E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:31 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വിസ്മയം വിസ്മയയ്ക്കു മാത്രമല്ല; കണ്ണൂരിനെ സ്നേഹിക്കുന്ന മലയാളിക്കും

Follow Facebook
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

behind-cam
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂർ കൊട്ടിയൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരു ആദിവാസി കൊല്ലപ്പെട്ടു. അവിടെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ പതിവായിട്ടും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് അവരുടെ പരാതി. കൊല്ലപ്പെട്ട  ഗോപാലന്റെ മൃതദേഹം റോഡിൽ വച്ച് ഉപരോധിക്കണമെന്ന് നാട്ടുകാർ തീരുമാനിച്ചു. കൊട്ടിയൂർ പ‍ഞ്ചായത്തിൽ ഹർത്താലും നടത്തി. ആ വാർത്ത റിപ്പോർട്ട് ചെയ്ത് മടങ്ങുകയായിരുന്നു ഞാനും ക്യാമറാമാൻ വി.വി. ജയരാജും. കണ്ണൂരിലേക്കുള്ള മടക്കവഴിയിലാണ് അഭിലാഷ് ജോൺ വിളിക്കുന്നത്. സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജൻ, കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ സന്തോഷിന്റെ വീട്ടിൽ പോകുന്നുണ്ടെന്നായിരുന്നു വിവരം. ഉറപ്പില്ല അന്വേഷിക്കണം എന്നുപറഞ്ഞു. ഒന്നും ആലോചിച്ചില്ല വണ്ടി നേരെ ധർമ്മടത്തേക്ക് കുതിച്ചു.

യാത്രമധ്യേ ഞങ്ങൾ സംസാരിക്കുകയായിരുന്നു. ഒരു ജില്ലയുടെ ഒരുഭാഗത്ത് മനുഷ്യർ ജീവിക്കാൻവേണ്ടി മൃഗങ്ങളോടും പ്രകൃതിയോടും മല്ലിടുന്നു, മരണപ്പെടുന്നു, ഹർത്താലുകൾ നടത്തുന്നു. അതേ ജില്ലയുടെ മറുഭാഗത്ത് കുറെ മനുഷ്യർ മനുഷ്യരോട് തന്നെ മല്ലിടുന്നു, കൊല്ലപ്പെടുന്നു, ഹർത്താലുകൾ നടത്തുന്നു. വിചിത്രമാണല്ലോ കണ്ണൂരിലെ കാഴ്ചകളെന്ന് പറഞ്ഞുകൊണ്ടിരിക്കെ കാർ ധർമ്മടത്തെത്തി. വഴി ചോദിച്ച്, ചുറ്റിത്തിരിഞ്ഞ് അണ്ടല്ലൂരിലെത്തി. ഇടുങ്ങിയ മൺപാത. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാം. വഴിയരികിലെ വീടുകളിൽ നിന്നെല്ലാം സ്ത്രീകൾ തലുയുയർത്തി നോക്കുന്നുണ്ട്. എല്ലാം സാധാരണക്കാരുടെ വീടുകൾ. വണ്ടി നേരെ കൊല്ലപ്പെട്ട സന്തോഷിന്റെ വീടിന് മുൻവശത്തെത്തി. അവിടെ കുറച്ചുപേർ ഒാട്ടോയിറങ്ങി നിൽപ്പുണ്ടായിരുന്നു. ബിജെപിയുടെ പ്രാദേശിക നേതാക്കളാണ്. സിപിഎം നേതാക്കൾ ഇവിടെ വരുന്നുണ്ടെന്ന വിവരം അറിഞ്ഞാണ് എത്തിയതെന്ന് ഞങ്ങൾ പറഞ്ഞു. ''അതെ മുഴപ്പിലങ്ങാട് കഴിഞ്ഞു. കലക്ടറും ഉണ്ട്'' ബിജെപി സംസ്ഥാനസെൽ കോഡിനേറ്റർ  രഞ്ജിത്തിന്റെ മറുപടി.

സമയം നാലര കഴിഞ്ഞുകാണും. ഒരു കാർ വന്നു നിർത്തി. പ്രായമുള്ള ഒരാൾ ഇറങ്ങി. പുറകിലെ ഡോർ തുറന്നുകൊടുത്തു. ഒരു നിമിഷം ഞങ്ങൾ സ്ത‌ബ്ദരായി. വലിയ പരിവാരങ്ങളോ സുരക്ഷാഭടന്മാരോ ഒന്നുമില്ലാതെ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജൻ പുറത്തിറങ്ങി. അതൊരു അപൂർവ കാഴ്ചയായിരുന്നു. ബിജെപിയും ആർഎസ്എസും ശത്രുപക്ഷത്ത് കുത്തി നിർത്തിയ നേതാവ് അവരുടെ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ വീട്ടുമുറ്റത്ത് വന്നിരിക്കുന്നു. കലക്ടർ എത്തിയോ എന്ന് പി. ജയരാജൻ ചോദിച്ചു. ഇപ്പോഴെത്തുമെന്ന് രഞ്ജിത്തിന്റെ മറുപടി. അതുവരെ അടുത്ത വീടിന്റെ മുറ്റത്ത് കസേരയിട്ട് നേതാവ് ഇരുന്നു. പത്തുപേരെങ്കിലും കാണും പരമാവധി ആ നേരത്ത്. പൊലീസിന്റെ അകമ്പടിയോടെ കലട്കര്‍‍ മിർ മുഹമ്മദലി എത്തി. ലീഗിന്റെ മറ്റ് ചില നേതാക്കളും. എല്ലാവരും നേരെ സന്തോഷിന്റെ വീട്ടിലേക്ക്.

കേസും തർക്കങ്ങളുമായി കിടക്കുന്ന വീടാണ്. ടാർപോളിൻ ഷീറ്റ് വലിച്ചു കെട്ടിയ, ഇടിഞ്ഞുവീഴാറായ ഒരു വീട്. വീടെന്ന് അതിനെ വിളിക്കാമോ എന്നറിയില്ല. വിറകുപുരയെന്ന് തോന്നിയാലും തെറ്റുപറയില്ല. 48 സെന്റ് പുരയിടം. അത്രതന്നെ അവകാശികളും. ഇവിടെ വച്ചാണ് സന്തോഷിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

പി.ജയരാജൻ ആ വീടിനകത്തേക്ക് കയറി. ആർഎസ്എസുകാരുടെ വെട്ടേറ്റ് വിരലറ്റുപോയ, കൈയും കാലും നുറുങ്ങിപ്പോയ, ജീവശ്വാസം മാത്രം ബാക്കിയായ നേതാവാണ് ഈ കയറിപോകുന്നതെന്ന് മനസ് ഒാർമിപ്പിച്ചു. ഇത്തിരി നേരം ആ വീടു കണ്ടു നിന്ന ശേഷം അവിടെ നിന്ന് ഇറങ്ങി. എന്തെങ്കിലും സംസാരിക്കുന്നോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഇപ്പോൾ വേണ്ടെന്ന് മാത്രം മറുപടി. കലക്ടറും അത് തന്നെ ആവർത്തിച്ചു

വണ്ടിയെടുത്തു. പിന്നാലെ ഞങ്ങളും. സന്തോഷിന്റെ ഭാര്യ താമസിക്കുന്നത് ഇവിടെ നിന്ന് ഒരു നാലുകിലോമീറ്ററെങ്കിലും അകലെയാണ്. മീത്തലെ പീടികയിൽ നിന്ന് തിരിഞ്ഞ് വാഹനങ്ങൾ പരീക്കടവിലേക്ക് കുതിച്ചു. അതും ഒരു ഇടവഴിക്ക് സമാനമായ പാത. വരിവരിയായി വാഹനങ്ങൾ മുന്നോട്ട്... വീടെത്തിയപ്പോൾ അവിടെ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും മുൻ പ്രസിഡന്റ് കെ.സുരേന്ദ്രനും ആർ എസ് എസ് നേതാക്കളും ഉണ്ട്. വഴിമധ്യേ സിപിഎം സംസ്ഥാനസമിതിയംഗം എം.വി.ജയരാജനും ജില്ലാസെക്രട്ടറിക്കൊപ്പം കയറി. കുടുംബാംഗങ്ങൾ അവരെ സ്വീകരിച്ചു. വീടിനകത്ത് കയറിയിരുന്നു. തൊട്ടപ്പുറത്തെ മുറിയിലാണ് സന്തോഷിന്റെ ഭാര്യ ഇരിക്കുന്നത്. കലക്ടറും സർവകക്ഷിസംഘവും മുറിയിലേക്ക് ചെന്നു. ഞങ്ങൾ ക്യാമറയുമായി കടന്നപ്പോൾ വേണ്ടെന്ന് കലക്ടറുടെ ഗൺമാൻ വിലക്കി. ''രഹസ്യങ്ങളൊന്നുമില്ലല്ലോ'' എന്ന മറുചോദ്യത്തോടെ ഞങ്ങൾ ദൃശ്യങ്ങൾ  ഷൂട്ട് ചെയ്തു.

സന്തോഷിന്റെ ഭാര്യയോട് എന്തുസംസാരിക്കുമെന്നും ആ നേരത്ത് സിപിഎം നേതാക്കളുടെ മുഖഭാവം എന്തായിരിക്കുമെന്നും അറിയാൻ ക്യാമറ കാത്തുനിന്നു. കലക്ടറാണ് ചോദ്യ രൂപേണ സംസാരിച്ചത്. അവരുടെ ഉത്തരങ്ങൾ പക്ഷേ രാഷ്ട്രീയ നേതാക്കൾക്കുള്ളതായിരുന്നു. ''അറിയാവുന്ന കുട്ടികളാണ് എല്ലാം ചെയ്തത്. വീടിന്റെ അടുത്തു തന്നെയുള്ളവർ. പകൽ മദ്യവും കഞ്ചാവുമായി നടന്ന്, രാത്രി കള്ളവാറ്റും അക്രമവും സ്ഥിരമാക്കിയവരാണ് കൊലയാളികൾ. എല്ലാവരും സിപിഎമ്മുകാരാ.....'' സന്തോഷിന്റെ ഭാര്യ ഇങ്ങനെ പറ‍ഞ്ഞുപോകുമ്പോൾ ആ പാർട്ടിയുടെ ജില്ലാസെക്രട്ടറി ഒരക്ഷരം മറുത്ത് പറഞ്ഞില്ല. ആ സ്ത്രീ ഒരക്ഷരം കയർത്തും പറഞ്ഞില്ല. പിന്നെ സർവകക്ഷി സംഘത്തിന് അവരോട് മാത്രമായി ചിലത് സംസാരിക്കാനുണ്ടെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും പുറത്തേക്ക് ഇറങ്ങി. 

വീട്ടു മുറ്റത്തും റോഡിലുമായി ഞെങ്ങി ഞെരുങ്ങി നിർത്തിയിട്ട വാഹനങ്ങൾക്കിടയിലൂടെ സൈക്കിളുമായി ഒരു പെൺകുട്ടി കയറി വന്നു. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ആ മുഖം ഒറ്റനോട്ടത്തിൽ തിരിച്ചറിയാനായി. കൊല്ലപ്പെട്ട സന്തോഷിന്റെ മകൾ വിസ്മയ. ക്യാമറാൻ അവളെ പിന്തുടർന്ന് പകർത്തി. വീട്ടുമുറ്റത്തെ ആൾക്കൂട്ടവും പൊലീസും അവളെ ഇത്തിരി അമ്പരപ്പെടുത്തിക്കാണും. അകത്തുചെന്നപ്പോൾ ഇരിക്കുന്നവരെ കണ്ട് ശരിക്കും ഞെട്ടിക്കാണും

അച്ഛനെ കൊലപ്പെടുത്തിയ പാർട്ടിയുടെ നേതാക്കളെന്ന് ആ എട്ടാം ക്ലാസുകാരിയുടെ മനസ് പറഞ്ഞിട്ടുണ്ടാവണം. പക്ഷേ അവൾ വീട്ടിൽക്കയറി വന്നവരെ അതിഥികളായി കണ്ട് പുഞ്ചിരിച്ചു. ആ ചിരിയിൽ അവർക്കിടയിടെ കാര്യകാരണങ്ങൾ വെളിവാകാത്ത രാഷ്ട്രീയ വൈരം ഉരുകിത്തീർന്നിരിക്കണം. അടുത്ത് വിളിച്ച് ഏത് ക്ലാസിലാണ് പഠിക്കുന്നതെന്ന് പി.ജയരാജൻ ചോദിച്ചു. അവൾ മറുപടി പറഞ്ഞു. നല്ലോണം പഠിക്കണമെന്ന് സ്നേഹത്തോടെ പറയുന്നതും കേൾക്കാമായിരുന്നു. രാഷ്ട്രീയ വിദ്വേഷങ്ങളുടെ പേരില്‍‍ ജീവനെടുത്ത പ്രവർത്തകരുടെ വീടുകളിലെ ഇത്തരം പ്രതീക്ഷയറ്റ ജീവിതങ്ങളെ ഇതിനു മുന്നേ കാണാൻ എല്ലാപാർട്ടി നേതാക്കളും പോയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. രാഷ്ട്രീയകൊലപാതകങ്ങൾ പതിവാക്കിയ നാട്ടിൽ അനാഥമാക്കപ്പെടുന്ന ജീവിതങ്ങളെക്കുറിച്ച് ആരും ഇക്കാലമത്രയും ഒാർക്കാഞ്ഞതെന്തേ എന്ന് ചിന്തിച്ചു.

മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ചായയും ലഘുപലഹാരങ്ങളും വീട്ടുകാർ ഒരുക്കിയിരുന്നു. അതും കഴിഞ്ഞ് യാത്രപറഞ്ഞ് ഇറങ്ങി. മനോരമ ന്യൂസിന് മാത്രമായുള്ളൊരു വാർത്തയാണിത്. കണ്ണൂർ രാഷ്ട്രീയത്തിലെ പ്രശംസനീയമായൊരു ഏട്. മാതൃക.... ന്യൂസ് സ്റ്റോറിയിലേക്ക് ഒരു സ്റ്റാൻഡ് അപ് എടുക്കണമെന്ന് പെട്ടെന്ന് തോന്നി. ക്യാമറാമാനെയും കൂട്ടി ഞാൻ വഴിയിൽ ഇറങ്ങി നിന്നു. എന്തുപറയണമെന്ന് അപ്പോഴും നിശ്ചയമില്ല. നേതാക്കളുടെ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്തു. മനസിൽ ഒന്ന് രണ്ടുവാക്കുകൾ ഉരുണ്ടുകൂടി. എനിക്ക് പറയാനുള്ളത് ഈ നാട്ടുകാർക്ക് പറയാനുള്ളതാകണം എന്നുറപ്പിച്ചു. വാഹനങ്ങൾ തിരിച്ചുപോകുകയാണ്. ക്യാമറാമാൻ റോളിങ് പറഞ്ഞു. മൈക്ക് നെഞ്ചോട് ചേർത്ത് ഞാന്‍‍ ഇങ്ങനെ പറഞ്ഞു

അക്രമരാഷ്ട്രീയം ഇല്ലാതാക്കാൻ കണ്ണൂരിൽ ഒരു പാർട്ടിക്കും കഴിഞ്ഞിട്ടില്ലെങ്കിലും കൊലയാളികളായ പാർട്ടിപ്രവർത്തകരെ തള്ളിപ്പറയാനും ഇരകളുടെ വീടുകൾ സന്ദർശിക്കാനും നേതാക്കൾ തുടങ്ങിയിരിക്കുന്നു. ഇത് കണ്ണൂർ രാഷ്ട്രീയത്തിലെ ഒരു പുതിയ ചലനമാണ്. കണ്ണൂരിൽ നിന്ന് ക്യാമറാമാൻ വി.വി.ജയരാജിനൊപ്പം കെ.സി.ബിപിൻ, മനോരമ ന്യൂസ്

പിന്നെ ഒാടിചെന്ന് വിസ്മയയെ കണ്ടു. അവളോട് രണ്ടുവാക്ക് സംസാരിച്ചു. ''സന്തോഷമുണ്ട്, എല്ലാവരും വന്നല്ലോ, സന്തോഷമുണ്ട്''.... അവൾ അധികമൊന്നും പറഞ്ഞില്ല. പിന്നീടുള്ള തിരക്കെല്ലാം വാർത്ത ഒാൺ എയർ എത്തിക്കാനായിരുന്നു. സമയം 5.25. കണ്ണൂരിൽനിന്ന് കേരളം കാണേണ്ട കാഴ്ചയാണിത്. ആറുമണിയുടെ സന്ധ്യാവാർത്തയിൽ കൊടുക്കാൻ കഴിയണം. കാറിലിരുന്ന് സ്കിപ്റ്റ് എഴുതി. ഈ നേരം ലൈവ് യു വഴി ക്യാമാറാമാൻ ദൃശ്യങ്ങൾ ഡെസ്കിലേക്ക് അയച്ചുതുടങ്ങി. കാറിൽ വച്ചുതന്നെ ഒാഡിയോ എടുത്തു. അതും അയച്ചു. അപ്പോഴേക്കും സമയം 5.40 കഴിഞ്ഞു.

ഒരു വലിയ ദൗത്യം പൂർത്തിയായെന്ന് തോന്നിയപ്പോൾ ഞങ്ങളുടെ സാരഥി കാറിൽ നിന്ന് ഇറങ്ങി മൂന്ന് ഐസ്ക്രീം വാങ്ങട്ടെയെന്ന് ചോദിച്ചു. അതിന് മറുപടി പറയുംമുമ്പ് ദൃശ്യങ്ങളും വാർത്തയും എത്തിയെന്നും ആറുമണി ബുള്ളറ്റിനിൽ പോകുമെന്നും ന്യൂസ് ഡെസ്കിൽ വിളിച്ച് ഞാൻ ഉറപ്പിച്ചു. ഫോൺ കട്ട് ചെയ്ത്, ദീർഘശ്വാസം എടുത്ത് ഡ്രൈവറോട് മറുപടി പറഞ്ഞു. ''രണ്ടെണ്ണം വാങ്ങിയാൽ മതി. ഞാൻ ഇപ്പോൾ നുണഞ്ഞുകൊണ്ടിരിക്കുന്ന വാർത്തയേക്കാൾ മധുരം നിന്റെ ഐസ്ക്രീമിനുണ്ടാവില്ല''.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :