ദശാവതാരങ്ങളുടെ പുറപ്പാടുമായി 'സ്വധാമഗമനം' ആട്ടക്കഥ; കഥകളിയരങ്ങിന് പുത്തൻ ഉണർവ്

kathakali-19
SHARE

കോവിഡില്‍ നിശ്ചലമായ കഥകളിയരങ്ങിന് ഉണര്‍വേകുകയാണ് പാലക്കാട് കല്ലേക്കുളങ്ങര കഥകളി ഗ്രാമം. കളിയരങ്ങിന് നിറവേഷപ്പകര്‍ച്ചയുള്ള ഒരു പുതിയ ആട്ടക്കഥ സമര്‍പ്പിക്കുകയാണ് കലാമണ്ഡലം ബാലസുബ്രമണ്യനും കൂട്ടരും.

കേളികൊട്ടുയരുകയാണ്. കളിവിളക്കും അണിയറയും ഒരുങ്ങുകയാണ്. ആട്ടവിളക്കിനുമുന്നില്‍ നിദ്രാവിഹീനമാവുകയാണ് കളിപ്രേമികളുടെ രാവുകള്‍. കഥകളിയരങ്ങിന് പുതുമയാണ് ഈ പുറപ്പാട്. സാധാരണയായി ഏതാണോ അവതരണകഥ ആ കഥാനായകന്റെയാണ് പുറപ്പാട്. ഉത്തരാസ്വയംവരമാണെങ്കില്‍ ഉത്തരന്റെ പുറപ്പാട്, ദുര്യോധനവധമെങ്കില്‍ കൃഷ്ണന്റെ പുറപ്പാട്. എന്നാലീ പുറപ്പാട് വ്യത്യസ്തമാണ്. ദശാവതാരങ്ങൾ വേഷവിധാനത്തോടെ എത്തുന്ന സ്വധാമഗമനം എന്ന ആട്ടക്കഥയിൽ ദശാവതാരങ്ങളുടെയാണ് പുറപ്പാട്. ഭാഗവതത്തെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെയുത്തിയ ഈ കഥ കല്ലേക്കുളങ്ങര കഥകളിഗ്രാമത്തിലെ കലാകാരൻമാരാണ് അരങ്ങിൽ എത്തിച്ചത്. പുറപ്പാടിന്റെ അവതരണ ശ്ളോകം ചിട്ടപ്പെടുത്തിയിരിക്കുന്നത് ദേവസാന്നിധ്യമടയാളപ്പെടുത്തുന്ന ഇന്ദളരാഗത്തിലാണ്. തുടർന്നുള്ള കഥയുടെ പദങ്ങൾ ശങ്കരാഭരണത്തിലും ചെമ്പടതാളത്തിലുമാണ്. 

മഹാവിഷ്ണുവിന്റെ സ്വർഗാരോഹണവും,യുധിഷ്ഠിര അർജുനാദികളുടെ നിസ്സഹായാവസ്ഥയും തുടർന്നുള്ള വൈകുണ്ഠ ദർശനവുമാണ് ഇതിവൃത്തം. ശ്രീകൃഷ്ണനായി അരങ്ങിലെത്തിയത് പച്ചവേഷത്തില്‍ അഗ്രഗണ്യനായ കലാമണ്ഡലം ബാലസുബ്രമണ്യനാണ്. ഈ പുതുശ്രമത്തില്‍ അതിന്റെ ചിട്ടക്രമത്തിലും പരിശീലനത്തിലും പുതുതലമുറയെ മുന്നില്‍ നിന്ന് പരിശീലിപ്പിച്ചത് ഇദ്ദേഹമാണ്. അർജുനനായി രംഗത്തെത്തിയത് കലാമണ്ഡലം വെങ്കിട്ടാമനാണ്. ഇദ്ദേഹത്തിന്റെ പരിശീലനക്കളരിയില്‍ സ്ത്രീകളടക്കം ഒരുവർഷക്കാലം ഈ പുതുശ്രമത്തിനായി സാധനയർപ്പിച്ചു. പഴയകാലസമ്പ്രദായപ്രകാരം പുതുതലമുറക്കാരെ വിധിയാംവണ്ണം ചൊല്ലിയാടിച്ചാണ് വെങ്കിടിയാശാന്‍ കുട്ടികളെ അരങ്ങിലെത്തിച്ചത്. ദശാവതാരങ്ങള്‍ അതത് വേഷവിധാനങ്ങളോടെ കളിവിളക്കിനുമുന്നിലെത്തിയത് കാഴ്ചക്കാര്ക്കും പുതുമയാർന്ന കളിയനുഭവമായി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...