മുള്ളൻ പന്നികളെ ആഹാരമാക്കാൻ സാധാരണ മൃഗങ്ങളൊന്നും തുനിയാറില്ല. എന്നാൽ ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലെ ഒരു പുള്ളിപ്പുലിയാണ് ഈ സാഹസത്തിനു മുതിർന്നത്. തന്നെ ആക്രമിക്കാനൊരുങ്ങിയ പുള്ളിപ്പുലിയെ തുരത്തുന്ന മുള്ളൻ പന്നിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇവിടെയെത്തിയ അലിസൺ ജക്കാ എന്ന വിനോദസഞ്ചാരിയാണ് ഈ അപൂർവ ദൃശ്യങ്ങൾ പകർത്തിയത്.
പാർക്കിനു നടുവിലൂടെ കടന്നുപോകുന്ന റോഡിന്റെ സൈഡിലായി പതുങ്ങിയിരിക്കുന്ന പുള്ളിപ്പുലിയെ ദൃശ്യങ്ങളിൽ കാണാം. റോഡിനടിയിലുള്ള ടണലിലൂടെ ഇറങ്ങിവരുന്ന മുള്ളൻപന്നികളായിരുന്നു പുള്ളിപ്പുലിയുടെ ലക്ഷ്യം. എന്നാൽ ടണലിൽ നിന്നിറങ്ങി മുന്നോട്ടുപോയ രണ്ടു മുള്ളൻ പന്നികളിൽ ഒരെണ്ണം തിരികെയെത്തി പതുങ്ങിയിരുന്ന പുള്ളിപ്പുലിയെ ആക്രമിക്കുന്ന കാഴ്ച ദൃശ്യങ്ങളിൽ വ്യക്തമാണ്.
പള്ളിപ്പുലിയെ ആക്രമിച്ച ശേഷം റോഡിന്റെ മറുവശത്തേക്കോടിയ മുള്ളൻപന്നിയെ പുള്ളിപ്പുലി വീണ്ടും പിന്തുടർന്നു. അവിടെയും മുള്ളൻ പന്നിയെ ടണലിൽ കയറ്റാതിരിക്കാൻ പുള്ളിപ്പുലി പഠിച്ചപണി പതിനെട്ടും പയറ്റി. എങ്കിലും അതിവിദഗ്ദ്ധമായി പുള്ളിപ്പുലിയെ ചെറുത്തു തോൽപ്പിച്ച് മുള്ളൻപന്നി ടണലിനുള്ളിൽ കയറി രക്ഷപെട്ടു.എന്തായാലും പുള്ളിപ്പുലിയെ തുരത്തുന്ന മുള്ളൻ പന്നിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.