സിനായില്‍ മുസ്ലീം പളളിയില്‍ ആക്രമണം നടത്തിയത് ഐ.എസ് അനുകൂല ഭീകരര്‍

Thumb Image
SHARE

ഈജിപ്തിലെ സിനായില്‍ മുസ്്ലീം പളളിയില്‍ ആക്രമണം നടത്തിയത് ഐ.എസ് അനുകൂല ഭീകരര്‍. മുപ്പതോളം വരുന്ന ഭീകരര്‍ ഐ.എസിന്റെ പതാക കൈവശം വച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ഈജിപ്തിലെ ഐ.എസ് കേന്ദ്രങ്ങളില്‍ സൈന്യം വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 305 ആയി. പരുക്കേറ്റ് ചികില്‍സയിലുളള 128 പേരില്‍ പലരുടെയും നില ഗുരുതരമാണ് 

വിദൂര നിയന്ത്രിത സംവിധാനം വഴി പളളിക്കുള്ളില്‍ ശക്തിയേറിയ ബോംബുസ്ഫോടനം ഉണ്ടാക്കിയ ശേഷമായിരുന്നു ആക്രമണം. സ്ഫോടനത്തിനുപിന്നാലെ പുറത്തേക്കോടിയവരെ വാതിലുകള്‍ക്കും ജനാലകള്‍ക്കും സമീപം നിലയുറപ്പിച്ച ഭീകരര്‍ യന്ത്രത്തോക്കുകളുപയോഗിച്ച് വെടിവച്ച് വീഴ്ത്തുകയായിരുന്നു. അഞ്ചുവാഹനങ്ങളിലായി സൈനിക വേഷത്തിലാണ് മുപ്പതോളം ഭീകരര്‍ എത്തിയത്. സ്ഫോടനത്തെ തുടര്‍ന്ന് സ്ഥലത്തേക്ക് എത്തിയ ആംബുലന്‍സുകളും ഭീകരരുടെ ആക്രമണത്തിന് ഇരയായി. റോഡില്‍ കാറുകള്‍ കുറുകെയിട്ട് കത്തിച്ചതോടെ പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാനും വൈകി. ഇതാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെയും അവകാശപ്പെട്ടിട്ടില്ല. ആക്രമണത്തില്‍ പരുക്കേറ്റവരുടെ മൊഴികളില്‍ നിന്നാണ് ഐ.എസ് ഭീകരരാണെന്ന സൂചനകള്‍ ലഭിച്ചത്. രാജ്യത്തെ ഭീകരകേന്ദ്രങ്ങളില്‍ സൈന്യം തിരിച്ചടി നടത്തിയതായി ഈജിപ്ഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി പ്രത്യേക ശവകൂടീരങ്ങള്‍ നിര്‍മിക്കുമെന്ന് പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസി അറിയിച്ചു 

MORE IN WORLD
SHOW MORE