ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകൾ; ‘മരണക്കളി’ അപകടമാകുന്നത് എപ്പോൾ?

India Online Game Ban
Indian children play online game PUBG on their mobile phones sitting on stairs outside their house in Hyderabad, India, Friday, April 5, 2019. A boy’s suicide in India after his mother scolded him for playing the popular online game PlayerUnknown’s Battlegrounds has inflamed a debate across the country over whether the game should be banned. (AP Photo/ Mahesh Kumar A.)
SHARE

കൊല്ലം: രണ്ടു മാസം മുൻപ് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത വിദ്യാർഥി ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്ന് അമ്മ വെളിപ്പെടുത്തിയത് ഇന്നലെയാണ്. ഗെയിം കളിക്കാൻ ഫോൺ നൽകാത്തതിനെത്തുടർന്നു കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കുട്ടികൾ പതിനഞ്ചിൽ താഴെ പ്രായമുള്ളവരാണ്.

കോവിഡ് കാലത്ത് സ്കൂളുകളിൽ നിന്നും സാമൂഹികജീവിതത്തിൽ നിന്നും അകന്നു കഴിയുന്ന കുട്ടികൾ കടന്നുപോകുന്നത് കടുത്ത മാനസിക സമ്മർദത്തിലൂടെയാണെന്ന് ചൈൽഡ് സൈക്കോളജിസ്റ്റുകൾ പറയുന്നു. കോവിഡ് കാലത്ത് ജില്ലയിലാകെ 3570 കുട്ടികൾക്കാണ് സ്കൂൾ കൗൺസലർമാർ കൗൺസലിങ് നൽകിയത്. മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികൾ ആയിരത്തിലേറെ. കുട്ടികളുടെ ജീവനെടുക്കുന്ന ആയുധമായി ഓൺലൈൻ  ഗെയിമുകൾ  മാറുമ്പോൾ ഒപ്പം നിൽക്കേണ്ടതുണ്ട് മാതാപിതാക്കളും അധ്യാപകരും.

അപകടമാകുന്നത് എപ്പോൾ?

∙ഭക്ഷണം പോലും ഉപേക്ഷിച്ചു ഗെയിം കളിക്കാൻ തുടങ്ങുക.

∙കളിക്കേണ്ട എന്നു തീരുമാനിച്ചാലും അതിനു സാധിക്കാത്ത അവസ്ഥ.

∙ഗെയിം നിർത്താൻ മറ്റാരെങ്കിലും ആവശ്യപ്പെടുമ്പോൾ ദേഷ്യം തോന്നുക.

∙മുൻപുണ്ടായിരുന്ന ഹോബികളിൽ പോലും മനംമടുപ്പ്.

∙മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ.

∙എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോഴോ കൂട്ടുകാരുമായി വഴക്കിടുമ്പോഴോ മാനസികസമ്മർദം കുറയ്ക്കാൻ ഗെയിം തിരഞ്ഞെടുക്കുക

സഹായം കയ്യകലെ

കോവിഡ് കാലത്ത് മാനസിക സമ്മർദം അനുഭവിക്കുന്ന കുട്ടികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ഒരു ഫോണിനപ്പുറം കൗൺസലർമാരും കുട്ടികൾക്കായി സജീവമായി ഇടപെടുന്നവരുമുണ്ട്.

മാതാപിതാക്കൾ അറിയാൻ

ഫ്രീ ഫയർ പോലുള്ള ഗെയിമുകൾ സൗജന്യമായതിനാലും കളിക്കാൻ എളുപ്പമായതിനാലും ലോ-എൻഡ് സ്മാർട്ട്‌ഫോണുകളിൽ പോലും പൊരുത്തപ്പെടുന്നതിനാലുമാണ് കുട്ടികൾ വേഗം അഡിക്ട് ആകുന്നത്. ഇത്തരം പല ഗെയിമുകളിലും അപരിചിതരുമായി നേരിട്ട് കളിക്കാർക്ക് ചാറ്റ് ചെയ്യാം. പലകോണുകളിൽ നിന്നു ചാറ്റ് ചെയ്യുന്ന അപരിചിതർ ഒരു പക്ഷേ ലൈംഗിക ചൂഷണക്കാരോ ഡേറ്റാ മോഷ്ടാക്കളോ മറ്റു ദുരുദ്ദേശം ഉള്ളവരോ ആകാം.

ഹാക്കർമാർക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്താൻ കഴിയും

∙തുടർച്ചയായ പരസ്യങ്ങളിലൂടെയോ അല്ലെങ്കിൽ കളിക്കാർക്കുള്ള ദൗത്യങ്ങളായി മറച്ചുവച്ചോ ഓൺലൈൻ വാങ്ങലുകൾ നടത്താനുള്ള സമ്മർദം ഇത്തരം ഗെയിമുകളിൽ വളരെ കൂടുതലാണ്

∙അത്യന്തം ഏകാഗ്രത ആവശ്യമുള്ള ഏതൊരു സ്‌ക്രീൻ വർക്കിനെയും പോലെയായതിനാൽ ഫ്രീ ഫയർ പോലുള്ള ഗെയിമുകളുടെ അമിതമായ ഉപയോഗം കാഴ്ച ശക്തിയെ സാരമായി ബാധിക്കുന്നു.

∙മൊബൈൽ ഫോൺ ഉപയോഗത്തിനു പരിധി നിശ്ചയിക്കണം. ഏതൊക്കെ ആപ്ലിക്കേഷനുകൾ കുട്ടികൾക്ക് ഉപയോഗിക്കാനാകുമെന്നും മുൻകൂട്ടി സെറ്റ് ചെയ്യാം.

∙ദിവസവും ഒന്നിച്ചിരുന്ന് സംസാരിക്കാൻ സമയം കണ്ടെത്തുകയും കുട്ടികളെ മറ്റു താൽപര്യമുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും വേണം.

∙സദാസമയവും പഠിക്കാൻ നിർബന്ധിക്കരുത്. പഠനത്തിനും സമയം നിശ്ചയിക്കണം.

∙സ്വഭാവവൈകല്യങ്ങളുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധനെയോ കൗൺസലർമാരെയോ കാണാൻ മടിക്കരുത്. കുട്ടികളെ അടിച്ചു നന്നാക്കാമെന്ന ചിന്ത വേണ്ട.

∙ചൈൽഡ് ലൈൻ – 1098

∙ജില്ലാ ചൈൽഡ് പ്രൊട്ടക്‌‌ഷൻ യൂണിറ്റ് – 04742791597

∙ചിരി ഹെൽപ് ലൈൻ നമ്പർ – 9497900200

MORE IN SPOTLIGHT
SHOW MORE
Loading...
Loading...