ഊര്‍ജപ്രതിസന്ധിയില്‍ ലോകം വലയുമ്പോള്‍ പരിഹാരം പ്രകൃതിയില്ത്തന്നെയുണ്ടെന്ന് തെളിയിച്ച് ജപ്പാന്‍കാര്‍. സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് പ്രതിസന്ധി മറികടക്കുന്നവരുടെ എണ്ണം ജപ്പാനില്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. അല്പം പരിശ്രമിച്ചാല്‍ നമുക്കും അനായാസം പിന്തുടരാവുന്ന മാതൃകയാണിത്.
അഞ്ചുവര്‍ഷമായി ഫുജി ടൊമോക്കോ ഉപയോഗിക്കുന്നത് സ്വന്തമായി ഉല്പാദിപ്പിക്കുന്ന വൈദ്യുതിയാണ്. വീടിന്റെ ബാല്‍ക്കണിയില്‍ സ്ഥാപിച്ച സോളര്‍ പാനലുകളാണ് പ്രധാന സ്രോതസ്. ഒരുമണിക്കൂറില്‍ ഒരു കിലോവാട്ട് വൈദ്യുതി ചുളുവില്‍ കിട്ടും. വീട്ടുപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അത് തന്നെ ധാരാളമാണെന്ന് ഫുജി പറയുന്നു.
സോളറില്‍ മാത്രം ഒതുങ്ങുന്നില്ല ഫുജിയുടെ ആശയങ്ങള്‍. ലാപ്ടോപ്പിനുള്ള വൈദ്യുതി ഉണ്ടാക്കുന്നത് വ്യായാമത്തിനുള്ള സൈക്കിളില്‍ നിന്നാണ്. ആഹാരം സൂക്ഷിക്കാന്‍ ഫ്രിഡ്ജിനുപകരം വെള്ളം നിറച്ച കളിമണ്‍ പാത്രം. എസിക്കുപകരം വെള്ളം ഇറ്റുവീഴുന്ന കര്ട്ടന്. അല്പം മെനക്കെടാന്‍ മനസുണ്ടെങ്കില്‍ ആര്‍ക്കും അനായാസം പിന്തുടരാവുന്ന മാര്‍ഗങ്ങള്‍ ആണ് ഇതെന്ന് ഫുജി പറയുന്നു.
ഫുക്കുഷിമ ആണവദുരന്തത്തിനുശേഷമുണ്ടായ വൈദ്യുതി പ്രതിസന്ധി ഫുജിയെപ്പോലെ ഒട്ടേറെ ജപ്പാന്‍കാരെ സ്വന്തമായി വൈദ്യുതി ഉല്പാദനത്തിലേക്ക് നയിച്ചിട്ടുണ്ട്. പ്രകൃതിയിലേക്കുള്ള മടക്കം ഏറെ ആസ്വദിക്കുന്നുണ്ട് എല്ലാവരും. ഊര്‍ജസംരക്ഷണത്തെക്കുറിച്ച് പുസ്തകമെഴുതാനുള്ള തയാറെടുപ്പിലാണ് ഫുജി ഇപ്പോള്‍.