ഐ ലവ് യു മമ്മി...മരണവാതില്‍ക്കല്‍ നിന്ന് നാലുവയസുകാരന്റെ യാത്രാമൊഴി

nolan-cancer
SHARE

ഇത് നാലു വയസുകാരനായ നൊലാന്റേയും അവന്റെ അമ്മ റുത്തിന്റേയും ഹൃദയസ്പർശിയായ കഥ. മൂന്നു വയസുള്ളപ്പോഴായിരുന്നു റുത്തും ഭർത്താവ് ജോനാഥൻ സ്കള്ളിയും ആ യാഥാർഥ്യം മനസിലാക്കിയത്, തങ്ങളുടെ എല്ലാമെല്ലാമായ പിഞ്ചോമനയ്ക്കു കാൻസറാണെന്ന്.

മൂക്കടപ്പിലായിരുന്നു തുടക്കം. ചെറിയൊരു ജലദോഷം മാത്രമായിരിക്കുമെന്നു മാതാപിതാക്കൾ കരുതി. എന്നാൽ ക്രമേണ നൊലാനു ശ്വാസമെടുക്കാൻ ബുദ്ധിമുട്ടേറി. മരുന്നുകളുടേയും ആശുപത്രിവാസങ്ങളുടേയും കാലമായിരുന്നു പിന്നീടങ്ങോട്ട്. മരുന്നുകൾ നൽകിയിട്ടും ഫലമില്ലാതായി. രണ്ടു മാസത്തിനു ശേഷം കുഞ്ഞിന് ട്യൂമറാണെന്നു ഡോക്ടർമാർ കണ്ടെത്തി. ശ്വസനനാളികയിൽ തടസമുണ്ടാക്കുന്ന അപൂർവവും മാരകവുമായ കാൻസർ. 

ചികിത്സകൊണ്ടു ഫലമില്ലെന്നു ഡോക്ടർമാർ വിധിയെഴുതി. രോഗത്തിന്റെ ഭീകരത ആ മാതാപിതാക്കൾ പതുക്കെ ഉൾക്കൊണ്ടു. എല്ലാ നേരവും നൊലാനു അമ്മ അടുത്തു വേണം. കുളിക്കാൻ പോലും അവൻ അമ്മയെ അനുവദിച്ചില്ല. ആ മാതൃസാന്നിധ്യം അവൻ വീണ്ടും വീണ്ടും അനുഭവിക്കാൻ ആഗ്രഹിക്കുന്നതു പോലെ. ഒരു പക്ഷെ തന്റെ ദിനങ്ങൾ അടുത്തെന്നു ആ പിഞ്ചു കുഞ്ഞിനും തോന്നിക്കാണണം. 

ചികിത്സ തുടരുന്തോറും നില വഷളായിക്കൊണ്ടിരുന്നു. ക്രമേണ കാൻസർ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്നു. മരണം കൺമുന്നിൽ സദാ സമയം വാ പിളർന്നു നിൽക്കുന്നതു പോലെ തോന്നിയ ദിനങ്ങൾ. രക്ഷപ്പെടാനുള്ള സാധ്യത നൂറിൽ 20-40 ശതമാനം മാത്രം. സ്വന്തം കുഞ്ഞിന്റെ ദിനങ്ങൾ അടുത്തെന്നു ആ അമ്മയ്ക്കു ബോധ്യമായി. പിന്നെ ആ ദിനങ്ങളെ നേരിടാൻ മാനസികമായി ഒരുങ്ങി. നൊലാൻ ഭക്ഷണം കഴിക്കുന്നത് നന്നെ ചുരുങ്ങി. 

ഒടുവിൽ അന്ത്യദിനം വന്നെത്തി

അപ്രതീക്ഷിതമല്ലെങ്കിലും ആ ദിനം വന്നെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അമ്മ റുത്ത് ആ ദിനം വിവരിച്ചത്. 

ഞാൻ അവന്റെ സമീപം ഇരുന്നു. അവന്റെ മുഖത്തേക്കു നോക്കി ഞാൻ സംസാരിച്ചു. 

നിനക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടോ ?

നൊലാൻ: കുഴപ്പമില്ല.......(ഏറെ ബുദ്ധിമുട്ടി വാക്കുകൾ പുറത്തേക്കു വന്നു)

നീ വല്ലാതെ വേദന അനുഭവിക്കുന്നു, അല്ലേ ?

നൊലാൻ: യാ...(താഴേക്ക് നോക്കുന്നു)

ഇത് കാൻസറാണ്. നിനക്ക് കൂടുതൽ പിടിച്ചു നിൽക്കാൻ കഴിയില്ല

നൊലാൻ: ആരു പറഞ്ഞു ? മമ്മിയ്ക്കു വേണ്ടി ഞാനത് ചെയ്യും(മുഖത്തു സന്തോഷം പ്രതിഫലിച്ചു) എനിക്കതിനു സാധിക്കും

നിന്റെ മമ്മിയുടെ ജോലി എന്താണ് ?

നൊലാൻ: എന്നെ നന്നായി നോക്കുക

ഇനി എനിക്കതിനു സാധിക്കുമെന്നു തോന്നുന്നില്ല. നിന്നെ ഞാൻ സ്വർഗത്തിൽ വച്ച് നന്നായി നോക്കിക്കോളാം 

നൊലാൻ: സ്വർഗത്തിൽ ഞാൻ മമ്മിയ്ക്കായി കാത്തിരിക്കും. അതു അവരെ ഞാൻ അവിടെ കളിച്ചു നടക്കും. മമ്മി വരില്ലേ ?

തീർച്ചയായും. നിനക്ക് മമ്മിയെ പെട്ടെന്ന് വിട്ടു പോകാൻ സാധിക്കുമോ ?

തുടർന്നുള്ള ദിനങ്ങളിൽ നൊലാൻ മിക്കവാറും ഉറക്കത്തിലായിരുന്നു. ആശുപത്രി വിട്ട് ഒരു ദിവസമെങ്കിലും സ്വന്തം വീട്ടിൽ ഒരുമിച്ച് താമസിക്കാമെന്നു അമ്മയും അച്ഛനും തീരുമാനിച്ചു. വീട്ടിലേക്കു തിരിക്കാനുള്ള ഒരുക്കത്തിനിടെ നൊലാൻ അമ്മയുെട കൈ പിടിച്ച് പറഞ്ഞു, ആശുപത്രിയിൽ തന്നെ നിൽക്കാം.

സമയം രാത്രി 9 മണി. ഞങ്ങൾ രണ്ടു പേരും യൂട്യൂബ് വിഡിയോ കാണുകയായിരുന്നു. എനിക്ക് കുളിക്കണമെന്നു തോന്നി. ഒരു ബന്ധുവിനെ കുഞ്ഞിനടുത്ത് ഇരുത്തിയ ശേഷം കുളിമുറിയിലേക്ക് പോയി. ഉടൻ വരാമെന്നു മകനു ഉറപ്പ് നൽകി. പിന്നെയാണ് ആ അത്ഭുതം സംഭവിച്ചത്. 

പെട്ടെന്ന് ഞാൻ കുളിമുറിയിൽനിന്നും ഓടിയിറങ്ങി. കിടക്കയിലേക്ക് ചാടിക്കയറി നൊലാനൊപ്പം കിടന്നു. കരങ്ങൾ അവന്റെ മുഖത്തോടു ചേർത്തു വച്ചു. അവൻ ഒരു ശ്വാസമെടുത്തു. കണ്ണുകൾ പതുക്കെ തുറന്നു. പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു- ഐ ലവ് യു മമ്മി. ഈ വാക്കുകളോടെ റോളിൻ നൊലാൻ സ്കള്ളി ലോകത്തോടു വിട പറഞ്ഞു. ഞാൻ അവന്റെ കാതുകളിൽ പതുക്കെ പാടി...യു ആർ മൈ സൺഷൈൻ......

MORE IN WORLD
SHOW MORE