ആ കയ്യക്ഷരത്തെ അപഹസിക്കുന്നവരോട്; അതൊരു ഫോൺവിളിയിൽ തീരാവുന്ന പ്രശ്നം; കുറിപ്പ്

viral-prescription
SHARE

സമൂഹമാധ്യമങ്ങളിൽ വൈറലായ മരുന്നു കുറിപ്പടി വിഷയത്തിൽ ഡോക്ടർമാരെ പിന്തുണച്ച് കുറിപ്പ്. ഗൈനക്കോളജിസ്റ്റായ ഡോ.റീനയാണ് അത്തരമൊരു മരുന്നു കുറിപ്പടിക്കു പിന്നിലെ സാഹചര്യം വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയത്.

റീനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

''ഡോക്ടറുടെ കൈയ്യക്ഷരം ആണല്ലോ ചർച്ചാ വിഷയം. . . . 

കൈയ്യഷരത്തിൻ്റെ ചന്തവും വൃത്തിയും പോയിട്ട്, കൈയ്യക്ഷരം തന്നെ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. 

കേരളത്തിലെ  ഒരു കോർപറേറ്റ് ഹോസ്പിറ്റലിലും ഡോക്ടർമാർ സ്വന്തം കൈപ്പടയിലല്ല  മരുന്ന് കുറിപ്പടി കൊടുക്കുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ പോലും ഓഫീസ് ഫയലുകളും ഉത്തരവുകളും കമ്പ്യൂട്ടർ വൽകൃതമായിട്ട് ഏറെ നാൾ കഴിഞ്ഞു. മരുന്നു കുറിപ്പടികളും മറ്റും കമ്പ്യൂട്ടർ വൽകൃതമാക്കാനുള്ള e health നടപടികൾ ആരംഭിച്ചുവെങ്കിലും  കോവിഡ് മഹാമാരി പടർന്നു പിടിച്ച് കാര്യങ്ങൾ അവതാളത്തിലാക്കി എന്നത് എല്ലാവർക്കും അറിവുള്ളതുമാണ്.  കൊല്ലം ജില്ലയിലെ മരുന്നു കുറിപ്പടി വിവാദമായ ആശുപത്രിയിലെ നിലവിലുള്ള സാഹചര്യങ്ങൾ നാം മനസ്സിലാക്കണം.

ജില്ലയിലെ സർക്കാർ മെഡിക്കൽ കോളജും, ജില്ലാ ആശുപത്രിയും പരിപൂർണമായും കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി  മാററിയിരിക്കുന്നതിനാൽ ഈ സ്ഥാപനങ്ങളിൽ കഴിഞ്ഞ ആറേഴു മാസങ്ങളായി സർജറി വിഭാഗത്തിൽ സേവനങ്ങൾ ലഭ്യമല്ല. തന്മൂലം സമീപ  താലൂക്ക് ആശുപത്രികളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. 

1. നൂറിലധികം രോഗികൾ ദിവസേന ജനറൽ സർജറി വിഭാഗത്തിൽ ചികിൽസ തേടുന്ന സ്ഥാപനത്തിലെ ഏക ശസ്ത്രക്രിയാ വിദഗ്ദ്ധൻ ആണ് ആരോപണ വിധേയൻ. Abdomino Perineal Resection ഉൾപ്പെടെയുള്ള അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ചെയ്യുന്ന യുവ ഡോക്ടർ.  

2. ‍OP സമയം തീരുന്ന നിമിഷത്തിൽ(12‌മണി കഴിഞ്ഞ് 59 മിനിറ്റും, 35 സെക്കൻ്റും ) 98ാമതായി എത്തിയ രോഗി . ഏതാണ്ട് രണ്ടു മണിക്കാകും ഡോക്ടർ രോഗിയെ പരിശോധിച്ചിട്ടുണ്ടാവുക. 

3. ശസ്ത്ര ക്രിയക്കായി എത്തുന്ന ഒരു രോഗിയെ പരിശോധിക്കുന്നതിന് ചുരുങ്ങിയത് എത്ര സമയം വേണ്ടി വരും ?  ജനറൽ OP അല്ല. സ്പെഷ്യാലിറ്റി OP ആണെന്ന് ശ്രദ്ധിക്കണം. 

   * മുഴയോ  വേദനയോ എന്താണെന്ന് മനസ്സിലാക്കി,  ഓരോ അവസ്ഥക്കും അനുസൃതമായ പരിശോധനകൾ ചെയ്ത് ശരിയായ രോഗനിർണ്ണയം നടത്തണം. 

  * US scan , CT scan തുടങ്ങിയ പരിശോധനകൾ ചെയ്യിച്ച് ഓപ്പറേഷൻ ആവശ്യമുണ്ടോ , അതോ മരുന്നുകൾ മതിയോ എന്ന് നിർണ്ണയിക്കണം

   * ഓപ്പറേഷൻ ചെയ്യാൻ പറ്റുന്ന ആരോഗ്യ സിഥിതിയിലാണോ രോഗി എന്ന് നിർണ്ണയിക്കാൻ വേണ്ട പരിശോധനകൾ എഴുതി കൊടുക്കണം

  * അനിസ്തീഷ്യ‌ നൽകാൻ ആവശ്യമായ ശാരീരിക ശേഷി ഉണ്ടോ എന്നറിയാനായി ‍ECG, X ray തുടങ്ങിയ ടെസ്റ്റുകൾ എഴുതി കൊടുക്കണം. 

  * ഓപ്പറേഷൻ വേണം എന്നുള്ള രോഗികളെ പ്രി അനസ്തീഷ്യ ചെക്കപ്പിനായി വിടണം. 

  * ഇതിനിടയിൽ ഓപ്പറേഷൻ കഴിഞ്ഞ് വാർഡിൽ കിടക്കുന്ന രോഗികളെ കാണാനായി പോകണം.  

* കിടക്കുന്ന രോഗികളുടെ കേസ് ഷീറ്റ് എഴുതണം. 

ഡിസ്ചാർജ്ജ് കാർഡ് എഴുതണം

മേൽപറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്യാൻ സർജറിയിൽ ബിരുദാനന്തര ബിരുദമുള്ള ഡോക്ടർ തന്നെ വേണം എന്നില്ല. ജൂനിയർ ഡോക്ടർ, സ്റ്റാഫ് നഴ്സ്, പാരാ മെഡിക്കൽ സ്റ്റാഫ് തുടങ്ങി പലർക്കും ചെയ്യാൻ കഴിയുന്നതാണ് ഇവയിൽ മിക്കതും.  കേരളത്തിലെ കോർപറേറ്റ് ആശുപത്രികളിൽ ജോലി ചെയ്യുന്ന ഒരു ജനറൽ സർജന് ഇത്രയും കാര്യങ്ങൾ ചെയ്യാൻ ജൂനിയർ ഡോക്ടർമാരുടെ സഹായം ഉണ്ടാകും.  സ്റ്റാഫ് നഴ്സ് അല്ലെങ്കിൽ പാരമെഡിക്കൽ സ്റ്റാഫ്, ക്ലറിക്കൽ സ്റ്റാഫ് തുടങ്ങിയവർ സഹായിക്കാനും എത്തും. എന്നാൽ പരിമിതമായ സർക്കാർ സംവിധാനങ്ങളിൽ സ്പെഷ്യാലിറ്റി സർവ്വീസ് നൽകുന്ന ഡോക്ടർമാർ നിസ്സഹായരാണ്. മേൽ വിവരിച്ച കാര്യങ്ങളെല്ലാം one man show ആയി അവതരിപ്പിക്കാൻ വിധിക്കപ്പെട്ടവർ ! ! ! ! . 

ആഴ്ചയിൽ രണ്ടു ദിവസം OP യിലും  രണ്ടു ദിവസം ഓപ്പറേഷൻ തീയറ്ററിലും ജോലി ചെയ്യുന്ന സർക്കാർ ആശുപത്രിയിലെ ഒരു ജനറൽ സർജന്, മറ്റ് രണ്ടു ദിവസങ്ങളിൽ വാർഡ് ഡ്യൂട്ടി, കോവിഡ് ഡ്യൂട്ടി, പോസ്റ്റ് മോർട്ടം ഡ്യൂട്ടി, ജയിൽ ഡ്യൂട്ടി തുടങ്ങി മറ്റനേകം ചുമതലകളും ഉണ്ട്. 

ഒന്നാലോചിച്ചു നോക്കൂ. . . . ഒരൊറ്റ വ്യക്തി നൂറിലധികം രോഗികളും അവരുടെ കൂട്ടിരുപ്പുകാരും  തീർക്കുന്ന ജനക്കൂട്ടത്തിനു നടുവിൽ രാവിലെ എട്ടു മണി മുതൽ ഇരുന്ന് മേൽ പറഞ്ഞ ജോലികളെല്ലാം തനിയെ ചെയ്ത് , മരുന്നു കൊണ്ട് കുറക്കാൻ കഴിയുന്ന രോഗങ്ങൾ മനസ്സിലാക്കി അവർക്ക് മരുന്നും , ഓപ്പറേഷൻ വേണ്ടവരെ അതിന് സജ്ജരാക്കി, ഓപ്പറേഷനും ചെയ്ത്, രോഗ ശാന്തിയും സൌഖ്യവും ഉണ്ടാക്കുന്നു. 

ഈ തിരക്കിനിടയിൽ പ്രാഥമിക കാര്യങ്ങൾ പോലും നിർവഹിക്കാൻ എഴുന്നേറ്റു പോകാതെയാവും പലപ്പോഴും ഡോക്ടർമാർ OPൽ ഇരുന്ന് രോഗികളെ നോക്കുക. ഈ പരിമിതമായ സൌകര്യങ്ങളിൽ അവസാന രോഗിയേയും നോക്കി നടുവ് നിവർത്തി കഴിയുമ്പോഴാണ് , ആശുപത്രി ഫാർമസിയിൽ കാണിക്കേണ്ട OP ടിക്കറ്റ്  സമൂഹം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതും  ഡോക്ടർക്കെതിരെ   അവമതിപ്പുണ്ടാക്കുന്ന തരത്തിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതും കാണേണ്ടി വരിക ! ! ! ! ! അപ്പോൾ അവൻ്റെ മേക്കിട്ടു കേറാൻ അക്ഷര വടിവ് എന്നൊരു കച്ചിതുരുമ്പ് കിട്ടിയാൽ അതു പാഴാക്കരുത് മക്കളേ ! ! ! ! ! ഇതെല്ലാം വിശദീകരിച്ചത് മോശം കൈയ്യെഴുത്തിനെ ന്യായീകരിക്കാനല്ല. ആ രീതിയിൽ എഴുതിപ്പോയത് എന്തു കൊണ്ടെന്ന് വായനക്കാർക്ക് മനസ്സിലാകാൻ വേണ്ടിയാണ്. 

രോഗത്തിൻ്റെ പേര്, ആശുപത്രി ഫാർമസിയിൽ ലഭ്യമായ മരുന്നുകൾ, രോഗി ചെയ്യേണ്ട ടെസ്റ്റുകൾ എന്നിവയാണ്   OP ticket ൽ എഴുതിയിരിക്കുന്നത് . ഫാർമസിസ്റ്റിന് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ ഉടനെ തന്നെ വിളിച്ചു ചോദിച്ച് മരുന്നു നൽകാറാണ് പതിവ്. അങ്ങനെ നിർദ്ദേശം നൽകിയിട്ടും ഉണ്ട്. പുറത്തേക്കുള്ള മരുന്ന് കുറിപ്പടിയല്ല നൽകിയത്. ആശുപത്രി ഫാർമസിയിൽ നിന്ന് വാങ്ങേണ്ട മരുന്നുകളാണ് എഴുതിയിരിക്കുന്നത്. 

കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത്, ചുരുങ്ങിയ കാലയളവിൽ അടിസ്ഥാന സൌകര്യങ്ങളിലുണ്ടായ പുരോഗതി ഏവരേയും അതിശയിപ്പിക്കുന്നതാണ്. രോഗികളുടെയും രോഗങ്ങളുടേയും കാര്യത്തിലും അഭൂതപൂർവമായ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ അതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം‌ വർദ്ധിച്ചിട്ടില്ല എന്നത് പരമമായ സത്യം മാത്രമാണ്. തീർച്ചയായും അടുത്ത കാലത്തായി ധാരാളം  തസ്തികകൾ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അത് സർക്കാർ ആശുപത്രികളിലെ  രോഗികളുടെ വർദ്ധനവിനും, ആശുപത്രി സൌകര്യങ്ങളുടെ വർദ്ധനവിനും ആനുപാതികമായി വർദ്ധിച്ചിട്ടില്ല എന്നത് ഒരു യാഥാർഥ്യം മാത്രമാണ്. ആശുപത്രി ഫാർമസിയിൽ കാണിച്ചാൽ, അല്ലെങ്കിൽ ഒരു ഫോൺ വിളിയിൽ ഒഴിവാക്കാമായിരുന്ന പ്രശ്നം  ലോകത്താകമാനമുള്ള മലയാളികളിലേക്ക് എത്തിക്കുകയും  സിസ്റ്റത്തിൽ നിലനിൽകുന്ന അപാകതകൾ മൂലമുണ്ടാകുന്ന  പ്രശ്നങ്ങൾ പർവതീകരിച്ച് ഡോക്ടർമാരുടെ മാത്രം  പിഴവായി   ചിത്രീകരിക്കുകയും ചെയ്യുന്നത്, പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നിന്നു കൊണ്ട് പൊതുജനങ്ങൾക്ക് പരമാവധി സേവനം നൽകുന്ന  സർക്കാർ ഡോക്ടർമാരുടെ  മനോവീര്യം കെടുത്താനേ ഉപകരിക്കൂ. 

പൊതു സമൂഹമേ പൊറുക്കുക, ഞങ്ങൾ നിസ്സഹായരാണ്.. . . . 

കഴിവിൻ്റെ പരമാവധി ശ്രമിക്കുന്നുണ്ട്. . . .  ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നോക്കുന്നുമുണ്ട്. . . 

മാനുഷികമായ കഴിവുകൾക്കുള്ളിൽ നിന്ന്  ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്. അതിമാനുഷികമായ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കരുത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...