പാക്കിസ്ഥാനിലെ ഇസ്‌ലാമബാദില്‍ കലാപം രൂക്ഷം

Thumb Image
SHARE

പാക്കിസ്ഥാനിലെ ഇസ്‌ലാമബാദില്‍ കലാപം രൂക്ഷം. തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തില്‍ മതനിന്ദ ആരോപിച്ച് തുടങ്ങിയ ഉപരോധമാണ് കലാപത്തിലെത്തിയത്. സര്‍ക്കാരും പ്രതി‌ഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. 200ല്‍ അധികം പേര്‍ക്ക് പരുക്കുണ്ട്. സ്വകാര്യചാനലുകള്‍ക്കും താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തി. 

കലാപത്തിന്‍റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് മതവികാരങ്ങള്‍ വ്രണപ്പെടുത്തുമെന്ന് വിലയിരുത്തിയാണ് സ്വകാര്യചാനലുകള്‍ക്ക് താല്‍കാലിക നിരോധനം കൊണ്ടുവന്നത്. ട്വിറ്ററിനും ഫെയ്സ്ബുക്കിനും താല്‍കാലിക വിലക്കും ഏര്‍പ്പെടുത്തി. നാലുപേര്‍ മരിച്ചതായി പ്രതിഷേധക്കാര്‍ പറയുന്നുണ്ടെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണമില്ല.

കലാപം ലഹോറിലേക്കും കറാച്ചിയിലേക്കും വ്യാപിക്കുകയാണ്. ടിയര്‍ ഗ്യാസ് ഷെല്ലുകളും കല്ലുകളും പൊലീസിനുനേരെ വലിച്ചെറിഞ്ഞാണ് കലാപകാരികള്‍ പൊലീസ് നടപടിയെ ചെറുക്കുന്നത്. തെഹ്‌രിക് ഇ ലെബെയ്ക് എന്ന തീവ്ര മത-രാഷ്ട്രീയപാര്‍ട്ടിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തിലുണ്ടായത് എഴുത്തുപിശക് മാത്രമായിരുന്നുവെന്ന് നിയമമന്ത്രി വിശദീകരിച്ചെങ്കിലും പ്രതിഷേധത്തിന് അയവുവന്നില്ല. നിയമമന്ത്രി സഹീദ് ഹമീദ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇൗമാസം ആറിനാണ് ഉപരോധം തുടങ്ങിയത്. നൂറുകണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ കലാപം നിയന്ത്രണാതീതമായി. സൈനികസഹായം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. 

MORE IN WORLD
SHOW MORE