ഇര്‍മ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങല്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ സന്ദര്‍ശിച്ചു. ഫ്രാന്‍സിന്റെ അധീനതയിലുള്ള സെന്റ് മാര്ട്ടിന് സെന്റ് ബാര്ട്ടസ് ദ്വീപുകളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. രണ്ടിടങ്ങളിലുമായി പത്തുപേര്‍ മരിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ദുരന്തബാധിത പ്രദേശങ്ങളില്‍ ഫ്രഞ്ച് സര്‍ക്കാര്‍ നടത്തുന്നത്. ദ്വീപുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.
ഇര്‍മ ആഞ്ഞടിച്ച സെന്റ് മാര്ട്ടിന് ദ്വീപില്‍ വ്യാപകമായി കൊള്ള നടന്നിരുന്നു. ഇത് തടയാന്‍ മുന്‍കൈ എടുക്കാഞ്ഞതില്‍ മാക്രോണ്‍ സര്‍ക്കാര്‍ വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. പത്ത് ടണ്‍ മരുന്നുമായിട്ടാണ് മാക്രോണും സംഘവുമെത്തിയത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് താറുമാറായ വൈദ്യുതി ബന്ധവും, ടെലിഫോണ്‍ ബന്ധവും ഉടന്‍ പുനസ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാക്രോണിന് പുറമെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണും നെതര്‍ലാണ്ട് രാജാവും ഇര്‍മ്മ ബാധിത ദ്വീപുകള്‍ സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്.