പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വെടിവച്ചുകൊന്ന കേസില്‍ തെഹ്രികെ താലിബാന്റെ അഞ്ചു ഭീകരരെ വെറുതെ വിട്ടു. കേസില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ കോടതി പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു. രണ്ട് പൊലീസുദ്യോഗസ്ഥരെ പതിനേഴ് വര്‍ഷം തടവിനും വിധിച്ചു. പത്തുവര്‍ഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് പാക് ഭീകരവിരുദ്ധകോടതിയുടെ വിധി.
നിലവില്‍ ദുബായിലുള്ള പര്‍വേസ് മുഷറഫ് രാജ്യത്ത് തിരികെയെത്തിയതിന് ശേഷം പ്രത്യേകമായി വിചാരണ നടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. തെഹ്രികെ താലിബാന് ഭീകരര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കി പ്രോസിക്യൂഷന് സമര്‍പ്പിച്ച ശബ്ദരേഖകള്‍ തെളിവായി സ്വീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കൊലപാതകം നടക്കുമ്പോള്‍ പ്രധാനമന്ത്രിയായിരുന്ന പര്‍വേസ് മുഷറഫ് കെട്ടിച്ചമച്ചതാണ് ഫോണ്‍ രേഖകള്‍ എന്നായിരുന്നു ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ വാദം. 2007 ഡിസംബര്‍ 27നാണ് റാവല്‍പിണ്ടിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബേനസീര്‍ഭൂട്ടോ വെടിയേറ്റ് മരിച്ചത്.