ഡെമോക്രാറ്റിക് നേതാവായ മൂണ്‍ ജേ- ഇന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ്. മൂണ്‍ 41 ശതമാനം വോട്ട് നേടിയപ്പോള്‍ എതിര് സ്ഥാനാര്‍ഥിക്ക് 23 ശതമാനം വോട്ടേ നേടാനായുള്ളു. ഉത്തരകൊറിയയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന മൂണ്‍ ഭരണത്തിലെത്തിയത് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കും അമേരിക്കയുമായുള്ള സഖ്യ നിലപാടുകള്‍ക്കും മാറ്റം വരുത്തുമെന്നാണ് വിലയിരുത്തലുകള്‍.
ഉത്തരകൊറിയ- അമേരിക്ക ബന്ധം സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ലോകം ആകാംക്ഷയോടെയാണ് ദക്ഷിണകൊറിയന്‍ തിരഞ്ഞെടുപ്പിനെ നോക്കിക്കണ്ടത്.ഒരു പതിറ്റാണ്ടു നീണ്ട കണ്‍സര്‍വേറ്റീവ് ഭരണത്തിനാണ് ദക്ഷിണകൊറിയയില്‍ അന്ത്യം വരുന്നത്. ഉത്തരകൊറിയയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന മൂണ്‍ ജേ ഇന്‍ തങ്ങളുടെ രാജ്യത്തെ അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റേയും വിമര്‍ശകനാണ്.
തിരഞ്ഞെടുപ്പിന് ശേഷം പുറത്തു വിട്ട എല്ലാ എക്സിറ്റ് പോളുകളും മൂണിന്റെ ജയം പ്രവചിച്ചിരുന്നു.താന്‍ എല്ലാവരുടെയും പ്രസിഡന്റായിരിക്കുമെന്ന് മൂണ്‍ പ്രതികരിച്ചു. കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയെ ബഹുദൂരം പിന്തള്ളിയായിരുന്നു വോട്ടെടുപ്പിന്റെ തുടക്കം മുതല്‍ മൂണിന്റെ കുതിപ്പ്. ഉത്തര കൊറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിയുടെ മകനായ മൂണ്‍ മനുഷ്യാവകാശ പ്രവര്ത്തകന് കൂടിയാണ്. അഴിമതി ആരോപണത്തെ തുടര്‍ന്ന് പാര്‍ക്ക് ഗ്യൂന്‍ ഹെ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രാജ്യത്തെ അഴിമതിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം കൂടിയാണ് ഫലത്തില്‍ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍.
Advertisement