കെൻസിംങ്ടൺ കൊട്ടാരത്തിൽനിന്നും വീണ്ടും സന്തോഷവാർത്ത. ബ്രിട്ടനിലെ കിരീടാവകാശിയായ വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് രാജകുമാരിക്കും മൂന്നാമതൊരു കുഞ്ഞുകൂടി പിറക്കാനൊരുങ്ങുന്നു. രാജകുടുംബത്തിലെ പുതിയ അതിഥിയുടെ വരവിൽ എലിസബത്ത് രാജ്ഞിയും മറ്റ് രാജകുടുംബാംഗങ്ങളും ഏറെ സന്തോഷത്തിലാണെന്നും വാർത്ത സ്ഥിരീകരിച്ചുള്ള അറിയിപ്പ് വിശദീകരിക്കുന്നു.
നാലു വയസുള്ള ജോർജ് രാജകുമാരനും രണ്ടുവയസുകാരി ഷാർലറ്റ് രാജകുമാരിയുമാണ് ‘ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് കേംബ്രിഡ്ജ്’ എന്ന ഔദ്യോഗിക പദവി വഹിക്കുന്ന വില്യമിന്റെയും കെയ്റ്റിന്റെയും ആദ്യരണ്ടു മക്കൾ. തൊണ്ണൂറ്റിയൊന്നു വയസു തികഞ്ഞ എലിസബത്ത് രാജ്ഞിയുടെ ചെറുമക്കളുടെ മക്കളിൽ ആറാമത്തെയാളാണ് വില്യമിനും കെയ്റ്റിനും പിറക്കുന്ന മൂന്നാമത്തെ കുഞ്ഞ്.
കിരീടാവകാശികളുടെ നിരയിൽ അഞ്ചാമതാകും ഈ കുഞ്ഞിന്റെ സ്ഥാനം. ചാൾസ് രാജകുമാരനും വില്യം രാജകുമാരനും നാലുവയസുകാരൻ ജോർജ് രാജകുമാരനും രണ്ടുവയസുകാരി ഷാർലറ്റ് രാജകുമാരിക്കും പിന്നിലായിരിക്കും പുതിയ രാജകുമാരന് അല്ലെങ്കിൽ കുമാരിക്ക് കിരീടാവകാശം.