പ്രകോപനവുമായി ഉത്തരകൊറിയ; ജപ്പാൻ കടലിലേക്ക് വീണ്ടും മിസൈൽ

Thumb Image
SHARE

ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം വീണ്ടും.  ഇന്നലെ അർധരാത്രി ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ജപ്പാന്റെ അധീനതയിലുള്ള കടലിൽ പതിച്ചതായി റിപ്പോർട്ട്.  അൻപതു മിനിട്ട് പറന്ന മിസൈൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണു പതിച്ചത്. സ്ഥിതി വിലയിരുത്താൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നു.

ഏതാനും ദിവസങ്ങൾക്കകം ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയേക്കുമെന്ന് യുഎസ് മുന്നറിയിപ്പു വന്നതിനു തൊട്ടുപിന്നാലെയാണിത്. കൊറിയ മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുന്നതിന്റെ സൂചന നൽകുന്ന റേഡിയോ സിഗ്നലുകൾ ലഭിച്ചതായി ജപ്പാനും ഇന്നലെ വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബറിൽ ഉത്തര കൊറിയ ജപ്പാനു മുകളിലൂടെ മിസൈൽ പരീക്ഷിച്ചിരുന്നു.

ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ് ആണ് മിസൈൽ വിക്ഷേപണ വാർത്ത ആദ്യം പുറത്തുവിട്ടത്. തുടർന്ന് അവിടുത്തെ സൈന്യവും പിന്നീട് യുഎസും ഇതു ശരിവച്ചു. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലെ പ്യോങ്സോങ്ങിൽനിന്നാണ് മിസൈൽ പ്രയോഗിച്ചത്. ഇതിനു മറുപടിയെന്നോണം ദക്ഷിണ കൊറിയ അതേ ശേഷിയുള്ള മിസൈൽ തൊടുത്തു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്നു യുഎസ് കരുതുന്നു.

MORE IN WORLD
SHOW MORE