തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്ദോഗാന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച ഹിതപരിശോധനയുടെ ആദ്യ ഘട്ടം ആരംഭിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതുള്‍പ്പെടെ ഏകാധിപത്യസ്വഭാവ അധികാരങ്ങള്‍ പ്രസിഡന്റില്‍ കേന്ദ്രീകരിക്കപ്പെടണമോ എന്നാണ് ഹിതപരിശോധനയില്‍ തീരുമാനിക്കപ്പെടുക. ആദ്യഘട്ടത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ മൂന്ന് മില്യണ്‍ തുര്‍ക്കി പ്രവാസികളാണ് വോട്ട് രേഖപ്പെടുത്തുന്നത്.
ഹിതപരിശോധന അനുകൂലമാവുകയാണെങ്കില്‍ ഏറെക്കുറെ ഏകാധിപത്യ സ്വഭാവത്തിലേക്ക് മാറും തുര്‍ക്കി. പ്രസിഡന്റിലേക്ക് അധികാരങ്ങള്‍ ചുരുങ്ങും. ഒറ്റയ്ക്ക് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം. മന്ത്രിമാരെ തന്നിഷ്ടപ്രകാരം നിശ്ചയിക്കാം. പാര്‍ലമെന്റ് പിരിച്ചുവിടാം. മാത്രമല്ല 2029 വരെ പ്രസിഡന്റിന് അധികാരത്തില്‍ തുടരാമെന്നും ഭരണഘടനാ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. പ്രധാനമന്ത്രി എന്ന പദവി തന്നെ ഇല്ലാതാകും. ബില്‍ പാസാവുകയാണെങ്കില്‍ അത് ജനാധിപത്യത്തിന്റെ കശാപ്പായിരിക്കുമെന്ന് വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ ഇത് തുര്‍ക്കിയില്‍ കൂടുതല്‍ സ്ഥരതയുള്ള ഭരണം കൊണ്ടു വരുമെന്നാണ് എര്ദോഗാന് അനുകൂലികളുടെ പക്ഷം. മൂന്നു മില്യണ്‍ തുര്‍ക്കി പ്രവാസികളാണ് ആദ്യ ഘട്ടത്തില്‍ ഹിതപരിശോധയുടെ ഭാഗമാകും.
ജര്മ്മനിയാലാണ് ഏറ്റവും കൂടുതല്‍ തുര്‍ക്കി പൗരന്മാര്. യൂറോപ്യന്‍ രാജ്യങ്ങളിലെ തുര്‍ക്കി പൗരന്മാര്ക്ക് എപ്രില്‍ ഒമ്പത് വരെ വോട്ട് വിനിയോഗിക്കാം.തുര്‍ക്കിയില്‍ ഏപ്രില്‍ പതിനാറിനാണ് ഹിതപരിശോധന. യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ രീതിയിലുള്ള പ്രചാരണ പരിപാടികളാണ് നടന്നത്. എന്നാല്‍ റാലികള്‍ക്ക് ജര്‍മ്മനിയിലും ഹോളണ്ടിലും തടസ്സം നേരിട്ടു.തുടര്‍ന്ന് ഈ രാജ്യങ്ങളും തുര്‍ക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ആടിയുലഞ്ഞിരുന്നു.