‘സർക്കാർ ജോലിക്കാരെ മാത്രം തേടി പോകുന്നവരോടും കൂടിയാണ്..’; തൊഴുത് സഹോദരൻ

vismaya-death-case
SHARE

‘ഗവൺമെന്റ് ജോലിക്കാരെ മാത്രം തേടി പോകുന്ന എല്ലാവരോടുമാണ്.. ഞാൻ ഈ പറയുന്നേ. ദയവായി കേൾക്കണം..’ കണ്ണീരോടെ കൈകൂപ്പി മാധ്യമങ്ങൾക്ക് മുന്നിൽ രാവിലെ വിസ്മയയുടെ സഹോദരൻ പറഞ്ഞ വാക്കുകളാണ്. സർക്കാർ ജോലിയുണ്ടെന്ന് കരുതി, മകളുടെ ജീവിതം സുരക്ഷിതമാകുമല്ലോ എന്ന് കരുതി, അധികം അന്വേഷിക്കാതെ വിവാഹം നടത്തുന്നവരോടുള്ള വാക്കുകളായി വിജിത്തിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിലും ഏറ്റെടുക്കുകയാണ്. 

സഹോദരിയുടെ മരണത്തെ കുറിച്ച് സഹോദരൻ മനോരമ ന്യൂസ് കൗണ്ടർപോയിന്റിൽ പറഞ്ഞത്: ‘ഒരു ദിവസം രാത്രി കാർ വീട്ടിൽ െകാണ്ടുവന്ന ശേഷം എന്റെ പെങ്ങളെ വീടിന്റെ മുന്നിലിട്ട് തല്ലി. ചോദിക്കാൻ ചെന്ന എന്നെയും തല്ലി. അങ്ങനെ അത് പൊലീസ് കേസായി. സ്ഥലത്തെത്തിയ എസ്ഐയെയും തല്ലാൻ പോയി. അദ്ദേഹത്തിന്റെ ഷർട്ട് ഇവൻ വലിച്ചുപൊട്ടിച്ചു. പിന്നെ മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോൾ മദ്യപിച്ചിരുന്നുവെന്ന് വ്യക്തമായി. പിറ്റേന്ന് സ്റ്റേഷനിലെത്തിയപ്പോൾ മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥർ അടക്കം ഇടപെട്ട് വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. പെങ്ങളുടെ ഭാവിയാണ് ഇനി ഇങ്ങനെയൊന്നും ആവർത്തിക്കില്ല എന്ന് എഴുതി തന്നു. അതിൽ ‍ഞാനും ഒപ്പിട്ടു. ആ ഒപ്പിന്റെ വിലയാണ് എന്റെ പെങ്ങളുടെ മൃതദേഹം വീടിന് മുന്നിലെത്തിച്ചത്.

പിന്നെ എന്റെ പെങ്ങൾ രണ്ടുമാസം വീട്ടിൽ തന്നെ നിന്നു. പരീക്ഷയ്ക്ക് പോയി തുടങ്ങിയപ്പോൾ അവൻ ഫോൺ വിളിച്ച് അവളെ വീണ്ടും മയക്കി. കോളജിൽ ചെന്ന അവളെ കൂട്ടിക്കൊണ്ടുപോയി. പിന്നെ അവൾ എന്നെയോ അച്ഛനെയോ വിളിച്ചില്ല. സ്വന്തം ഇഷ്ടപ്രകാരം പോയത് െകാണ്ടാകും അവൾ പിന്നെ ഞങ്ങളെ വിളിക്കാതിരുന്നത്. എന്റേയും അച്ഛന്റേയും ഫോൺ നമ്പർ അവർ ബ്ലോക്ക് ചെയ്തു. ‍ഞാൻ വാങ്ങിക്കൊടുത്ത ഫോൺ എറിഞ്ഞുപൊട്ടിച്ചു. അവൾ പിന്നെ അമ്മയെ മാത്രം വിളിക്കും. അവസാനം വിളിച്ചപ്പോൾ പരീക്ഷയെഴുതാൻ സമ്മതിക്കുന്നില്ലെന്നും ആയിരം രൂപ അയച്ചുതരുമോ എന്നും അവൾ ചോദിച്ചതായി അമ്മ ഇപ്പോഴാണ് പറയുന്നത്.

എത്ര കിട്ടിയാലും പഠിക്കാത്തവരാണ്. ഇനി ആർക്കും ഈ ഗതി വരരുത്. ഇന്ന് രാവിലെ 5 മണിക്കാണ് അവിടെ നിന്ന് വിളിച്ചിട്ട് ആശുപത്രിയിലെത്താൻ പറയുന്നത്. ആശുപത്രി വിളിച്ച് ചോദിച്ചപ്പോൾ പെങ്ങൾ മരിച്ചെന്നും രണ്ട് മണിക്കൂർ ആയെന്നും പറഞ്ഞു. ആ രണ്ട് മണിക്കൂറിൽ എന്ത് സംഭവിച്ചു. അവൾ ആത്മഹത്യ ചെയ്യില്ല. െകാന്നതാണ്. അവൻ. അവനെ പിടികൂടണം. നീതി വേണം.. കേരളം ഒപ്പം വേണം.’ ചങ്ക് പിടഞ്ഞ് വിസ്മമയുടെ സഹോദരൻ മനോരമ ന്യൂസിനോട് പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...