ഫ്ലോറിഡ വെടിവയ്പ്പിൽ കുരുന്നുകൾക്ക് രക്ഷകയായത് ഇന്ത്യൻ അധ്യാപിക

santhi-1
SHARE

കഴിഞ്ഞ ദിവസം അമേരിക്കയിലെ ഫ്ലോറിഡയിലെ സ്കൂളിൽ 17 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിൽ നിരവധി പേർക്ക് രക്ഷകയായത് ഒരു ഗണിതാധ്യാപികയായിരുന്നു. ശാന്തി വിശ്വനാഥൻ എന്ന ഇന്ത്യൻ വംശജ. സംഭവം നടന്ന ദിവസവും പതിവ് പോലെ തന്റെ ക്ലാസിൽ ആള്‍ജിബ്ര പഠിപ്പിക്കുകയായിരുന്നു ശാന്തി. പതിവില്ലാതെ സ്കൂൾ അലാറം മുഴുങ്ങുന്നത് കേട്ട് എന്താണെന്ന് അന്വേഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമതും അലറാം മുഴങ്ങി. വെടിയൊച്ചയ്ക്ക് സമാനമായ പരിചിതമല്ലാത്ത ശബ്ദം കേട്ട് അപകടം മനസിലാക്കിയ ശാന്തി പൊടുന്നനേ ഇടപെടുകയായിരുന്നു. കുട്ടികളോട് തറയിൽ കിടക്കാൻ ആവശ്യപ്പെട്ട ശേഷം ക്ലാസ്മുറിയുടെ  ജനലുകളും വാതിലുകളും അടച്ചു. തൊട്ടടുത്ത ക്ലാസ് മുറിയിലെ വിദ്യാർഥികൾ വരെ ആക്രമിക്കപ്പെട്ടപ്പോൾ ശാന്തിയുടെ സമയോചിതമായ ഇടപെടൽ മൂലം ഇവരുടെ ക്ലാസിലെ കുട്ടകളെല്ലാം രക്ഷപ്പെടുകയായിരുന്നു. 

‘ടീച്ചർ അടിയന്തരമായി ഇടപെടുകയായിരുന്നു, അവരുടെ വിവേകത്തേയും അറിവിനെയും കൃത്യമായി ഉപയോഗിച്ചു അതിനാൽ തന്നെ ഒരുപാടു കുട്ടികളുടെ ജീവനെയും അവർ രക്ഷിച്ചു’ ശാന്തി രക്ഷപ്പെടുത്തിയ ഒരു വിദ്യാർഥിയുടെ അമ്മ പറയുന്നു. 

സംഭവം നടന്നുകഴിഞ്ഞ് രക്ഷാ സേന എത്തി ശാന്തിയുടെ ക്ലാസ് മുറിയുടെ വാതിലിൽ മുട്ടി തുറക്കാൻ അവശ്യപ്പെട്ടിട്ടും അവർ മുറി തുറക്കാൻ തയ്യാറായില്ല. അതും അക്രമിയുടെ ഒരു തന്ത്രമാണന്ന് വിചാരിക്കുകയായിരുന്നു. തുടർന്ന് തങ്ങൾ അക്രമിയെ തുരത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച ശേഷം മാത്രമാണ് ശാന്തി ക്ലാസ്മുറി തുറന്നത്.

ഈ കഴിഞ്ഞ വാലൻന്റൈൻസ് ദിനത്തിന്റെയന്ന് ഫ്ലോറിഡ സ്റ്റോൺമാൻ ഡൗസ് ഹൈസ്ക്കൂളിൽ പൂര്‍വവിദ്യാർഥിയായ നിക്കോളാസ് ക്രൂസാണ് 15 വിദ്യാർഥികളെയും രണ്ട് ജീവനക്കാരെയും വെടിവച്ചു കൊന്നത്. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വീഡിയോഗെയിമിലൂടെയും മറ്റും കടുത്ത മനോവൈകല്യത്തിനടിമയാണ് പ്രതിയെന്നാണ് പ്രഥമവിവരം. കൃത്യം നടത്തിയശേഷം തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതിയെ പിന്നീട് 40 മിനുട്ടുകൾക്ക് ശേഷം അടുത്തുള്ള ടൗണിൽ നിന്ന് പിടികൂടുകയായിരുന്നു എന്നാണ് അധികൃതരുടെ ഭാഷ്യം.

MORE IN WORLD
SHOW MORE