ആദ്യകാഴ്ചയിൽ അനുരാഗം; വിവാഹം; കമലയുടെ കൂട്ടും കുടുംബവും

kamala-10
SHARE

യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ വൈസ്പ്രസിഡന്റ് എന്ന പദവിയിലേക്ക് കമലാ ഹാരിസ് നടന്നു കയറിയപ്പോൾ സന്തോഷം കൊണ്ട് ആദ്യം കണ്ണു നിറഞ്ഞത് കൂട്ടുകാരൻ ഡഗ്ലസ്  എംഹോഫിനായിരുന്നു. എന്റർടെയ്ൻമെന്റ്, മീഡിയ, സ്പോർട്സ് മേഖലകളുമായി ബന്ധപ്പെട്ട അഭിഭാഷകനായ ഡഗ്ലസ് എംഹോഫിനെ 6 വർഷം മുൻപാണു കമല വിവാഹം ചെയ്തത്. ഇരുവർക്കും ഒരേ പ്രായം– 56. ന്യൂയോർക്കിലെ ബ്രൂക്ക്‌ലിനിലുള്ള ജൂതകുടുംബത്തിൽ ജനിച്ച്, കലിഫോർണിയയിൽ പഠിച്ചു വളർന്നതാണു ഡഗ്ലസ്. ഒരു പൊതുസുഹൃത്തു വഴി പരിചയപ്പെട്ട ഇരുവരും ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ അനുരാഗബദ്ധരായി.

കമലയുടെ അനുജത്തിയും അഭിഭാഷകയുമായ മായയാണു വിവാഹം നടത്തിക്കൊടുത്തത്. ഡഗ്ലസ് എന്ന ഡഗ് ഭാരതീയ സംസ്കാരമനുസരിച്ചു കമലയ്ക്കു വരണമാല്യം ചാർത്തി. ജൂത വിശ്വാസപ്രകാരം ചില്ല് ഗ്ലാസ് ചവിട്ടിപ്പൊട്ടിക്കുന്ന വിവാഹ ആചാരമനുസരിച്ച്, നവവധുവായ കമലയും അങ്ങനെ ചെയ്തു.   

ചലച്ചിത്ര നിർമാണ കമ്പനിമേധാവിയായ കേർസ്റ്റിൻ മാക്കിനാണ് ഡഗ്ലസിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിലെ മക്കളാണ് കോളും എലയും. അമ്മ എന്നർഥമുള്ള ‘മോമല’ എന്നാണ് കോളും എലയും കമലയെ വിളിക്കുന്നത്. 

ചരിത്രത്തിലാദ്യമായി വനിതാ വൈസ് പ്രസിഡന്റ് വരുന്നതോടെ അമേരിക്കൻ ജനതയ്ക്ക് ആദ്യത്തെ സെക്കൻഡ് ജന്റിൽമാനെയും ഡഗ്ലസിലൂടെ ലഭിച്ചു. യുഎസ് പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ ജൂതമതത്തിൽപ്പെട്ട പങ്കാളിയുള്ളതും ഇതാദ്യമാണ്. 

MORE IN WORLD
SHOW MORE
Loading...
Loading...