ചരിത്രം കുറിച്ച് സ്പേസ് എക്സ്; നാസയുടെ ഗവേഷകരുമായി 'ഡ്രാഗൺ' ബഹിരാകാശത്തേക്ക്

spacex-31
SHARE

ചരിത്രംകുറിച്ച് സ്പേസ് എക്സ്. സ്വകാര്യ കമ്പനിയുടെ പേടകത്തില്‍ നാസയുടെ രണ്ട് ഗവേഷകര്‍ ബഹിരാകാശത്തേക്ക് കുതിച്ചു. ഭ്രമണപഥത്തിലെത്തിയ ഡ്രാഗണ്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി എട്ടുമണിയോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. 9 വര്‍ഷത്തിനുശേഷമാണ് അമേരിക്കയില്‍നിന്നുള്ള ബഹിരാകാശ ദൗത്യം നടക്കുന്നത്. 

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.52നാണ്  സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കന്‍ 9 റോക്കറ്റ്  കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് കുതിച്ചത്. അരനൂറ്റാണ്ട് മുന്‍പ് ചന്ദ്രനിലേക്കുള്ള ആദ്യ മനുഷ്യദൗത്യത്തിന് സാക്ഷ്യംവഹിച്ച അതേ ലോഞ്ച് പാഡില്‍നിന്ന്. മിനിറ്റുകള്‍ക്കകം തന്നെ പേടകം ഭ്രമണപഥത്തിലെത്തി. സ്വകാര്യ വാഹനത്തില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്രികര്‍ പോകുന്നത് ഇതാദ്യം.  നാസയുടെ  ഗവേഷകരായ ഡഗ് ഹര്‍ലിയും ബോബ് ബെന്‍കനുമാണ് ചരിത്രദൗത്യത്തിന്റെ ഭാഗമാകുന്നത്. നാലുമാസംവരെ ഇരുവരും നിലയത്തില്‍ തുടരും. 

കഴിഞ്ഞ ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെത്തുടര്‍ന്ന് അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു.2011ന് ശേഷം ആദ്യമായാണ് അമേരിക്കയില്‍നിന്ന് ബഹിരാകാശ ദൗത്യം. വിക്ഷേപണം കാണാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  കെന്നഡി സ്പേസ് സെന്ററില്‍ എത്തിയിരുന്നു. ചൊവ്വയില്‍ ആദ്യമായി കാലുകുത്തുന്നതും ചന്ദ്രനില്‍ ആദ്യവനിതയെ എത്തിക്കുന്നതും അമേരിക്കയായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.

MORE IN WORLD
SHOW MORE
Loading...
Loading...