ട്രംപിന് ‘അറിയാത്ത’ സ്വന്തം രഹസ്യപ്പട; ക്യുഅനോന്‍ എന്ന ഗൂഢാലോചനക്കൂട്ടം

q-anon-explainer
SHARE

ഒക്ടോബര്‍ 15, എന്‍ബിസി ടൗണ്‍ഹാള്‍.

മോഡറേറ്റര്‍: ക്യുഅനോന്‍ വെറും പ്രാന്താണെന്നും അങ്ങനെ ഒന്നില്ലെന്നും എന്തുകൊണ്ട് പറയുന്നില്ല.

ട്രംപ് – എനിക്ക് ക്യൂഅനോനെക്കുറിച്ച് അറിയില്ല. 

മോഡറേറ്റര്‍: നിങ്ങള്‍ക്ക് അറിയാം.

ട്രംപ്: എനിക്കറിയില്ല, ഇല്ല, എനിക്കറിയില്ല, എനിക്കറിയില്ല.

താനാരാണെന്ന തനിക്കറിയില്ലെങ്കില്‍ താനെന്നോടു ചോദിക്ക് താനാരാണെന്ന്, തനിക്ക് ഞാന്‍ പറഞ്ഞുതരാം താനാരെന്ന് എന്നതുപോലെയാണ്  അമേരിക്കന്‍ പ്രസിഡന്റ് പദമെന്ന തേന്മാവിന്‍ കൊമ്പത്തിരിക്കുന്ന ട്രംപിന്റെ നിലപാട്. ക്യുഅനോന്‍ എന്തെന്ന് ട്രംപിനറിയാം. രണ്ടുമാസം മുമ്പ് ഇതേ ട്രംപ് പറഞ്ഞത് എന്തെന്ന് നോക്കാം.  

ഓഗസ്റ്റ് 20

കൂടുതല്‍ അറിയില്ല. ഞാന്‍ പ്രസിഡന്റാവും മുമ്പ് തുടങ്ങിയതാണ്. അവര്‍ രാജ്യത്തെ സ്നേഹിക്കുന്നവരാണ്. അവര്‍ക്ക് ജനപിന്തുണ കൂടുന്നുണ്ടെന്നും അറിയാം. എന്നെ അവര്‍ക്ക് ഇഷ്ടമാണെന്നല്ലാതെ കൂടുതലൊന്നും അറിയില്ല. 

ലോകത്തെ പ്രശ്നങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ഇടതുമൗലികവാദത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നുണ്ട്. ഈ രാജ്യം പോയാല്‍ ലോകം മുഴുവന്‍ വീഴും. 

അപ്പോള്‍ ട്രംപിന് അറിയാം. ശരിക്കും അറിയാം. പക്ഷേ പറയില്ലെന്ന് മാത്രം. ശരിക്കും എന്താണ്ക്യൂ അനോന്‍..? 

ഓണ്‍ലൈന്‍ ഗൂഢാലോചന സിദ്ധാന്തമാണിത്. 

കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവരില്‍ നിന്ന് ലോകത്തെ മോചിപ്പിക്കാനെത്തിയ രക്ഷകനാണ് ഡോണള്‍ഡ് ട്രംപ് എന്ന് ഇവര്‍ വിശ്വസിക്കുന്നു. ഡെമോക്രാറ്റ് നേതാക്കള്‍ മുതല്‍ ഹോളിവുഡ് താരങ്ങള്‍ വരെ ട്രംപ് നയിക്കുന്ന ഈ രഹസ്യസംഘത്തില്‍ അംഗങ്ങളാണ്. അവര്‍ ബ്ലാക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭത്തെ എതിര്‍ത്തും പൊലീസിനെ പിന്തുണച്ചും പോര്‍ട്‍ലന്‍ഡില്‍ പരസ്യമായിറങ്ങി. ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഇവരുടെ സിദ്ധാന്തങ്ങളെ പരസ്യമായി പിന്തുണയ്കുന്ന ആളാണ്.    ക്യൂ എന്ന പേരില്‍ അറിയപ്പെടുന്ന, ട്രംപിന്റെ വിശ്വസ്തരിലൊരാളെന്ന് അവകാശപ്പെടുന്ന വ്യക്തിയാണ് പ്രസ്ഥാനത്തെ സാമൂഹികമാധ്യമങ്ങളില്‍ നയിക്കുന്നത്.   4chan എന്ന മെസേജ് ബോര്‍ഡില്‍ നിന്ന് 2017ല്‍ തുടങ്ങിയ സന്ദേശങ്ങള്‍ക്ക് ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അനുയായികളേറി. ഇത്തരം ഗൂഢാലോചന സിദ്ധാന്തം രുചിച്ചവരെ പിന്നീടും പിന്നീടും കൂടുതല്‍ പോസ്റ്റുകളിലൂടെ വലിഞ്ഞുമുറുക്കുക എന്നതാണ് സാമൂഹികമാധ്യമങ്ങളിലെ രീതി. കഴിഞ്ഞ മാര്‍ച്ച് ആയപ്പോഴേക്കും ഫെയ്സ്ബുക്കില്‍ മാത്രം പിന്തുണ കൂടിയത് 120%. പിന്നെ, റഷ്യക്കാരുടെ ചെറിയ പിന്തുണയും ഉണ്ടെന്ന് പറയപ്പെടുന്നു.  

സോഷ്യല്‍ ഡലെമ്മ എന്ന ഡോക്യുഡ്രാമയില്‍ പറഞ്ഞതുപോലെ "The very meaning of culture is manipulation."  ആരുടെയൊക്കെയോ താല്‍പര്യപ്രകാരം ജനതയെ രൂപപ്പെടുത്തിയെടുക്കലാണ്. ഒരേകാര്യം തന്നെ സ്ഥിരമായി കാണുകയും അറിയുകയും ചെയ്താല്‍ സ്വാഭാവികമായും അതില്‍ ആകൃഷ്ടരാവും. മറ്റ് ആശയങ്ങളെയെല്ലാം വെറുക്കും.  

എന്തായാലും ഒരു പരിധി വിട്ടപ്പോള്‍ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ക്യുഅനോനിനെതിരെ നടപടി തുടങ്ങി. ആശയത്തെ പിന്തുണയ്ക്കുന്നവരുടെ അക്കൗണ്ടും ഗ്രൂപ്പുകളും നീക്കി. ഒരു ഭീകരപ്രസ്ഥാനത്തെ നേരിടുന്ന അതേ രീതി. കൂര്‍മ്പന്‍ വെള്ളത്തൊപ്പിയും നീളന്‍ വസ്ത്രവുമായി ആഫ്രിക്കന്‍ വംശജരെ വേട്ടയാടിയ കു ക്ലക്സ് ക്ലാന്‍ മുതല്‍ അമേരിക്കയില്‍ രഹസ്യസംഘങ്ങളും ഗൂഢാലോചനാ സിദ്ധാന്തക്കാരും ഒട്ടും കുറവില്ല. അധികാരം പിടിച്ചെടുക്കുകയും വ്യവസായ, വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കുകയുമാണ് ഈ സംഘങ്ങളുടെ ലക്ഷ്യം. അക്രമങ്ങള്‍ നടത്തും, കുരിശ് മുതല്‍ സദ്ദാമിനെ വരെ ഭീതിയുടെ പ്രതീകങ്ങളാക്കും. നിഴല്‍പോരാട്ടവും ഒളിയുദ്ധവും നടത്തും. വെറുപ്പിന്റെയും പരസ്പരവിദ്വേഷത്തിന്റെയും രാഷ്ട്രീയമാണത്. ക്യൂഅനോനും കുക്ലക്സ് ക്ലാനും മറ്റിടങ്ങളിലുമുണ്ട്. പല പേരുകളില്‍. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞും വെറുപ്പും വിദ്വേഷവും വളര്‍ത്തിയും മനുഷ്യരെ തമ്മിലടിപ്പിക്കുന്നവര്‍. വിഭജിച്ചു ഭരിക്കുക എന്ന പഴയ കൊളോണിയല്‍ രീതി. എന്ത് കൊള്ളരുതായ്മയും പടര്‍ത്താനുള്ള പടര്‍ക്കളമായി സാമൂഹികമാധ്യമങ്ങളും കൂട്ടിനുണ്ട്.  

ട്രംപിനു മാത്രമല്ല, നമുക്ക് ചുറ്റുമുള്ളവരും ഭരിക്കുന്നവരുമൊക്കെ ഇതൊന്നും അറിയാറില്ലെന്നല്ലേ സാധാരണ നടിക്കാറ്. ഞാനാരാണെന്നും താനാരാണെന്നും അധികാരം നിലനിര്‍ത്താന്‍ എങ്ങനെ ഉപയോഗിക്കണമെന്നും അവര്‍ക്ക് ശരിക്കും അറിയാം.  

MORE IN WORLD
SHOW MORE
Loading...
Loading...