‌ളോറിഡയിലെ പാം ബീച്ചിലേക്കു സാധനങ്ങള്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. വൈറ്റ് ഹൗസ് വിടുന്ന ട്രംപ് ഇവിടുത്തെ പ്രൈവറ്റ് ക്ലബ്ബിലാവും തങ്ങുകയെന്നാണ് ഇപ്പോഴത്തെ വിവരം. 

മറക്കാന്‍ കഴിയാത്ത വര്‍ഷങ്ങള്‍ എന്നാണ് ആറു മിനിറ്റ് നീണ്ട വിടവാങ്ങല്‍ വിഡിയോ സന്ദേശത്തില്‍ വൈറ്റ് ഹൗസ് വാസത്തെക്കുറിച്ച് മെലാനിയ വിശേഷിപ്പിച്ചത്. ട്രംപിനെക്കുറിച്ചു ചുരുക്കം ചില വാക്കുകള്‍ മാത്രമാണ് മെലാനിയ പരാമര്‍ശിച്ചത്. വൈറ്റ് ഹൗസിലെ സമയം അവസാനിക്കുമ്പോള്‍ തനിക്കൊപ്പം നിന്നവരുടെ സ്‌നേഹത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും കഥകള്‍ ഹൃദയത്തോടു ചേര്‍ത്തു കൊണ്ടുപോകുകയാണെന്നും മെലാനിയ പറഞ്ഞു. അക്രമം ഒന്നിനും ഉത്തരമല്ലെന്നും മെലാനിയ പറഞ്ഞു.

MORE IN WORLD
SHOW MORE
Loading...
Loading...