E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:30 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സാമവേദം ഹൃദിസ്‌ഥമാക്കിയവരിൽ അവശേഷിക്കുന്ന രണ്ടുപേരിലൊരാൾ; ‘വേദരത്നം’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sivakaran-namboothiri ഡോ. തോട്ടം ശിവകരൻ നമ്പൂതിരി! ചിത്രം: ജിബിൻ ജെ. ചെമ്പോല.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂർ, പാഞ്ഞാൾ ഗവ. ഹൈസ്‌കൂളിൽ നിന്നു നാലാം ക്ലാസിൽ പഠനം മതിയാക്കി പോയ കൂട്ടുകാരനു കിള്ളിമംഗലം വാസുദേവൻ എഴുതി: ‘‘എനിക്ക് ഒരു രന്തനം നഷ്‌ടപ്പെട്ടപോലെ തോന്നുന്നു’’. നഷ്‌ടപ്പെട്ടുവെന്നു വാസുദേവൻ കരുതിയ ‘രന്തനം’ ഇവിടെത്തന്നെയുണ്ട്. നമ്മുടെ കൂടെ. പേര് ഡോ. തോട്ടം ശിവകരൻ നമ്പൂതിരി! ഉറ്റസുഹൃത്ത് സ്‌കൂൾവിട്ടു പോയതിന്റെ വിഷമത്തിലാണു വാസുദേവൻ അന്ന് അങ്ങനെ എഴുതിയത്. രത്നം എന്നു തെറ്റാതെ എഴുതാൻ പോലുമറിയാത്ത പ്രായത്തിൽ. പക്ഷേ, ആ സതീർഥ്യൻ മനസ്സിൽ തൊട്ടെഴുതിയ വിശേഷണം സത്യമായി! ഡോ. ശിവകരൻ നമ്പൂതിരിയെ, കഴിഞ്ഞ ഡിസംബറിൽ, കൊടുങ്ങല്ലൂർ ശ്രീവിദ്യാ പ്രതിഷ്ഠാനം വേദരത്നം പദവി നൽകി ആദരിച്ചു. വാസുദേവന്റെ കൂട്ടുകാരൻ വെറും രത്നമല്ല; വേദരത്നമായിരിക്കുന്നു!

∙സാമവേദം സമ്പൂർണമായി ഹൃദിസ്‌ഥമാക്കിയവരിൽ അവശേഷിക്കുന്ന രണ്ടുപേരിലൊരാൾ. 

∙തൃശൂർ, കൊടകര കൈമുക്ക്, ആലുവ, പന്നിയൂർ, കോന്നി സോമയാഗങ്ങളിൽ പങ്കാളിത്തം. 

∙പാഞ്ഞാൾ, കൈമുക്ക്, ഭദ്രാചലം, ഹൈദരാബാദ്, ശുകപുരം അതിരാത്രങ്ങളിൽ പങ്കാളിത്തവും മുഖ്യ സംഘാടന ചുമതലയും. 

∙ജർമനി, നെതർലൻഡ്‌സ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ വേദത്തെപ്പറ്റിയും ആയുർവേദത്തെപ്പറ്റിയും ക്ലാസ്സുകൾ.

∙വേദിക് കോൺഫറൻസുകളിലെ സ്‌ഥിരം സാന്നിധ്യം. 

∙വേദാധ്യാപകൻ, യോഗാധ്യാപകൻ, സംസ്‌കൃതാധ്യാപകൻ, ആയുർവേദ ഡോക്‌ടർ, ഗവേഷകൻ... വേദരത്നത്തിന്റെ ശോഭയേറുകയാണ്!

മഹാസാത്വികനായിരുന്നു ശിവകരന്റെ അച്‌ഛൻ പാഞ്ഞാൾ തോട്ടം ഇല്ലത്തെ സുബ്രഹ്‌മണ്യൻ നമ്പൂതിരി. 89–ാം വയസ്സിൽ മരിക്കുംവരെ വേദം മാത്രം ചൊല്ലിയ നാവും മനസ്സും. സമ്പാദ്യമായുണ്ടായിരുന്നത് വേദപണ്ഡിതനെന്ന യശസ്സു മാത്രം. ഒരു ചെല്ലപ്പേരുകൂടി ഇല്ല ശിവകരന്. ‘മംഗളദായകൻ’ എന്നർഥമുള്ള പേരുള്ളപ്പോൾ മറ്റൊരു പേരെന്തിനെന്നു ചിന്തിച്ചിട്ടുണ്ടാവും മാതാപിതാക്കൾ.

പാഞ്ഞാൾ സ്‌കൂളിലെ കൂട്ടുകാരുടെ ഇടയിൽ നിന്ന് ആലുവ തന്ത്രവിദ്യാപീഠത്തിലേക്കു കൊച്ചു ശിവകരനെ പറിച്ചുനടാൻ അച്‌ഛന് ഒരുപിടി കാരണങ്ങളുണ്ടായിരുന്നു. കാഞ്ചികാമ കോടി മഠത്തിൽ നിന്നുള്ള ഇടപെടൽ തന്നെ മുഖ്യം. അന്നത്തെ മഠാധിപതി സ്വാമി ചന്ദ്രശേഖര സരസ്വതി നേരിട്ട് ആവശ്യപ്പെട്ടിരുന്നു; മക്കളെ സാമവേദത്തിലേക്ക് അനുനയിക്കാൻ. സാമവേദം പൂർണമായും ഹൃദിസ്‌ഥമാക്കിയവരുടെ എണ്ണം കുറഞ്ഞുവരുന്നതും മഠാധിപതിയെ വിഷമിപ്പിച്ചിരിക്കണം. പിന്നെ, മഠത്തിൽ നിന്നുള്ള സ്‌കോളർഷിപ്! ഇല്ലത്തെ ഇല്ലായ്‌മയും ഒരു കാരണമായെന്നു ശിവകരൻ നമ്പൂതിരി.

∙ വേദങ്ങളെപ്പറ്റി ഗവേഷണം നടക്കുന്നു. വിദേശികൾ വേദം പഠിക്കാൻ ഇന്ത്യയിലെത്തി ഇവിടെ താമസിക്കുന്നു. ക്ഷേത്രങ്ങളും മഠങ്ങളുമായി ബന്ധപ്പെട്ടു ധാരാളം വേദപഠന ക്ലാസുകൾ നടക്കുന്നു. എന്നിട്ടും സാമവേദം പഠിക്കാൻ എന്തേ ആളില്ലാത്തത്?

സ്വരത്തിനും സംഗീതാത്മകമായ ആലാപനത്തിനും പ്രധാന്യമുള്ള സാമവേദം സ്വായത്തമാക്കുക വിഷമകരമത്രെ. രാവിലെ അഞ്ചിന് എഴുന്നേൽക്കണം. മുങ്ങിക്കുളിയും നാമജപാദികളും കഴിഞ്ഞാൽ വേദം ചൊല്ലൽ ആരംഭിക്കുകയായി. രാവിലെ കാപ്പികുടിക്കുന്നതിനു മുമ്പു തന്നെ വേദം ചൊല്ലിയുള്ള സൂര്യനമസ്‌കാരം 108 തവണ ചെയ്‌തിട്ടുണ്ടാവും. 

ഉരുവിട്ടു പഠിത്തം അവസാനിക്കുന്നതേയില്ല. ദിവസവും 12 മണിക്കൂറിലേറെ നീളുന്ന പഠനം. അച്‌ഛൻ തന്നെയായിരുന്നു ശിവകരന്റെയും ജ്യേഷ്‌ഠൻ കൃഷ്‌ണന്റെയും ഗുരു. ഇതിനിടയിൽ തന്നെ സംസ്‌കൃതവും വ്യാകരണവും പൂജാദികർമങ്ങളും പഠിച്ചു. വൈകിട്ട് അൽപനേരം മാത്രമാണു കളിക്കാനുള്ള സമയം. കളിയെന്നാൽ ഫുട്‌ബോളും ക്രിക്കറ്റുമൊന്നുമല്ല. ചില കളികൾ! അത്രതന്നെ. ‘അനധ്യായ’ ദിവസങ്ങൾ നന്നേ ചുരുക്കം.

തുടക്കകാലത്തു ചില ദിവസങ്ങളിൽ കുളത്തിന്റെ കൽപ്പടവിൽ ഇരുന്നുറങ്ങിപ്പോയിട്ടുണ്ടെന്നു ശിവകരൻ.ശിവകരനും കൃഷ്‌ണനും അച്‌ഛന്റെ അടുത്തുനിന്ന് അഭ്യസിച്ചതുപോലെ മുറച്ചൊല്ലി പഠിച്ചാൽ തന്നെ സംഹിത (അടിസ്‌ഥാനം) പൂർത്തിയാക്കാൻ കുറഞ്ഞത് അഞ്ചു വർഷം വേണ്ടിവരും. ഉപരിപഠനം പൂർത്തിയാക്കാൻ ഏഴെട്ടു വർഷമെങ്കിലും വേണം. സാമവേദം സമ്പൂർണമായി ചൊല്ലാനറിയാവുന്നവരുടെ എണ്ണം ഈ സഹോദരങ്ങളിലേക്കു ചുരുങ്ങിയതിന്റെ കാരണവും ഇതുതന്നെയാവും. നേരത്തേ, അച്‌ഛൻ സുബ്രഹ്‌മണ്യൻ നമ്പൂതിരിയായിരുന്നു ഈ രംഗത്തെ കുലപതിയും അവസാന വാക്കും. വല്യച്‌ഛന്റെ മകൻ നാരായണൻ നമ്പൂതിരിയും സാമവേദം ഹൃദിസ്‌ഥമാക്കിയിരുന്നു. അദ്ദേഹം കഴിഞ്ഞ ജനുവരി 31ന് അന്തരിച്ചു.

∙ ആധുനിക വിദ്യാഭ്യാസം വേണ്ടെന്നുവച്ചു ഗുരുകുല സമ്പ്രദായത്തിൽ പഠിച്ചു ‘വേദകാലത്തു’ ജീവിക്കാൻ ഇന്ന് ആരെങ്കിലും തയാറാകുമോ?

ആർക്കും തോന്നാവുന്ന ഈ സംശയത്തിന് സ്വന്തം ജീവിതംകൊണ്ടു തന്നെയാണു ശിവകരൻ നമ്പൂതിരിയുടെ മറുപടി. സാമവേദ സംഹിത പൂർത്തിയായപ്പോൾ ശിവകരൻ വീണ്ടും സ്‌കൂളിൽചേർന്നു. ഇരിങ്ങാലക്കുട നാഷനൽ ഹൈസ്‌കൂളിൽ. പ്രീഡിഗ്രി കാലടി സംസ്‌കൃത കോളജിലായിരുന്നു. ഡിഗ്രി പഠനത്തിനിടെ എൻട്രൻസ് പാസായി തിരുവനന്തപുരം ആയുർവേദ കോളജിലേക്ക്. കോട്ടയം കുറിച്ചിത്താനം മഠത്തിൽ മനയിൽ നിന്നു വിവാഹം. ഇപ്പോൾ ഭാര്യ ഡോ. മഞ്‌ജരിയോടൊപ്പം കുറിച്ചിത്താനത്ത് ശ്രീധരി ആയുർവേദ ആശുപത്രി നടത്തുന്നു. അവിടെ ചീഫ് ഫിസിഷ്യൻ. രണ്ടു മക്കൾ. നന്ദിതയും നിവേദിതയും. രണ്ടുപേരും ആയുർവേദം പഠിക്കുന്നു.

അതെ, സാമവേദ പഠനംകൊണ്ടു ശിവകരന് ഒന്നും നഷ്‌ടമായിട്ടില്ല! നമ്മളെയൊക്കപ്പോലെ ജോലിചെയ്ത്, ഭാര്യയും മക്കളുമൊക്കെയായി കഴിയുന്നു.വേദപഠനം ഒരു തടസ്സമല്ല. മറിച്ച്, അതു വ്യക്തിയെ ശാരീരികമായും മാനസികമായും ആത്മീയമായും പരിപക്വനാക്കുന്നു. ഗുരുകുലത്തിൽ നിന്നിറങ്ങി സാധാരണ ജീവിതം നയിക്കുമ്പോഴും ശിവകരൻ പഠിച്ചതൊന്നും മറന്നില്ല. മറന്നില്ലെന്നു മാത്രമല്ല, അന്യംനിന്നു പോകുമായിരുന്ന സാമവേദ സംസ്കാരത്തിന്റെ മഹാപാരമ്പര്യത്തെ അടുത്ത തലമുറയ്‌ക്കു പകർന്നു നൽകാൻ തുടർച്ചയായി യത്നിക്കുകയും ചെയ്യുന്നു. വേദത്തിലും ആയുർവേദത്തിലും ഗവേഷണം തുടരുന്നു.

കുറിച്ചിത്താനത്തെ വസതിയിൽ കഴിഞ്ഞ വിജയദശമി നാളിൽ ഡോ. ശിവകരൻ നമ്പൂതിരി സാമവേദപഠനശാല ആരംഭിച്ചിട്ടുണ്ട്. മൂന്നു ശിഷ്യൻമാർ. വേദവെളിച്ചം കെടാതെ സൂക്ഷിക്കാനുള്ള നിയോഗം ഇനി അവർക്ക്. സംഗീതസാന്ദ്രം, സാമവേദം ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം, എന്നീ നാലുവേദങ്ങളിൽ ഏറ്റവും സംഗീതസാന്ദ്രമായതാണു സാമവേദം. ‘വേദാനാം സാമവേദോസ്‌മി’ (വേദങ്ങളിൽ ഞാൻ സാമവേദമാണ്) എന്നു ഭഗവാൻ കൃഷ്‌ണൻ ഗീതയിൽ പറയുന്നുണ്ട്. 

സാമവേദത്തിന് ആയിരം ശാഖകൾ ഉണ്ടായിരുന്നു. ഇന്ന് അവശേഷിക്കുന്നതു മൂന്നെണ്ണം മാത്രം. ജൈമനീയം, കൗഥുമം, രാണായനീയം. അതിൽതന്നെ ജൈമനീയമാണു കേരളത്തിൽ പ്രചാരമുള്ളത്. കേരളത്തിൽ പാഞ്ഞാളിനു പുറമേ മൂക്കുതല, കിടങ്ങൂർ തുടങ്ങിയ സ്‌ഥലങ്ങളിലാണു സാമവേദികൾ ഉണ്ടായിരുന്നത്. ഇന്ന് അതു പാഞ്ഞാളിലെ ഏതാനും കുടുംബങ്ങളിലേക്കു ചുരുങ്ങി.

കേരളത്തിലെ സാമവേദപഠനത്തിന് ഏറെ പ്രത്യേകതയുണ്ട്. വേദം ഇവിടെ മന‌ഃപാഠമാക്കുകയാണ്. എഴുത്തിന്റെ സഹായമില്ലാതെ. ഗുരുവിന്റെ ഓത്താണ് പാഠം. സ്വരസ്‌ഥാനങ്ങൾ ഉറയ്‌ക്കണം. അതിനായി ആവർത്തിച്ച് ഉരുവിട്ടു പഠിക്കണം. വേദസാഹിത്യത്തിനു നാലു ഭാഗങ്ങളുണ്ട്. സംഹിത, ബ്രാഹ്‌മണം, ആരണ്യകം, ഉപനിഷത്ത്. വേദസംഹിത പഠിച്ചതിനു ശേഷം വികൃതി പാഠങ്ങൾ (അഭ്യാസം) പഠിക്കുന്നു. പിന്നെയാണ് ഉപരിപഠനം.

സാമവേദ സംഹിതയിൽ രണ്ടു ഭാഗങ്ങളുണ്ട്. ഋക് സംഹിത, ഗാനസംഹിത. ഋക്‌സംഹിതയിൽ 112 ഓത്ത് (അധ്യായം). ഗാന സംഹിതയിൽ 59 ഓത്ത്. പുറമേ ചന്ദ്രാസാമം 25 ഓത്ത്. സാമവേദ മന്ത്രങ്ങൾ അടുത്ത തലമുറയ്‌ക്കായി ശബ്ദലേഖനം ചെയ്യുന്ന തിരക്കിലായിരുന്നു കുറേനാളായി ഡോ. ശിവകരൻ നമ്പൂതിരി. 73 മണിക്കൂർ റെക്കോഡിങ്ങിനു വേണ്ടിവന്നത് രണ്ടുവർഷത്തോളം. മനോരമ മ്യൂസിക് ആരംഭിച്ച പൈതൃക പരമ്പരയിൽ അടുത്തതാണ് ‘സാമവേദം സമ്പൂർണ പാരായണം.’ ഈയാഴ്‌ച രാഷ്ട്രപതി ഭവനിൽ രാഷ്‌ട്രപതി പ്രണബ് മുഖർജി പ്രകാശനം നിർവഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :