ഫിലിപ്പീന്‍സിന് സമീപം ചരക്കുകപ്പൽ മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ പത്ത് ഇന്ത്യക്കാർക്കായുള്ള തിരച്ചിൽ തുടരുന്നു. ഒരുദിവസംകൂടി തിരച്ചിൽ തുടരുമെന്ന് ഫിലിപ്പീൻസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. അതേസമയം, കാണാതായ മലയാളി രാജേഷ്നായരുടെ കുടുംബവുമായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമസ്വരാജ് ഫോണിൽ ബന്ധപ്പെട്ടു.
അനുവദനീയമായ അളവിൽ കൂടുതൽ നിക്കൽ അയിരുമായി ഇന്തോനേഷ്യയില്‍നിന്ന് ചൈനയിലേക്കുള്ള യാത്രയ്ക്കിടെ വെള്ളിയാഴചയാണ് എംവി എമറാൾഡ് സ്റ്റാർ എന്ന കപ്പൽ അപകടത്തിൽപെട്ടത്. 26ഇന്ത്യക്കാരായ ജീവനക്കാരിൽ പതിനാറുപേരെ ഇതിനോടകം രക്ഷപെടുത്തി. ബാക്കിയുള്ളവർക്കായുള്ള തിരച്ചിൽ ഒരുദിവസംകൂടി തുടരുമെന്ന് ഫിലിപ്പീൻസ് കോസ്റ്റ്ഗാർഡ് ആക്ഷൻ സെൻറർ അറിയിച്ചു. മുംബൈയിൽ താമസമാക്കിയ കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി രാജേഷ് നായർ അടക്കമുള്ളവരെയാണ് ഇനി കണ്ടെത്താനുള്ളത്. മുങ്ങിയ കപ്പലിൻറെ ക്യാപ്ടനായിരുന്നു രാജേഷ് നായർ. കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാസ്വരാജ് രാജേഷ് നായരുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. കൂടുതൽ സഹായമുറപ്പാക്കുമെന്ന് സുഷമാസ്വരാജ് അറിയിച്ചതായി ബന്ധുക്കൾ മനോരമ ന്യൂസിനോട് പറഞ്ഞു.