അമേരിക്കയിലെ ടെക്സസില്‍ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ നിര്‍ണായക സൂചന. പെണ്‍കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരുവാഹനം ഒരു മണിക്കൂര്‍ നേരത്തേക്ക് പുറത്തു പോയിരുന്നതായി പോലീസ് കണ്ടെത്തി. പിതാവിന്റെ മൊഴിയുമായി പൊരുത്തപ്പെടുന്നതല്ല പുതിയ കണ്ടെത്തല്‍.
മൂന്നു വയസുകാരി ഷെറിനെ കാണാതായ ഒക്ടോബര്‍ ഏഴിന് പുലര്‍ച്ചെ നാലു മണിക്കും അഞ്ചുമണിക്കും ഇടയില്‍ വാഹനം പുറത്തുപോയി വന്നതായാണ് കണ്ടെത്തല്‍. പുതിയ സൂചനയെ തുടര്‍ന്ന് പൊലീസ് അയല്‍വാസികളോടും സമീപത്തെ കടക്കാരോടും സിസിടിവിദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. പാലു കുടിക്കാഞ്ഞതിന് വീടിനു സമീപത്തെ മരച്ചുവട്ടില്‍ ഷെറിനെ ഒറ്റയ്ക്ക് നിര്‍ത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞു വന്നു നോക്കിയപ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു പിതാവ് വെസ്്ലി മാത്യുവിന്റെ മൊഴി. പുതിയ കണ്ടെത്തലോടെ പിതാവിന്റെ മൊഴിയിലും സംശയങ്ങളുയര്‍ന്നു.
നിലവില്‍ മാതാപിതാക്കളും അന്വേഷണത്തോട് കാര്യമായി സഹകരിക്കുന്നില്ല. കേസില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി വെസ്്ലി മാത്യു ഇപ്പോള്‍ ജാമ്യത്തിലാണ്. ഭാര്യ സിനിയും നിയമസഹായം തേടി. കേരളത്തിലെ ഒരു അനാഥാലയത്തില്‍നിന്ന് രണ്ടുവര്‍ഷം മുന്‍പാണ് ഷെറിനെ ദമ്പതികള്‍ ദത്തെടുത്തത്.