ബ്രാന്‍ഡ് ന്യൂ ട്രംപ്, രാ·ഷ്ട്രീയം പറയാതെ ഏഷ്യന്‍ പര്യടനം

trump-at-asia
SHARE

ഏഷ്യയുടെ ആതിഥ്യത്തിലലിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റിന്റെ ചരിത്ര പര്യടനം പൂര്‍ത്തിയായി. വിവാദവിഷയങ്ങളില്‍ ഉറച്ച നിലപാടില്ലാതെയും പ്രതീക്ഷിച്ചത്ര പ്രശ്നങ്ങള്‍ സൃഷ്ടിക്കാതെയുമാണ് പന്ത്രണ്ടുദിവസത്തെ ഏഷ്യാസന്ദര്‍ശനം പൂര്‍ത്തിയാക്കി ഡോണള്‍ഡ് ട്രംപ് അമേരിക്കയില്‍ തിരിച്ചെത്തിയത്. സന്ദര്‍ശനത്തിന്റെ ജയപരാജയങ്ങളെക്കുറിച്ചുള്ള വിശകലനങ്ങള്‍ തകൃതിയായി  നടക്കുമ്പോഴും ട്രംപിന്റെ ഇതുവരെ കാണാത്ത ചില പ്രത്യേകതകള്‍ ഈ പര്യടനത്തില്‍ ദൃശ്യമായി എന്നത് തള്ളിക്കളയാനാകില്ല. പക്ഷേ വിട്ടുകളഞ്ഞ പലതിനും ഭാവിയില്‍ ട്രംപ് മറുപടി പറയേണ്ടിയും വരും.  

അഞ്ചുരാജ്യങ്ങള്‍, പന്ത്രണ്ടുദിവസം, ഉഭയകക്ഷി ചര്‍ച്ചകള്‍, ഉച്ചകോടികള്‍, വ്യാപാര ഉടമ്പടികള്‍. വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു ഡോണള്‍ഡ് ട്രംപിന്. അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റശേഷമുള്ള ഏറ്റവും ദീര്‍ഘമായ വിദേശപര്യടനം. എഴുപത്തൊന്നുകാരനായ ട്രംപിനെ ശാരീരികമായിപ്പോലും വെല്ലുവിളിച്ച യാത്ര പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം പോയ സ്ഥലങ്ങളിലും സ്വന്തം രാജ്യത്തും ഇതര ലോകരാജ്യങ്ങളിലും ആവേശത്തേക്കാള്‍ ആശ്വാസമാണ് കണ്ടത്. കഴിഞ്ഞ ഒന്‍പതുമാസം കൊണ്ട് ട്രംപ് സ്വയം സൃഷ്ടിച്ചെടുത്ത പ്രതിച്ഛായ കാരണം അദ്ദേഹത്തിന്റെ ഏഷ്യാപര്യടനത്തെക്കുറിച്ച് നയതന്ത്രലോകം വലിയ പ്രതീക്ഷകളൊന്നും വച്ചുപുലര്‍ത്തിയിരുന്നില്ല. ഉത്തരകൊറിയ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചില ആശങ്കകള്‍ ഉണ്ടായിരുന്നുതാനും. എന്നാല്‍ ഇതുവരെ കണ്ടറിഞ്ഞതില്‍ നിന്ന് വ്യത്യസ്തനായ ട്രംപിനെയാണ് ഏഷ്യാപര്യടനത്തില്‍ കണ്ടത്.  

ഹൃദ്യം വരവേല്‍പ്, പക്ഷേ...

ചൈന, ജപ്പാന്‍, വിയറ്റ്നാം, ഫിലിപ്പീന്‍സ്, ദക്ഷിണകൊറിയ. അമേരിക്കയുമായി വളരെ വിഭിന്നമായ തലങ്ങളിലും സ്വഭാവത്തിലും ബന്ധം പുലര്‍ത്തുന്ന അഞ്ചുരാജ്യങ്ങള്‍. പലതും പലപ്പോഴും അമേരിക്കയോട് നേര്‍ക്കുനേര്‍ പോരാടിയ ചരിത്രമുള്ളവര്‍. എല്ലായിടത്തും പക്ഷേ ട്രംപിന് ലഭിച്ച വരവേല്‍പ്പ് ഹൃദ്യമായിരുന്നു. പൗരസ്ത്യദേശങ്ങള്‍ക്ക് പ്രത്യേകമായി അവകാശപ്പെടാവുന്ന ആതിഥ്യമര്യാദയില്‍ ട്രംപ് മനംമറന്നു എന്നുതന്നെ പറയാം. പക്ഷേ ദക്ഷിണ കൊറിയ ഉള്‍പ്പെടെ ആരും അമേരിക്കന്‍ അധീശത്വം പൂര്‍ണമായി വച്ചുപൊറുപ്പിക്കാന്‍ തയാറല്ല എന്ന സന്ദേശം കൃത്യമായി നല്‍കുകയും ചെയ്തു.  

ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യാപര്യടനത്തില്‍ നാല് സുപ്രധാന വിഷയങ്ങളാണ് ലോകവും അമേരിക്കന്‍ ജനതയും ഉറ്റുനോക്കിയത്. ഉത്തരകൊറിയ, ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് അധിനിവേശം, അമേരിക്കയുടെ വ്യാപാരകമ്മി നികത്താനുള്ള നീക്കങ്ങള്‍, മനുഷ്യാവകാശപ്രശ്നങ്ങള്‍ എന്നിവ. വ്യാപാരത്തിന്റെ കാര്യത്തിലൊഴികെ ശക്തമായ നിലപാട് എന്നുപറയാവുന്ന നീക്കങ്ങള്‍ പ്രകടമായില്ല.  

അമേരിക്കന്‍ പ്രസിഡന്റ് നടത്തുന്ന ഏഷ്യാപര്യടനത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളിലെല്ലാം കക്ഷിയാണ് ചൈന. അതുകൊണ്ടുതന്നെ ഏറ്റവും നിര്‍ണായകം ചൈനീസ് സന്ദര്‍ശനമായിരുന്നു. ജപ്പാനും ദക്ഷിണകൊറിയയും കഴിഞ്ഞാണ് പര്യടനത്തിന്റെ നാലാംദിവസം ട്രംപ് ബീജിങ്ങില്‍ എത്തിയത്. ചൈന അക്ഷരാര്‍ത്ഥത്തില്‍ ട്രംപിനെ അമ്പരപ്പിച്ചു. ഇന്നോളം ഒരു അമേരിക്കന്‍ പ്രസിഡന്റിനും ലഭിച്ചിട്ടില്ലാത്തത്ര വിപുലമായ സ്വീകരണം. ചരിത്രമുറങ്ങുന്ന വിലക്കപ്പെട്ട നഗരത്തില്‍ ആദ്യമായി ചൈന അത്താഴവിരുന്നൊരുക്കിയ വിദേശരാഷ്ട്രത്തലവനായി ട്രംപ്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസോടെ അതിശക്തനായി മാറിയ പ്രസിഡന്റ് ഷി ചിന്‍പിങ്ങ് നേരിട്ട് എല്ലാറ്റിനും നേതൃത്വം നല്‍കിയതോടെ  നന്ദിപറയാന്‍ വാക്കുകള്‍ക്ക് ട്രംപ് ബുദ്ധിമുട്ടി. 

ട്രംപും ഷി ചിന്‍പിങ്ങും ഒറ്റയ്ക്കും പ്രതിനിധിസംഘങ്ങള്‍ക്കൊപ്പവും വിരുന്നുകളിലും പലതവണ സംഭാഷണങ്ങള്‍ നടത്തി. എന്നാല്‍ ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് ആധിപത്യത്തെക്കുറിച്ചോ അമേരിക്ക ഏറെക്കാലമായി ചൈനയ്ക്കെതിരെ ഉന്നയിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചോ ഒരു പരാമര്‍ശവും ഉണ്ടായില്ല. ഉത്തരകൊറിയയെ നിലയ്ക്കുനിര്‍ത്താന്‍ ചൈന കൂടുതല്‍ ഫലപ്രദമായി ഇടപെടണമെന്ന അമേരിക്കന്‍ നിലപാടിനെക്കുറിച്ചും പരസ്യപ്രസ്താവനകള്‍ ഉണ്ടായില്ല. അമേരിക്ക നേരിടുന്ന വ്യാപാരകമ്മിക്ക് ഏറ്റവും വലിയ കാരണക്കാരായ ചൈനയെ അക്കാര്യത്തില്‍പ്പോലും സൗമ്യമായി പരാമര്‍ശിക്കാന്‍ മാത്രമേ ട്രംപ് മുതിര്‍ന്നുള്ളു. 

ഉത്തരകൊറിയയുടെ കാര്യത്തിലും വ്യാപാരകമ്മിയുടെ കാര്യത്തിലും ചൈനയുമായി ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്നത് വരാനിരിക്കുന്ന ആഴ്ചകളും മാസങ്ങളുമാണ് തെളിയിക്കേണ്ടത്. പക്ഷേ കാര്യമായ ഒരു അലോസരവും ഇല്ലാതെ ചൈനീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതുതന്നെ നേട്ടമായി ട്രംപിന്റെ ക്യാംപ് അവകാശപ്പെടുന്നു. എന്നാല്‍ എല്ലാ കാര്യങ്ങളിലും പരസ്യമായി തീവ്ര നിലപാടെടുത്തിരുന്ന ട്രംപില്‍ നിന്ന് ഇതൊന്നുമല്ല മറ്റുരാജ്യങ്ങള്‍, പ്രത്യേകിച്ച് ചൈനയുടെ ഇടപെടലുകളില്‍ അലോസരമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ പ്രതീക്ഷിച്ചത് എന്നകാര്യത്തില്‍ തര്‍ക്കമില്ല. 

TOPSHOT-ITALY-G7-SUMMIT-TAORMINA

നിലമറക്കാതെ ദക്ഷിണ കൊറിയ

ചൈന ട്രംപിനെ സല്‍ക്കരിച്ചുവീഴ്ത്തിയെങ്കില്‍ ഏറ്റവും പ്രധാന പങ്കാളിയായ ദക്ഷിണ കൊറിയ അത്രമാത്രം ആവേശം കാട്ടിയില്ല എന്നതും ശ്രദ്ധേയമായി. ഉത്തരകൊറിയയുമായി ചര്‍ച്ച നടത്തണം എന്ന നിലപാടുള്ള പുതിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന് ട്രംപിന്റെ നിലപാടുകളോടുള്ള ഭിന്നതയാണ് അതില്‍ പ്രകടമായത്. ആതിഥ്യമര്യാദയില്‍ ഒരു കുറവും വരുത്തിയില്ലെങ്കിലും ട്രംപിനായി ഒരുക്കിയ വിരുന്നില്‍ മൂണ്‍ ചില രാഷ്ട്രീയ  നിലപാടുകള്‍ കൂടി കരുതിയിരുന്നു. 

ഉത്തരകൊറിയയെ തുടര്‍ച്ചയായി പ്രകോപിപ്പിച്ച് ലോകത്തെ തന്നെ മുള്‍മുനയിലാക്കിയ ട്രംപ് നേരിട്ടുള്ള ദക്ഷിണകൊറിയയില്‍ വച്ച് പക്ഷേ പ്യോങ്യാങ്ങിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് മുതിര്‍ന്നില്ല. അമേരിക്കയുടെ സൈനികശക്തിയും കൊറിയന്‍ ഉപദ്വീപിനുചുറ്റുമുള്ള യുഎസ് സേനാവിന്യാസവും ഓര്‍മിപ്പിച്ചത് കനത്ത താക്കീതുതന്നെ. എന്നാല്‍ വ്യക്തിപരമായ ചില പരിഹാസങ്ങളോട് ട്രംപ് പ്രതികരിച്ചത് സരസമായാണ്. പക്ഷേ പങ്കാളിയായ  ദക്ഷിണകൊറിയ ശത്രുവായ ഉത്തരകൊറിയയോട് നേരിയ തോതിലെങ്കിലും അനുഭാവം കാട്ടാന്‍ ശ്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം ട്രംപ് വ്യക്തമാക്കുകയും ചെയ്തു.  

trump-asia3

ഉത്തരകൊറിയയെ കൂടുതല്‍ പ്രകോപിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുള്ള യുഎസ് പ്രസിഡന്റിന്റെ പ്രസംഗം ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. ട്രംപിനുവേണ്ടി ഒരുക്കിയ അത്താഴവിരുന്നില്‍ ഉത്തരകൊറിയയോട് ചേര്‍ന്നുള്ള ദ്വീപിലെ ചെമ്മീന്‍ വിഭവം ഉള്‍പ്പെടുത്തിയത് പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ താല്‍പര്യപ്രകാരമായിരുന്നു. ഒപ്പം രണ്ടാംലോകമഹായുദ്ധകാലത്ത് ജാപ്പനീസ് സൈന്യം ലൈംഗിക അടിമകളാക്കിയ കൊറിയന്‍ വനിതകളില്‍ ഒരാളേയും അതിഥിയാക്കി. ഇതിന്റെയൊക്കെ രാഷ്ട്രീയസന്ദേശം തിരിച്ചറിഞ്ഞെങ്കിലും പ്രതികരണത്തിന് അമേരിക്ക മുതിര്‍ന്നില്ല. 

നാവുപയോഗിക്കാതെ ട്രംപ്

ഏഷ്യയിലെ അടുപ്പക്കാരില്‍ മുന്‍നിരയിലുള്ള ജപ്പാനിലും ഫിലിപ്പീന്‍സിലും വിയറ്റ്നാമിലും നടത്തിയ പര്യടനങ്ങളും ട്രംപിനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി വിസ്മരിക്കാനാകാത്ത അനുഭവങ്ങളായിരുന്നു. ബരാക് ഒബാമയെ അഭിസാരികയുടെ മകന്‍ എന്നുവിളിച്ചാക്ഷേപിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ  ഡ്യുട്ടെര്‍ട്ടുമായി അസാധാരണ സൗഹൃദം പ്രകടിപ്പിക്കാനും ട്രംപ് മുതിര്‍ന്നു. ഡ്യുട്ടെര്‍ട്ടിന്റെ പ്രതികരണങ്ങളും അതേനിലയില്‍ത്തന്നെയായിരുന്നു. 

ഇവിടെയൊക്കെ ഇക്കാലമത്രയും ഉന്നയിച്ചുപോന്ന മനുഷ്യാവകാശപ്രശ്നങ്ങളോ മറ്റുപ്രതികൂലവിഷയങ്ങളോ ട്രംപിന്റെ നാവില്‍ വന്നില്ല എന്നതാണ് കൗതുകരം. ഇന്തോ പസഫിക് എന്ന പേരില്‍ അമേരിക്കയും ജപ്പാനും ഇന്ത്യയും ഓസ്ട്രേലിയയും ചേര്‍ന്നുള്ള സാമ്പത്തികസഖ്യം പുനസ്ഥാപിച്ചതാണ് ട്രംപിന്റെ സന്ദര്‍ശനത്തിലെ ശ്രദ്ധേയമായ ഘടകങ്ങളിലൊന്ന്. ചൈനയുടെ ആധിപത്യം നേരിടാനുള്ള ഈ സഖ്യത്തിന്റെ മുന്നോട്ടുള്ള നീക്കങ്ങളെക്കുറിച്ച് ഇനിയും വ്യക്തതവരാനിരിക്കുന്നതേയുള്ളു. അതുപോലെ തന്നെയാണ് ട്രംപിന്റെ ഏഷ്യാപര്യടനത്തിന്റെ യഥാര്‍ഥ ഫലങ്ങളും.

MORE IN WORLD
SHOW MORE