E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 06:37 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ദശലക്ഷങ്ങളെ കൊന്നൊടുക്കിയ ‘കറുത്ത മഹാമാരി’ വീണ്ടും; ലോകം ഭയപ്പെട്ടത് സംഭവിക്കുമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

plague
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡാൻ ബ്രൗണിന്റെ ‘ഇൻഫെർണോ’ എന്ന ത്രില്ലർ വായിച്ചവർക്കറിയാം ഒരു മാരകവൈറസ് പടരുന്നത് തടയാൻ ലോകാരോഗ്യസംഘടനയും(ഡബ്ല്യുഎച്ച്ഒ) സുരക്ഷാഉദ്യോഗസ്ഥരുമെല്ലാം നടത്തുന്ന അധ്വാനത്തിന്റെ കഥ. ഇൻഫെർണോ എന്നു പേരിട്ട വൈറസിനെ പരത്തി ഒട്ടേറെ പേരെ കൊലപ്പെടുത്തുക വഴി, ജനസംഖ്യ കുറച്ച് ലോകത്തെ ‘രക്ഷിക്കാനാ’ണ് സോബ്രിസ്റ്റ് എന്ന കോടീശ്വരന്റെ നേതൃത്വത്തിലുള്ള ‘ദ് കൺസോർഷ്യം’ എന്ന സംഘത്തിന്റെ ശ്രമം. ബയോടെററിസ്റ്റ് എന്ന പേര് ഇതിനോടകം തന്നെ സോബ്രിസ്റ്റിന് ചാർത്തിക്കിട്ടിയിരുന്നു. ഒരു പ്ലാസ്റ്റിക്പായ്ക്കറ്റിലാണ് ഇയാൾ വൈറസിനെ സൂക്ഷിച്ചിരിക്കുന്നത്. അതൊന്നു പൊട്ടി വെള്ളത്തിലൊഴുകിയാൽ മതി ദശലക്ഷങ്ങളെ കൊല്ലാവുന്ന വിധം വൈറസ് പരക്കാൻ.

ഇത്തരത്തിലുള്ള ജൈവായുധങ്ങളുടെ കഥ മലയാളത്തിലുൾപ്പെടെ എഴുത്തിനും സിനിമകൾക്കും വിഷയമായിക്കഴിഞ്ഞു. എന്നാൽ കഥയെന്നു പറഞ്ഞ് തള്ളിക്കളയേണ്ട അവസ്ഥയല്ല ഇപ്പോഴുള്ളത്. ലോകത്തുനിന്ന് മറഞ്ഞുപോയതെന്നു കരുതുന്ന പല മാരകരോഗങ്ങളുടെയും അണുക്കൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന മുന്നറിയിപ്പ് ഡബ്ല്യുഎച്ച്ഒ തന്നെ പുറത്തുവിട്ടുകഴിഞ്ഞു. നിലവിൽ ഇവയ്ക്ക് മിക്കതിനും എതിരെ ആന്റിബയോട്ടിക്കുകളുണ്ട്. പക്ഷേ ആ മരുന്നിനെയും പ്രതിരോധിക്കാൻ കഴിവുള്ള ബാക്ടീരിയങ്ങളെയും വൈറസുകളെയും ആർക്കുവേണമെങ്കിലും എളുപ്പത്തിൽ തയാറാക്കാനാകുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. മാത്രവുമല്ല അത്തരം രോഗാണുക്കളെ ജൈവായുധങ്ങളായി പ്രയോഗിക്കാനുള്ള സാധ്യകൾക്കെതിരെ കരുതിരിയിക്കണമെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.

ജൈവായുധപ്പേടിയുടെ തുടക്കം

2001ൽ ആന്ത്രാക്സ് അണുക്കൾ നിറഞ്ഞ പൊടി കവറിലാക്കി യുഎസിൽ പല ഉന്നതർക്കും അയച്ചുകിട്ടിയ സാഹചര്യത്തിൽ ആരംഭിച്ചതാണ് ഇത്തരം ജൈവായുധങ്ങൾക്കെതിരെയുള്ള ഗവേഷണം. അന്ന് യുഎസ് പ്രതിരോധ വകുപ്പിന്റെ നിർദേശപ്രകാരം ഒരുകൂട്ടം ഗവേഷകരെ ഇത്തരം ജൈവായുധങ്ങളെപ്പറ്റി പഠിക്കാനായി നിയോഗിച്ചിരുന്നു. അക്കൂട്ടത്തിൽ ഉൾപ്പെട്ട യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മെഡിക്കൽ ബ്രാഞ്ചിലെ പ്രഫസർ ഡോ.അശോക് ചോപ്രയാണ് നിർണായകമായ വെളിപ്പെടുത്തൽ ഇപ്പോൾ നടത്തിയിരിക്കുന്നത്. മൈക്രോബയോളജി ആൻഡ് ഇമ്മ്യുണോളജി പ്രഫസറായ ഇദ്ദേഹം പ്ലേഗ് പരത്തുന്ന യെഴ്സീനിയ പെസ്ടിസ് (Yersenia pestis ) എന്ന ബാക്ടീരിയയെപ്പറ്റി 2002 മുതൽ പഠിക്കുകയായിരുന്നു.

15 വർഷത്തെ ഗവേഷണത്തിനു ശേഷം പ്ലേഗിനെതിരെയുള്ള മൂന്നു തരം വാക്സിൻ വികസിപ്പിച്ചെടുത്തതുമായി ബന്ധപ്പെട്ട് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഭൂമിയിൽ നിന്നില്ലാതാക്കിയെന്നു നാം വിശ്വസിക്കുന്ന അണുക്കളെ തിരികെ കൊണ്ടുവരാൻ ഭീകരസംഘടനകൾക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നത്. ഇന്ത്യയിൽ ഉൾപ്പെടെ ലോകമെമ്പാടും കോടിക്കണക്കിനു മരണങ്ങൾക്ക് കാരണമായ ‘കറുത്ത മഹാമാരി’ എന്നറിയപ്പെടുന്ന പ്ലേഗ് തന്നെയാണ് ഇക്കൂട്ടത്തിൽ ഭീകരർക്ക് ഏറെ പ്രിയപ്പെട്ടതും. നിലവിൽ പ്ലേഗിനെതിരെ മരുന്നുണ്ട്. പക്ഷേ ആന്റിബയോട്ടിക് റെസിസ്റ്റന്റ് ആയ യെഴ്സീനിയ പെസ്ടിസ് ബാക്ടീരിയങ്ങളെ തയാറാക്കിയെടുക്കാൻ ആധുനിക സംവിധാനങ്ങൾ പോലും വേണ്ടെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. ലോകത്ത് ഏറ്റവുമധികം ഭയക്കേണ്ട പകർച്ചവ്യാധികളുടെ പട്ടിക തയാറാക്കിയപ്പോൾ ഡബ്ല്യുഎച്ച്ഒയും ആദ്യസ്ഥാനം നൽകിയത് പ്ലേഗിനാണ്. ആന്ത്രാക്സ്, എബോള, വസൂരി തുടങ്ങിയവാണ് തൊട്ടുപുറകെയുള്ളത്.

കറുത്ത മഹാമാരിയുടെ കഥ

യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നിലൊന്നിനെയും ഇല്ലാതാക്കിയാണ് പ്ലേഗ് പതിനാലാം നൂറ്റാണ്ടിൽ തന്റെ ഭീകരത വെളിപ്പെടുത്തിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ചൈനയിൽ പലയിടത്തും ജപ്പാൻസൈന്യം പ്ലേഗ് പരത്തുന്ന ചെള്ളുകളെ എലികളിലൂടെ എത്തിച്ചിരുന്നു. ശീതയുദ്ധകാലത്ത് ആകാശത്തിലൂടെ പ്ലേഗ് ബാക്ടീരിയകളെ അമേരിക്കയും സോവിയറ്റ് യൂണിയനും പരസ്പരം പ്രയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. 1990ൽ ഏഷ്യയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലെത്തിച്ച മൃഗങ്ങൾ വഴി അമേരിക്കയിലും പ്ലേഗ് പരന്നു. ഇതിനും പതിനാലാം നൂറ്റാണ്ടിലുണ്ടായ കറുത്ത മഹാമാരിക്കും കാരണമായത് ബ്യൂബോണിക് എന്നയിനം പ്ലേഗ് ബാക്ടീരിയയാണ്. 1994ൽ ഇന്ത്യയിൽ ഗുജറാത്തിലും ദൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലും പ്ലേഗ് പൊട്ടിപ്പുറപ്പെട്ടിരുന്നു. ബ്യുബോണിക്, സെപ്റ്റിസീമിക്, ന്യുമോണിക് എന്നിങ്ങനെ മൂന്നുതരം പ്ലേഗുണ്ട്. മൂന്നും പരത്തുന്നത് യെഴ്സീനിയ പെസ്ടിസിന്റെ വകഭേദങ്ങൾ തന്നെ.

എലിച്ചെള്ള് വഴിയാണ് ബ്യുബോണിക് പ്ലേഗ് പ്രധാനമായും പരക്കുന്നത്. ചികിത്സിച്ചില്ലെങ്കിൽ ബ്യൂബോണിക് പ്ലേഗ് വഴിയുള്ള മരണസാധ്യത 40 മുതൽ 70 ശതമാനം വരെയാണ്. സെപ്റ്റിസീമിക്, ന്യുമോണിക് പ്ലേഗുകളും കൊലയാളികൾ തന്നെ. വായു വഴി പരക്കുന്നതാണ് ന്യുമോണിക് പ്ലേഗ്-കൂട്ടത്തിലെ ഏറ്റവും വലിയ കൊലയാളിയും. ആന്റിബയോട്ടിക്കുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ലാത്ത കാലത്ത് യുഎസിൽ പ്ലേഗ് വഴിയുള്ള മരണസാധ്യത 66 മുതൽ 93ശതമാനം വരെയായിരുന്നു. നിലവിൽ ഇത് 11 ശതമാനം വരെയായി കുറഞ്ഞിട്ടുണ്ട്. പക്ഷേ ഡബ്ല്യുഎച്ച്ഒയുടെ കണക്കുപ്രകാരം 2013ൽ ലോകത്ത് 783 പേർക്ക് പ്ലേഗ് ബാധിച്ചിരുന്നു. ഇവരിൽ 126 പേർ കൊല്ലപ്പെട്ടു. മധ്യ-തെക്കൻ ആഫ്രിക്കയിലെയും മധ്യേഷ്യയിലെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും യുഎസിന്റെ തെക്കുപടിഞ്ഞാൻ ഭാഗങ്ങളിലെയും ഗ്രാമീണമേഖലയിലായിരുന്നു മരണമേറെയും. മഡഗാസ്കർ, കോംഗോ, പെറു എന്നിവിടങ്ങളിലായിരുന്നു ആധുനികകാലത്ത് പ്ലേഗ് ഏറ്റവും രൂക്ഷമായത്. യുഎസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കുപ്രകാരം യുഎസിൽ പ്രതിവര്‍ഷം ശരാശരി ഏഴ് പ്ലേഗ് ബാധകളെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2015ൽ 16 പേർക്കാണ് പ്ലേഗ് ബാധിച്ചത്, അവരിൽ നാലു പേർ മരിച്ചു.

എങ്ങനെ തടയും?

പ്ലേഗിനെ പ്രതിരോധിക്കുന്ന വാക്സിനുകൾ യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചിട്ടുണ്ടെങ്കിലും ആരും നിർമിക്കുന്നില്ലെന്ന് ‘ഇൻഡിപെൻഡന്റ്’ പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. അതുപോലും പക്ഷേ ബ്യൂബോണിക് പ്ലേഗിനെതിരെയാണ്. ഏറ്റവും അപകടകാരിയായ ന്യുമോണിക് പ്ലേഗ് അപ്പോഴും ശക്തനായിത്തന്നെ നിലകൊള്ളുകയാണ്. തുടക്കത്തിൽതന്നെ പ്ലേഗ് കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. പനിയുടെയും ജലദോഷത്തിന്റെയും ലക്ഷണങ്ങൾ തന്നെയാണ് ആദ്യം പ്ലേഗിനുമുണ്ടാകുക എന്നതാണു കാരണം. അങ്ങനെ വരുമ്പോൾ ആന്റിബയോട്ടിക്കുകൾ മാത്രമേ ഫലപ്രദമായ പ്രതിരോധമാകുകയുള്ളൂ. പക്ഷേ അത് കൃത്യസമയത്ത് നൽകിയെങ്കിലേ കാര്യവുമുള്ളൂ. അതേസമയം പ്ലേഗിന് അവസാനപ്രതിരോധമെന്നു കരുതിയിരിക്കുന്ന chloramphenicol എന്ന ആന്റിബയോട്ടിക്കിനെ വരെ രോഗാണു പ്രതിരോധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അശോക് ചോപ്രയുടെ വാക്സിനുതകൾ ഫലപ്രദമാകുന്നതും.

പ്ലേഗ് ബാക്ടീരിയയിൽ നിന്നുള്ള മൂന്ന് ജീനുകളെ ഒഴിവാക്കിയാണ് വാക്സിൻ തയാറാക്കിയത്. ഇത് കുത്തിവച്ചാൽ രോഗം പകരില്ല. പകരം ശരീരത്തിന് മികച്ച രോഗപ്രതിരോധശേഷി സമ്മാനിക്കും. ബാക്ടീരിയകളുടെ ആക്രമണമുണ്ടായാലും എളുപ്പത്തിൽ പ്രതിരോധിക്കാനാകും. എലികളിലും മൃഗങ്ങളിലും നടത്തിയ പരീക്ഷണത്തിൽ ന്യുമോണിക് പ്ലേഗിന് ഇത് ഫലപ്രദമാണെന്ന് തെളി‍ഞ്ഞിട്ടുണ്ട്. വാക്സിനാകട്ടെ മറ്റ് പാർശ്വഫലങ്ങളുമില്ല. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ കൂടുതലായി നടപ്പാക്കണമെന്നും അശോക് ചോപ്ര പറയുന്നു. കാരണം ‘ഇൻഫെർണോ’യിലെ സോബ്രിസ്റ്റിനെ പോലെ തലതിരിഞ്ഞ ഒരാൾ മതി ലോകത്തെ മുഴുവൻ വീണ്ടുമൊരു മഹാമാരിയുടെ പിടിയിലാക്കാൻ.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :