വിവാദത്തിൽനിന്നു വിവാദത്തിലേക്കു പറക്കുകയാണ് യുണൈറ്റഡ് എയർലൈൻസ്. വിവാഹിതരാകാനുള്ള യാത്രയ്ക്കൊരുങ്ങിയ തങ്ങളെ ‘ചവിട്ടിപ്പുറത്താക്കി’യെന്നു രണ്ടു യാത്രികർ പരാതി നൽകിയതാണു പുതിയ സംഭവം. യാത്രക്കാരനായ ഡോക്ടറെ ഇതേ കമ്പനിയുടെ വിമാനത്തിൽനിന്നു വലിച്ചിഴച്ചതു ലോകം മുഴവൻ സമൂഹമാധ്യമത്തിലൂടെ കണ്ടിരുന്നു. ഇതു കമ്പനിയുടെ മാർക്കറ്റിനെ ബാധിച്ചിരുന്നു. ഷെയർ മാർക്കറ്റിൽ നാലു ശതമാനമാണ് ഇടിഞ്ഞത്. അതിന്റെ ഞെട്ടൽ മാറുംമുൻപേയാണ് ഇത്.
പുറത്താക്കപ്പെട്ട യുവമിഥുനങ്ങളുടെ പുറപുപരപപ വിശദീകരണം: ശനിയാഴ്ച ഹൂസ്റ്റണിൽനിന്നു കോസ്റ്ററിക്കയിലേക്കുള്ള വിമാനത്തിൽ കയറിയപ്പോൾ, ഞങ്ങളുടെ സീറ്റിൽ മറ്റൊരു യാത്രികൻ കിടന്നു മയങ്ങുന്നു. തുടർന്ന് ഉയർന്ന ക്ളാസിലേക്കു മാറ്റം ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു. പിന്നാലെ ഉദ്യോഗസ്ഥരെത്തി തങ്ങളെ ബലമായി പുറത്താക്കുകയായിരുന്നു.
യുണൈറ്റഡ് എയർലൈൻസ് സ്വാഭാവികമായും നിഷേധിച്ചു. സ്വന്തം ഇരിപ്പിടത്തിലേക്കു മടങ്ങാൻ പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയില്ലെന്നാണു വിശദീകരണം.
യുവമിഥുനങ്ങൾക്കു താമസസൗകര്യം ഒരുക്കി, പിറ്റേന്നു മറ്റൊരു വിമാനത്തിൽ കയറ്റിവിട്ടു കമ്പനി തൽക്കാലം തടിയൂരി.