നിന്ന നിൽപ്പിൽ ഗൂഗിൾ 'പണിമുടക്കാ'നുണ്ടായ കാരണം ഇതാ; അത്ര നിസാരമല്ലെന്ന് മുന്നറിയിപ്പ്

BOSNIA-GOOGLE/
SHARE

ഒന്നും രണ്ടുമല്ല മുക്കാൽ മണിക്കൂറാണ് നിന്ന നിൽപ്പിൽ ഗൂഗിൾ പണിമുടക്കിയത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ ലോകം കുറച്ച് സമയത്തേക്ക് തരിച്ചിരുന്നു പോയെന്നതാണ് സത്യം. മുൻപെങ്ങുമില്ലാത്ത വിധം സാങ്കേതിക വിദ്യയെ ആശ്രയിച്ച് പോകുന്ന ഈ മഹാമാരിക്കാലത്ത് ഗൂഗിൾ നിലച്ചത് ചില്ലറ പൊല്ലാപ്പല്ല ഉണ്ടാക്കിയത്. ജിമെയിൽ, യൂട്യൂബ്, ഗൂഗിൾ ഡ്രൈവ് തുടങ്ങിയവയാണ് ലഭിക്കാതെയായത്. 

ഉപയോക്താക്കൾ മാത്രമല്ല, ഗൂഗിളും ഞെട്ടിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗൂഗിളിന്റെ അറിവില്ലാതെയായിരുന്നു ഈ പണിമുടക്കെന്നും വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നു. 

ഗൂഗിളിന്റെ ഒതന്റിക്കേഷന്‍ സിസ്റ്റത്തിന് സംഭവിച്ച പ്രശ്‌നം മൂലമാണെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. ഓരോ സേവനത്തിനും അനുവദിച്ചു നല്‍കിയിരുന്ന സ്‌റ്റോറേജിന്റെ വീതംവയ്ക്കലില്‍ ഉണ്ടായ കണ്‍ഫ്യൂഷനാണ് ഇതില്‍ കൊണ്ടുചെന്നെത്തിച്ചത് എന്നാണ് കമ്പനിയുടെ ഔദ്യോഗിക ഭാഷ്യം. ഇതിനായി കമ്പനി ഏര്‍പ്പെടുത്തിയിരുന്ന സജ്ജീകരണങ്ങള്‍ തങ്ങള്‍ പ്രതീക്ഷിച്ചതു പോലെ പ്രവര്‍ത്തിക്കാതെ വന്നതാണ് പ്രശ്‌നം സൃഷ്ടിച്ചത്. സ്‌റ്റോറേജ് പരിധി ഉപയോഗിച്ചു കഴിഞ്ഞപ്പോള്‍ ഓട്ടോമാറ്റിക്കായി സ്വീകരിക്കപ്പെടേണ്ടിയിരുന്ന കാര്യങ്ങള്‍ നടക്കാതെ വന്നുവെന്നാണ് കമ്പനി കണ്ടെത്തിയിരിക്കുന്നത്. അതാണ് തങ്ങളുടെ സിസ്റ്റം തകര്‍ന്നത് എന്നാണ് കമ്പനി പറയുന്നത്. 

ഗൂഗിള്‍ ഒതന്റിക്കേഷന്‍ വേണ്ട മറ്റു കമ്പനികളുടെ അഥവാ തേഡ്പാര്‍ട്ടി സേവനങ്ങളും നിലച്ചു. തങ്ങളുടെ ഗൂഗിള്‍ വ്യക്തിത്വം വേരിഫൈ ചെയ്യാനാകാതെ ഉപയോക്താക്കള്‍ വിഷമിച്ചു നിന്നു. എന്നാല്‍, നേരത്തെ ലോഗ് ഇന്‍ ആയിരുന്നവരെ ഇതു ബാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, ഗൂഗിളിന്റെ ഇടപെടലില്ലാതെ ഈ പ്രശ്‌നം പരിഹരിച്ചവരും ഉണ്ടെന്നതും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. പല ഉപയോക്താക്കളും പറയുന്നത് തങ്ങളുടെ ബ്രൗസറുകളുടെ ഇന്‍-കോഗ്നിറ്റോ മോഡ് ഉപയോഗിച്ചപ്പോള്‍ തങ്ങള്‍ക്ക് യുട്യൂബ് അടക്കമുള്ള സേവനങ്ങള്‍ ഉപയോഗിക്കാനായിയെന്നും പറയപ്പെടുന്നു. ലോകത്തെ ഏറ്റവും കുറ്റമറ്റ സിസ്റ്റങ്ങളില്‍ ഒന്നായാണ് ഗൂഗിളിന്റെ സിസ്റ്റം അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ 'മിന്നൽ പണിമുടക്ക്' അത്ര നിസാരമല്ലെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...