ഡയാന രാജകുമാരിയെക്കുറിച്ചുള്ള വിവാദ ഡോക്യുമെന്ററി ചാനല്‍ ഫോര്‍ സംപ്രേഷണം ചെയ്തു. ചാള്‍സ് രാജകുമാരനുമായുള്ള ബന്ധത്തെക്കുറിച്ചും സ്വകാര്യനിമിഷങ്ങളെക്കുറിച്ചും ഡയാന തുറന്നു പറഞ്ഞ ടേപ്പുകള്‍ മരണത്തിന്റെ ഇരുപതാം വാര്‍ഷികത്തിലാണ് പുറത്തുവിട്ടത്.
''ഡയാന സ്വന്തം വാക്കുകളില്‍" എന്ന പേരിലുള്ള ഡോക്യുമെന്ററിയാണ് ചാനല്‍ 4 സംപ്രേഷണം ചെയ്തത്. 25 വര്‍ഷം മുമ്പ് റെക്കോര്‍ഡ് ചെയ്ത സ്വകാര്യസംഭാഷണങ്ങളാണ് ഡോക്യുമെന്ററിയിലുള്ളത്. ചാള്‍സിനെ കണ്ടുമുട്ടിയതും വിവാഹനിശ്ചയവും സ്വകാര്യജീവിതവുമെല്ലാം രാജകുമാരി വിവരിക്കുന്നു. ഭാഷാ പരിശീലകനോടാണ് ഡയാന മനസുതുറക്കുന്നത്.
അതേസമയം, മരിച്ചുപോയ വ്യക്തിയെ അവഹേളിക്കുന്നതാണ് ചാനല്‍ നിലപാടെന്ന് ചില പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ താന്‍ പറയുന്നത് റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ഡയാനക്ക് അറിയുമായിരുന്നെന്നും ലോകം ഇതറിയണമെന്ന് അവര്‍ ആ്രഹിച്ചിരുന്നെന്നുമാണ് ചാനലിന്റെ നിലപാട്. ഡയാനയുടെ മക്കള്‍ വില്യമും ഹാരിയും സംപ്രേഷണത്തെ എതിര്‍ത്തില്ല. എന്നാല്‍ ഡയാനയുടെ കുടുംബം വിയോജിപ്പ് രേഖപ്പെടുത്തി. കെന്‍സിങ്ടണ്‍ കൊട്ടാരം ഡോക്യുമെന്ററിയോട് പ്രതികരിച്ചില്ല.