കറുപ്പണിഞ്ഞ പ്രതിഷേധക്കരുത്ത്

golden-globe-protest
SHARE

ലൈംഗികാതിക്രമങ്ങള്‍ക്കും ലിംഗവിവേചനത്തിനുമെതിരായ പോരാട്ടം കരുത്താര്‍ജിച്ചിരിക്കുകയാണ് പുതിയവര്‍ഷത്തില്‍. കിട്ടാവുന്ന വേദികളിലെല്ലാം സ്ത്രീകള്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുന്നു. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവേദിയിലും ഉറച്ച പെണ്‍ശബ്ദങ്ങള്‍ മുഴങ്ങിക്കേട്ടു. എന്റെ ശരീരം എന്റെ അവകാശമാണെന്ന് പ്രഖ്യാപിച്ച് കറുപ്പണിഞ്ഞെത്തിയ താരങ്ങള്‍ പുരസ്കാരവേദിയിലും പുറത്തും പ്രതിഷേധത്തിര സൃഷ്ടിച്ചു. വാര്‍ഡ് നിശകള്‍ എപ്പോഴും താരപ്പകിട്ടിന്‍റെ അരങ്ങുകളാണ്. സിനിമയുടെ വെള്ളിവെളിച്ചം തെളിഞ്ഞുകത്തുന്ന ഇടം. 

അവിടെ സാമൂഹ്യപാങ്ങളോ ജീവിതത്തിന്‍റെ രാഷ്ട്രീയമോ മഷിയിട്ട് തിരഞ്ഞാല്‍ പോലും കണ്ടുകിട്ടില്ല.  ക്യാമറക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച പ്രതിഭകള്‍. ഹോട്ട് ലുക്കില്‍ ചുവപ്പ് പരവതാനി കീഴടക്കുന്ന താരങ്ങള്‍. അവാര്‍ഡ് നിശയ്ക്കപ്പുറം ഫാഷന്‍ വേദികളില്‍ തരംഗമാകാനായുള്ള വസ്ത്രഡിസൈനുകള്‍. ഹോളിവുഡിലെ ഓരോ അവാര്‍ഡ് രാവുകളും ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിക്കുന്നത് ഇപ്പറഞ്ഞ കാര്യങ്ങളിലാണ്. അങ്ങനെ കെട്ടുകാഴ്ചകളില്‍ മാത്രം പാര്‍ത്തുപോന്ന താരപ്പകിട്ടിന്‍റെ അരങ്ങിനെയാണ് ഇക്കുറി ഗോള്‍ഡന്‍ ഗ്ലാോബ് പുരസ്കാരദാനച്ചടങ്ങ് പൊളിച്ചെഴുതിയത്.  

ഹാര്‍വി വൈന്‍സ്റ്റിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്കും മീ ടൂ ഹാഷ്ടാഗിനും ശേഷമുള്ള ഹോളിവുഡിന്‍റെ ഒത്തുചേരലില്‍  ബെവേര്‍ലി ഹില്‍സില്‍ ആ പ്രതിഷേധം അണപൊട്ടിയൊഴുകി. മികച്ച സംവിധായകനുള്ള പുരസ്കാരം സമ്മാനിക്കാനെത്തിയ നതാലി പോര്‍ട്മാന്‍ പട്ടികയെത്തന്നെ പരിഹസിച്ചു.  മീറ്റുവിന് പിന്നാലെ പുതുവര്‍ഷത്തിലെത്തിയ 'ടൈംസ് അപ്പ്' മുന്നേറ്റമാണ് ഈ കടുത്ത 'കറുത്ത'  പ്രതിഷേധത്തിന് ഊര്‍ജം പകര്‍ന്നത്.മൗനം വെടിഞ്ഞവര്‍ ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ കറുപ്പണിഞ്ഞ് പ്രതിഷേധിച്ചു. ലിംഗസമത്വത്തെ പിന്തുണയ്ക്കുന്ന പുരുഷന്‍മാരും വനിതാസഹപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി കറുപ്പ് ധരിച്ചു.

ഓപ്ര വിൻഫ്രിായിരുന്നു ഗോള്‍ഡന്‍ ഗ്ലോബിലെ താരം.സമഗ്രസംഭാവനയ്ക്കുള്ള സെസില്‍ ബി ഡെമി പുരസ്കാരം നേടിയ ആദ്യ കറുത്തവര്‍ഗക്കാരിയായ വിന്‍ഫ്രിയുടെ മറുപടി പ്രസംഗം നിറഞ്ഞകയ്യടികളോടെയാണ് സദസ് ഏറ്റുവാങ്ങിയത്. ആവേശ ഭരിതരായ ആരാധകര്‍ വിന്‍ഫ്രി പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന ആവശ്യമുയര്‍ത്തിക്കഴിഞ്ഞു. ഗോള്‍ഡന്‍ ഗ്ലോബ് വേദിയിലെ ഈ പ്രസംഗം വിന്‍ഫ്രിയുടെ ജീവിതത്തിലെ വഴിത്തിരുവായാണ് ചിലരെങ്കിലും വിലയിരുത്തുന്നത്. 2020ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വിന്‍ഫ്രി മല്‍സരിച്ചേക്കുമെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു.വിന്‍ഫ്രിക്ക് പിന്നാലെയെത്തിയ താരങ്ങളെല്ലാം ലൈംഗികചൂഷണത്തിനും ലിംഗവിവേചനത്തിനുമെതിരായ ശബ്ദമുയര്‍ത്താന്‍ വേദി ഉപയോഗിച്ചു. ത്രീ ബില്‍ബോര്‍ഡ്സ് ഔട്സൈഡ് എബ്ബിങ്, മിസോറി'യാണ് മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കിയത്. പെണ്‍കുഞ്ഞിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം നടത്തുന്ന ഒരമ്മയുടെ കഥപറയുന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാന്‍സിസ് മക്ഡോര്‍മന്‍ഡ് മികച്ച നടിക്കുള്ള പുരസ്ക്കാരം നേടി. 

ബിഗ് ലിറ്റില്‍ ലൈസിലൂടെ മികച്ച ടെലിവിഷന്‍ പരമ്പരയ്ക്കുള്ള പുരസ്ക്കാരം സ്വന്തമാക്കിയത് നിക്കോള്‍ കിഡ്മാനും നന്ദിപറച്ചിലിനപ്പുറം നീതിനിഷേധത്തിനെതിരായ ശബ്ദം ഉയര്‍ത്തി.  ഹാര്‍വി വെയന്‍സ്റ്റെന്‍ അടക്കം ഹോളിവുഡിലെ കളങ്കിതരെ ചടങ്ങിലേക്ക് ക്ഷണിച്ചില്ല.  

ലൈംഗിക ചൂഷണത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ സമയമായി എന്ന് ഉറക്കെ പ്രഖ്യാപിച്ച് മുന്നൂറിലധികം താരങ്ങള്‍ ഒത്തുചേര്‍ന്ന കൂട്ടായ്മയുടെ തീരുമാനം പൂര്‍ണമായി വിജയിച്ചുവെന്ന് ലോകം നല്‍കിയ പിന്തുണ വ്യക്തമാക്കുന്നു.   

MORE IN WORLD
SHOW MORE