ഗൂഗിളും ഫെയ്സ്ബുക്കുമായി രഹസ്യധാരണ? തട്ടിയെടുത്തത് 8000 കോടി ഡോളർ? ഞെട്ടിക്കും റിപ്പോർട്ട്

google-24
SHARE

പുറമേയ്ക്ക് എതിരാളികളെന്ന് തോന്നിപ്പിക്കുമെങ്കിലും ഗൂഗിളും ഫെയ്സ്ബുക്കും ഉറ്റ ചങ്ങാതിമാരാണെന്നും രഹസ്യധാരണ ഇരു കമ്പനികൾക്കുമിടയിൽ നിലനിൽക്കുന്നുണ്ടെന്നും  ആന്റി ട്രസ്റ്റ് അന്വേഷകരുടെ കണ്ടെത്തൽ. 2018 മുതൽ ഈ രഹസ്യധാരണ നിലവിലുണ്ടെന്നാണ് സംഘം കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഏകദേശം 8000 കോടി ഡോളറിന്റെ പരസ്യവരുമാനം ഇരു കമ്പനികളും മാത്രമായി പങ്കുവച്ചുവെന്നും റിപ്പോർട്ട് പറയുന്നു. ഈ വിവരശേഖരണം സാധാരണ ഉപഭോക്താവ് പോലും അറിയാതെയാണെന്ന് വ്യക്തമാകുമ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസിലാവുകയെന്നും അന്വേഷകർ വിശദമാക്കുന്നു.

ഒരേ താൽപര്യത്തോടെ പ്രവർത്തിക്കുന്ന ഫെയ്സ്ബുക്കും ഗൂഗിളും എതിരാളികളെ ഇല്ലായ്മ ചെയ്യുന്നതിനൊപ്പം ഉപയോക്താക്കളുടെ ഓരോ ഇന്റർനെറ്റ് നീക്കവും ശേഖരിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധയിടങ്ങളിലിരുന്ന് ഉപയോക്താക്കള്‍ ഗൂഗിൾ സേവനങ്ങളായ സെര്‍ച്, യുട്യൂബ്, മാപ്‌സ്, ആന്‍ഡ്രോയിഡ് തുടങ്ങിയവ ഉപയോഗിക്കുമ്പോഴും, ഫെയ്‌സ്ബുക്കിന്റെ പ്രധാന പ്ലാറ്റ്‌ഫോം, പിന്നെ അവരേറ്റെടുത്ത വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ ഉപയോഗിക്കുമ്പോഴും ഉണ്ടാകുന്ന ഡേറ്റ അടക്കം ഇന്റര്‍നെറ്റില്‍ നടത്തുന്ന ഓരോ ചെറിയ നീക്കം പോലും ശേഖരിച്ചുവച്ചാണ് ട്രില്ല്യന്‍ ഡോളര്‍ മൂല്യമുള്ള സമ്രാജ്യം പടുത്തുയര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഇരുവരും അവര്‍ക്കൊപ്പം നില്‍ക്കുന്നവരും അവരുടെ പരസ്യ ദാതാക്കളും ചേര്‍ന്നാണ് സർക്കാരുകള്‍ക്കു പോലും അതീതമായ ഈ സമാന്തര സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. സേവനങ്ങള്‍ ഫ്രീയായി നല്‍കാനായി പരസ്യത്തിലൂടെ വരുമാനം ഉണ്ടാക്കുന്നു എന്നാണ് പരസ്യമായി ഇരു കമ്പനികളും പറയുന്നതെങ്കിലും അത്രയ്ക്ക് നേര്‍വഴിക്കുള്ള ഇടപാടുകളൊന്നുമല്ല നടക്കുന്നത് എന്നാണ് ആരോപണം.

ജെഡി ബ്ലൂ എന്നാണ് ഈ ധാരണയുടെ കോഡ് നാമമെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്തെ പരസ്യവരുമാനത്തിന്റെ പകുതിയിലേറെയും ഈ ധാരണ വഴി ഫെയ്സ്ബുക്കും ഗൂഗിളും സ്വന്തമാക്കി. എന്നാൽ ഇത്തരം രഹസ്യധാരണകളൊന്നും ഇല്ലെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നുമാണ് ഇരു കമ്പനികളും പറയുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...