ലോകത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) പിടിമുറുക്കുന്നു എന്നതിന്റെ കൃത്യമായ സൂചനകള്‍ നല്‍കുന്നതാണ് സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ പുതിയ പ്രഖ്യാപനങ്ങള്‍. ചില പ്രധാനപ്പെട്ടവ പരിശോധിക്കാം:
ഗൂഗിള്‍ ലെന്‍സ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നാളിതുവരെ ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പ്രകടനമാണ് ഗൂഗിള്‍ ലെന്‍സിലൂടെ ലോകം കണ്ടത്. എന്നാല്‍ ഇതു ശൈശവദശയില്‍ തന്നെയാണ് എന്നത് ഒരു പക്ഷേ പലര്‍ക്കും ആശ്വാസം നല്‍കുന്നതാണ്. കാരണം അധികം താമസിയാതെ AI മനുഷ്യരുടെ ജോലികള്‍ ഒന്നൊന്നായി ഇല്ലാതാക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ടല്ലോ.
ഗൂഗിള്‍ ലെന്‍സ് ഒരു ഹാര്ഡ്വെയര് അല്ല. പക്ഷെ ഇതിനെ വേണമെങ്കില്‍ ഗൂഗിള്‍ മറ്റൊരു രീതിയില്‍ ജനിക്കാന്‍ ശ്രമിക്കുന്നതായി കാണാം. ഇന്നും കംപ്യൂട്ടര്‍ സെര്‍ച്ച് തന്നെയാണല്ലോ ഗൂഗിള്‍ (ആല്‍ഫബറ്റ്) കമ്പനിയുടെ പ്രാധാന്യം നിലനിറുത്തുന്നത്. അതെ, 'ലെന്‍സ്' ഒരു പുതിയ തരം സെര്‍ച്ച് ആണ്. ലെന്‍സ് ആപ്പിലൂടെ സ്മാര്‍ട്ട്ഫോണ്‍ ക്യാമറ വിടര്‍ന്നു നില്ക്കുന്ന ഒരു പൂവിനു മുകളില്‍ കാണിച്ചാല്‍ അത് എന്തു പൂവാണെന്ന് ഗൂഗിള്‍ പറയും.
വാക്കുകള്‍ വേണ്ടാത്ത, കാഴ്ചയെ ആശ്രയിച്ചുള്ള സെര്‍ച്ച് അതാണ് ലെന്‍സിലൂടെ ഗൂഗിള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. വെബിലുള്ള ചിത്രത്തെ പറ്റിയും മൊബൈലില്‍ പ്ലേ ചെയ്യുന്ന വിഡിയോയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ തരാന്‍ ഇതിനു സാധിക്കും. ഒരു ഹോട്ടലിന്റെ പേരിനു നേരെ ചൂണ്ടിയാല്‍ അതിനെ പറ്റി ആരെങ്കിലും റിവ്യൂ നടത്തിയിട്ടുണ്ടെങ്കില്‍ അതും മറ്റു വിവരങ്ങളും സ്ക്രീനിലെത്തും. ഗൂഗിള്‍ ലെന്‍സിലൂടെ നോക്കുമ്പോള്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ നിങ്ങള്‍ കാണുന്നതല്ല കാണുന്നത്. നിങ്ങളുടെ സഹായമില്ലാതെ നിങ്ങള്‍ കാണുന്നത് എന്തെന്നു മനസിലാക്കാനും അതിനു കഴിയും– ഗൂഗിള്‍ പറയുന്നു.